രാഷ്ട്രീയ ചൂടില്‍ തിരൂരങ്ങാടി തിളച്ച് മറിയുന്നു

Posted on: May 12, 2016 8:57 am | Last updated: May 12, 2016 at 8:57 am

voteതിരൂരങ്ങാടി: മണ്ഡലം നിലവില്‍ വന്നത് മുതല്‍ ഇക്കാലമത്രയും മുസ്‌ലിം ലീഗ് വിജയിച്ച് കയറിയിട്ടുള്ള തിരൂരങ്ങാടിയില്‍ ഇതുവരെയില്ലാത്ത വീറും വാശിയുമാണ് ഇത്തവണ പ്രചാരണ രംഗത്ത് പ്രകടമാകുന്നത്.
മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി പി കെ അബ്ദുര്‍റബ്ബും ഇടതുപക്ഷ സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തും തമ്മിലുള്ള പോര് കണ്ടാല്‍ വിജയം ആര്‍ക്കൊപ്പമെന്ന് പറയുക അസാധ്യമാണ്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും സിറ്റിംഗ് എം എല്‍ എയും മുന്‍ ഉപമുഖ്യമന്ത്രി പരേതനായ അവുക്കാദര്‍കുട്ടി നഹയുടെ മകനുമായ അബ്ദുര്‍റബ്ബിനെ തറപറ്റിക്കാന്‍ ഉചിതമായ സ്ഥാനാര്‍ഥിയെ തന്നെയാണ് ഇടതുപക്ഷം കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാരന്‍ എന്നതിന് പുറമെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും അറിയപ്പെട്ട ബിസിനസുകാരനും ആദ്യകാല കോണ്‍ഗ്രസ് കുടുംബാംഗവുമാണ് നിയാസ്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ കാണാത്ത ചൂടും ആവേശവുമാണ് ഇപ്പോള്‍ തിരൂരങ്ങാടി മണ്ഡലം മുഴുവന്‍.
മുസ്‌ലിംലീഗിന്റെ കോട്ടയില്‍ എങ്ങിനെ കടന്ന് കയറുമെന്ന ആശങ്കയായിരുന്നു ആദ്യമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് പാടെ മാറി മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തകരെ തന്നെ കൂടെ കൂട്ടിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. ലീഗ് കോട്ടകളെല്ലാം ഇത്തവണ തകര്‍ന്ന് തരിപ്പണമാകുമെന്നാണ് ഇടത് കേന്ദ്രങ്ങള്‍ കണക്ക് കൂട്ടുന്നത്. യുഡി എഫി ന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഇവിടെ രണ്ട് തവണ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിരുന്നു. 1957ല്‍ അവുക്കാദര്‍കുട്ടി നഹ 952 വോട്ടിനാണ് ഇവിടെ നിന്ന് വിജയിച്ചത്. 1996ല്‍ കെ കുട്ടി അഹമ്മദ്കുട്ടിയും എ വി അബ്ദുഹാജിയും തമ്മില്‍ നടന്ന പോരാട്ടവും ഏറെ വീറും വാശിയും നിറഞ്ഞതായിരുന്നു. ഇടത്പക്ഷ സ്വതന്ത്രനായ അബ്ദു ഹാജി 8032 വോട്ടുകള്‍ക്കാണ് അന്ന് കുട്ടി അഹ്മദ്കുട്ടിയോട് തോറ്റത്. കഴിഞ്ഞ തവണ 30208 വോട്ടുകള്‍ക്കാണ് അബ്ദുര്‍റബ്ബ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി ഐയിലെ അഡ്വ. കെ കെ സമദിനെ തോല്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥിയായ ഇ ടി മുഹമ്മദ് ബശീറിനെ തിരൂരങ്ങാടി മണ്ഡലത്തിലെ ഭൂരിപക്ഷം 23375 വോട്ടുകളായിരുന്നു.
