മതേതരത്വവും മത സംഘടനകളും

മതേതര പാര്‍ട്ടികള്‍ വര്‍ഗീയ കക്ഷികളെ ഒരു തരം ഉള്‍ഭയത്തോടെയാണ് കാണുന്നതെന്നു തോന്നുന്നു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ജെ ജെ ആക്ട് അറിഞ്ഞപ്പോള്‍ തന്നെ തികച്ചും അപ്രായോഗികമായ വ്യവസ്ഥകള്‍ നടപ്പാക്കി അനാഥാലയങ്ങള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം സൃഷ്ടിക്കാന്‍ വകുപ്പ് മന്ത്രിയും സംസ്ഥാന സര്‍ക്കാറും മുന്നോട്ട് വന്നതും അറബിക് യൂനിവേഴ്‌സിറ്റി പദ്ധതി വെളിച്ചം കാണാത്തതും ഇതിന് തെളിവാണ്. ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത വ്യവസ്ഥകള്‍ തിരുത്താന്‍ തയ്യാറാകാത്തതും രേഖകളില്‍ പോരായ്മയുണ്ടെന്ന് പറഞ്ഞ് അറിവും അഭയവും തേടിയെത്തിയ കുട്ടികളെ ഉത്തരേന്ത്യന്‍ ദുരിതങ്ങളിലേക്ക് തന്നെ ആട്ടിവിടാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചതു മൊക്കെ ഈ ഭയത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. വര്‍ഗീയ ശക്തികളുമായി ഒളിസൗഹൃദങ്ങള്‍ സ്ഥാപിച്ച ചരിത്രവും കേരളത്തിലുണ്ട്. താത്കാലിക വിജയത്തിനു വേണ്ടി ആദര്‍ശം പണയപ്പെടുത്തുന്ന ഇത്തരം അവിശുദ്ധ ബന്ധങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും പരസ്യമായ ഒരു രഹസ്യമാണ്.
Posted on: May 12, 2016 6:00 am | Last updated: May 11, 2016 at 11:06 pm

ഒരു മതവിഭാഗത്തിനും പ്രത്യേക കോയ്മ ഇല്ലാത്ത, മതവിരുദ്ധമോ മതരഹിതമോ അല്ലാത്ത മതേതര സംവിധാനം- ഇതായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ശില്‍പ്പികള്‍ ഇന്ത്യാ രാജ്യത്തിന് വേണ്ടി തിരഞ്ഞെടുത്ത സെക്കുലറിസം. വ്യക്തികള്‍ക്കും ഭരണം കൈയാളുന്നവര്‍ക്കും ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് പ്രബോധനം ചെയ്യാനും അവസരമുണ്ട്. അത്തരം കാര്യങ്ങളില്‍ ഭരണം ഇടപെടില്ല.
ലോകത്തുള്ള മിക്ക മതങ്ങളുടെയും സാന്നിധ്യമുള്ള നൂറു കണക്കിന് ഭാഷകളും സംസ്‌കാരങ്ങളും അചാരങ്ങളുമുള്ള അതിലേറെ ജാതികളും ഉപജാതികളുമുള്ള ബഹുസ്വര രാജ്യത്തിന് ഇത് തന്നെയാണ് ഏറ്റവും നല്ല ഭരണ സംവിധാനമെന്ന് ബുദ്ധി ജീവികള്‍ വിലയിരുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ മതേതരത്വം ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് വര്‍ഗീയ വാദികളില്‍ നിന്നാണ്. ആര്‍ എസ് എസ് നേതാവ് ഗോള്‍വാള്‍ക്കറും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദിയും നേതൃത്വം കൊടുത്ത ഈ ചേരിയെ ചെറുത്തുനില്‍ക്കാന്‍ രണ്ട് മതവിഭാഗങ്ങളും ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. മൗദൂദി ഇസ്‌ലാമിക വിശ്വാസത്തിന് എതിരായ ഒരു സംവിധാനമായിട്ടാണ് മതേതരത്വത്തെ പരിചയപ്പെടുത്തിയത്. ഇസ്‌ലാമിക ഭരണം നിലവില്‍ വരാത്ത കാലത്തോളം ഒരാള്‍ക്ക് മുസ്‌ലിമായി ജീവിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. മൗദൂദി എഴുതി: ”മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും (വിശ്വാസം) കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനിനെ പുറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങള്‍ അതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്ക് വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കടും വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹ കൊടി ഉയര്‍ത്തലായിരിക്കും…. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്‌കരിച്ച ഇസ്‌ലാമാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍ നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൗതിക സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവിക വിശ്വാസത്തിലധിഷ്ഠിതമായ അമാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മതകര്‍മമാകുന്നു.”(ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം-1971, പേജ് 32)
