കോള്‍ മുറിഞ്ഞാല്‍ നഷ്ടപരിഹാരം വേണ്ട: സുപ്രീംകോടതി

Posted on: May 12, 2016 6:00 am | Last updated: May 11, 2016 at 11:31 pm

ന്യൂഡല്‍ഹി:സംസാരിക്കുന്നതിനിടെ കോള്‍ മുറിഞ്ഞാല്‍ മൊബൈല്‍ സേവന ദാതാക്കാള്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ് , റോഹിന്‍ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചാണ് ട്രായുടെ നിര്‍ദേശം തള്ളിയത്. കോള്‍ മുറിഞ്ഞാല്‍ ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായും നഷ്ടപരിഹരം നല്‍കിയിരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 16ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ട്രായ് തീരുമാനം ഏകപക്ഷീയവും നീതീകരിക്കാനാകാത്തതുമാണെന്ന് നിരീക്ഷിച്ച കോടതി, ടെലികോം കമ്പനികള്‍ക്കെതിരായ നടപടിക്ക് പാര്‍ലിമെന്റ് ചട്ടം ഉണ്ടാക്കണമെന്നും നിര്‍ദേശിച്ചു. ഒരോ ദിവസവും തടസ്സപ്പെടുന്ന ആദ്യ മൂന്ന് കോളുകള്‍ക്ക് ഒരു രൂപ വീതം ഉപഭോക്താവിന് നല്‍കണമെന്നും ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ ദിവസം മൂന്ന് രൂപ വച്ച് പിഴയും അടക്കണമെന്നായിരുന്നു ട്രായുടെ നിര്‍ദേശം. ട്രായുടെ ഈ നിര്‍ദേശം കഴിഞ്ഞ ഫെബ്രുവരി 29ന് ഡല്‍ഹി ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെ സെല്ലുലാര്‍ സേവനദാതാക്കളുടെ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി ഒന്ന് മുതല്‍ നടപ്പില്‍ വന്ന ട്രായുടെ വിജ്ഞാപനം യുക്തിരഹിതവും, ഏകപക്ഷീയവും, സുതാര്യത ഇല്ലാത്തതും ആണെന്ന് കോടതി നിരീക്ഷിച്ചു. ലൈസന്‍സ് വ്യവസ്ഥകള്‍ പ്രകാരം കോള്‍ മുറിയല്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ ആയാല്‍ മാത്രമേ ടെലികോം കമ്പനികളില്‍ നിന്നും പിഴയീടാക്കാനാവൂ. കമ്പനികള്‍ ആരും തന്നെ ഈ പരിധി ലംഘിച്ചിട്ടില്ലെന്നും സേവനദാതാക്കള്‍ കോടതിയില്‍ വാദിച്ചു. വിഷയത്തില്‍ ട്രായ് എടുത്ത തീരുമാനം ഉപഭോക്താക്കളൂടെ ഭാഗത്ത് നിന്ന് മാത്രം ചിന്തിക്കുന്ന തരത്തില്‍ ഉള്ളതാണെന്നും കോള്‍ മുറിയലുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങള്‍ കൂടി പരിഗണനക്ക് എടുക്കണമെന്നും സേവനദാതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോള്‍ മുറിയലിനെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ നിര്‍ദേശമാണ് ഇതെന്നും വലിയ വരുമാനം ഉണ്ടാക്കുന്ന സേവനദാതാക്കള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തണമെന്നും ട്രായ് കോടതിയില്‍ പറഞ്ഞു. അതേസമയം ട്രായുടെ നിര്‍ദേശം നടപ്പിലാക്കിയാല്‍ ടെലികോം കമ്പനികള്‍ക്ക് പ്രതിവര്‍ഷം 54,000 കോടി രൂപയുടെ അധിക ചെലവ് വരുമെന്ന് സേവനദാതാക്കള്‍ കോടതിയെ അറിയിച്ചു. കോള്‍ മുറിയുന്നതുമായി ബന്ധപ്പെട്ട് യു എസ് മാതൃകയില്‍ നിയമം കൊണ്ടുവരാനും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകളില്‍ ഉപഭോക്താക്കള്‍ കോള്‍ വിളിച്ചു സംസാരം ആരംഭിച്ചു കഴിഞ്ഞാല്‍ അത് ഉപഭോക്താക്കള്‍ തന്നെ അവസാനിപ്പിക്കുന്നതിനു മുന്‍പേ കട്ടായി പോകുന്നതിനെയാണു കോള്‍ ഡ്രോപ് ആയി കണക്കാക്കുക.