അന്ന് പൊന്നാനി മണ്ഡലത്തിലെ ലീഗിന്റെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ഇടിയുടെ ഭൂരിപക്ഷം വന്‍തോതില്‍ ഇടിഞ്ഞപ്പോഴും തിരൂരങ്ങാടിയാണ് ഇടിയെ രക്ഷപ്പെടുത്തിയത്. ഈ ഒരു ആത്മ വിശ്വാസം ലീഗ് കേന്ദ്രത്തിന് ആശ്വാസമാകുന്നു. എന്നാല്‍ പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന വി അബ്ദുര്‍റഹിമാന്റെ പ്രചാരണ പ്രവര്‍ത്തനം അന്ന് കാര്യമായും തിരൂരങ്ങാടി മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
അത്‌കൊണ്ടാണ് വി അബ്ദുര്‍റഹ്മാന് തിരൂരങ്ങാടി വോട്ട് കുറയാന്‍ കാരണമായതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. തിരൂരങ്ങാടി മണ്ഡലം തങ്ങളുടെ പൊന്നാമ്പുറമാണെന്ന് ലീഗ് കേന്ദ്രങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. തിരൂരങ്ങാടിയിലെ കോട്ടക്ക് വിള്ളലേല്‍പ്പിക്കാന്‍ ഇടത്പക്ഷത്തിന് കഴിയുകയില്ലെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. അതേസമയം ലീഗിന് കടുത്ത വെല്ലുവിളിയായി തന്നെയാണ് ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ അരങ്ങേറ്റം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എം എല്‍ എയുമായ പി കെ അബ്ദുര്‍റബ്ബിന്റെ നാടായ പരപ്പനങ്ങാടി നഗരസഭയില്‍ 42 സീറ്റിലെ 18 എണ്ണവും നിയാസ് പുളിക്കലകത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണിയാണ് തൂത്തുവാരിയത്. അബ്ദുര്‍റബ്ബിന്റെ ഡിവിഷനില്‍ പോലും വന്‍ ഭൂരിപക്ഷത്തിന്റെ തോല്‍വിയാണ് ലീഗ് സ്ഥാനാര്‍ഥിക്കുണ്ടായത്. പരപ്പനങ്ങാടിയില്‍ 42ല്‍ 18സീറ്റ് ജനകീയ വികസന മുന്നണിയും 20 സീറ്റ് യു ഡി എഫും നാല് സീറ്റ് ബി ജെ പിയും നേടുകയായിരുന്നു. നഗരസഭാ ഭരണം തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് കണ്ടപ്പോള്‍ ചില രാഷ്ട്രീയ നാടകങ്ങളിലൂടെ ബി ജെ പിയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ത്രികോണ മത്സരത്തില്‍ മുസ്‌ലിംലീഗ് ഭരണത്തിലേറുകയുമാണുണ്ടായത്.
ഇക്കാലമത്രയും യു ഡി എഫ് മാത്രം വിജയിച്ചിട്ടുള്ള ഇവിടെ ഇതുവരേയും ചര്‍ച്ചക്ക് വന്നിട്ടില്ലാത്ത വികസന മുരടിപ്പുകള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ എണ്ണി നിരത്തിയാണ് നിയാസ് പുളിക്കലകത്തിന്റെ തേരോട്ടം. ഈ മണ്ഡലത്തിലെ തിരൂരങ്ങാടിയില്‍ മാത്രമാണ് പേരിനെങ്കിലും യു ഡി എഫ് ഉള്ളത്. അത് തന്നെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട വൈസ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ലീഗും തമ്മില്‍ ഭിന്നത നിലനില്‍ക്കുകയാണ്.
പരപ്പനങ്ങാടിയില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ ഒരു വിഭാഗം കോണ്‍ഗ്രസ് മാത്രമാണ് ലീഗിനൊപ്പം ഉണ്ടായിരുന്നത്. ഇതുവരേയും പ്രതിപക്ഷം ഇല്ലാതിരുന്ന തെന്നലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും വെവ്വേറെ മത്സരിച്ചപ്പോള്‍ 17സീറ്റില്‍ 10 സീറ്റ് മാത്രമാണ് ലീഗിന് നേടാനായത്. ഇപ്പോള്‍ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവുമായ അശ്‌റഫ് തെന്നലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയുണ്ടായി. നന്നമ്പ്ര പെരുമണ്ണ-ക്ലാരി എടരിക്കോട് എന്നീ പഞ്ചായത്തുകളിലും ലീഗ് തനിച്ചാണ് ഭരിക്കുന്നത്. ഇടതുപക്ഷ വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകളും ലീഗില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള നല്ലൊരു വിഭാഗം വോട്ടും തനിക്ക് അനുകൂലമാകുമെന്നാണ് നിയാസ് വിശ്വസിക്കുന്നത്. അബ്ദുര്‍റബ്ബിനെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ ലീഗിലും കോണ്‍ഗ്രസിലും അതൃപ്തിയുള്ളവരുടേയും ലീഗിന്റെ പ്രമാണിത്തരത്തില്‍ എതിര്‍പ്പുള്ള കോണ്‍ഗ്രസുകാരുടേയും വോട്ടുകളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ഇതുവരേയും ഇടത്പക്ഷത്തിന് ലഭിച്ചിട്ടില്ലാത്ത നല്ലൊരു ശതമാനം വോട്ടുകളിലും ഇവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. പക്ഷെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ ഉണ്ടാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം അബ്ദുര്‍റബ്ബിന് വോട്ടുകളാക്കി മാറ്റാമെന്ന് മുസ്‌ലിംലീഗ് ഉറച്ച് വിശ്വസിക്കുന്നു.
ഇടത് വലത് സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പം എന്ന നിലക്കാണ് പ്രചരണം രംഗങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥി ഗീതാമാധവനും പി ഡി പി സ്ഥാനാര്‍ഥി മാളിയാട്ട് റസാഖ് ഹാജിയും എസ് ഡി പി ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മിനു മുംതാസും ഏതാനും സ്വതന്ത്രരും മത്സര രംഗത്തുണ്ട്.