സ്വതന്ത്രാനന്തര ഇന്ത്യയിലും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അപകടകരമായ ഈ ആശയം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയില്‍ അംഗത്വമെടുക്കുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ എഴുതിയ കൂട്ടത്തില്‍ ആറാമത്തെതായി ഇങ്ങനെ രേഖപ്പെടുത്തി: ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയില്‍ താന്‍ വല്ല കുഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മാണ സഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപ സ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആകണമെങ്കില്‍ ആ സ്ഥാനം കൈയൊഴിയുക (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന പേജ്15- 16)
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന മര്‍ഹും എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവര്‍ മുസ്‌ലിം സമുദായത്തെ അപകടകരമാം വിധം ബാധിക്കുന്ന ഈ വാദത്തിനെതിരെ ശക്തമായി തൂലികാ സമരം നടത്തി. സുന്നീ പണ്ഡിതന്മാര്‍ ഇതിന്റെ മതവിരുദ്ധത തുറന്നുകാട്ടി സമുദായത്തെ ബോധവത്കരിച്ചു. ഒറ്റപ്പെട്ട ജമാഅത്തെ ഇസ്‌ലാമി പതിയെ നിറം മാറാന്‍ തുടങ്ങി. ആദ്യം കുറേ ആളുകള്‍ വോട്ട് ചെയ്ത് നരകത്തില്‍ പോയി. വോട്ട് ചെയ്യാത്ത ചിലര്‍ സ്വര്‍ഗത്തിലും. പിന്നെ മൂല്യം നോക്കി വോട്ട് കുത്തി. ഇപ്പോഴിതാ കാക്കത്തൊള്ളായിരം പാര്‍ട്ടികളിലേക്ക് ഒരു പാര്‍ട്ടി കൂടി ‘വെല്‍ഫെയര്‍ പാര്‍ട്ടി’. എല്ലാ നിലപാടുകളും വിഴുങ്ങി മതേതരത്വത്തിന്റെ സംരക്ഷണത്തിന് വേണ്ടി സോളിഡാരിറ്റി വനിതകള്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറി എഴുതുന്നു.
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നതാണ് ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാരണം, ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെ കാഴ്ചപ്പാടില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്.”നമ്മുടെ നാടായ ഭാരതത്തില്‍ രാഷ്ട്രീയ ജീവിതം ഹിന്ദു ജനതയുടേതാണെന്ന് നാം പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇത് ഹിന്ദു രാഷ്ട്രമാണ്. (വിചാരധാര-1981, പേജ് 172)
രാഷ്ട്ര സങ്കല്‍പ്പത്തെക്കുറിച്ച് ഇവര്‍ ആവിഷ്‌കരിച്ച സിദ്ധാന്തങ്ങള്‍ അംഗീകരിക്കാത്തവരൊക്കെ ദേശീയ വിരുദ്ധരാണ്. മതവിശ്വാസത്തിന്റെ ഭാഗമായി ഇന്ത്യക്ക് പുറത്തുള്ളവരെ ആദരിക്കുന്നതും സ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദരവ് കല്‍പ്പിക്കുന്നതു പോലും ദേശവിരുദ്ധമാണെന്ന് സിദ്ധാന്തിക്കുന്നു. വിചാരധാര എഴുതുന്നു: ഇത് ഹിന്ദു രാഷ്ട്രമാണെന്ന് നാം പറയുമ്പോള്‍ ഉടനെ ഇവിടെ താമസിക്കുന്ന മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും കാര്യമെന്താണ്? അവരും ഇവിടെ ജന്മമെടുത്ത് വളര്‍ന്നവരല്ലേ? അവരുടെ വിലാസം മാറ്റിയതുകൊണ്ട് മാത്രം അവരെങ്ങനെ പരദേശികളായിത്തീരും എന്നൊക്കെയുള്ള ചോദ്യവുമായി വരുന്ന ചിലരുണ്ട്. ആ തോന്നലും സ്മരണയുമൊക്കെ അവര്‍ തന്നെ പുലര്‍ത്തേണ്ടതുണ്ട്. മതവിശ്വാസത്തില്‍ മാറ്റം വരുത്തുന്നതോടൊപ്പം രാഷ്ട്രത്തോടുള്ള അവരുടെ സ്‌നേഹവും ഭക്തിഭാവവും വേറിട്ടുപോകുന്നു. അവിടെയും അതവസാനിക്കുന്നില്ല. നാടിന്റെ ശത്രുക്കളോട് താദാത്മ്യം പ്രാപിക്കുന്ന ഒരു വികാരം അവര്‍ വളര്‍ത്തിക്കൊണ്ടുവരിക കൂടി ചെയ്യുന്നു. ‘ശൈഖുക’കളെന്നും ‘സയ്യിദുക’ളെന്നും സ്വയം വിളിക്കുന്നു. ശൈഖുകളും സയ്യിദുകളും അറേബ്യയിലെ ചില ഗോത്രങ്ങളാണ്. അവരുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഇവര്‍ക്ക് തോന്നുവാന്‍ കാരണമെന്താണ്? അവര്‍ ഈ നാടുമായുള്ള അവരുടെ ദേശീയ പൈതൃക ബന്ധങ്ങള്‍ മുറിച്ചുകളഞ്ഞ് അക്രമികളായി വന്നവരോട് മാനസികമായി ചേര്‍ന്നു കഴിഞ്ഞതാണിതിനു കാരണം”(വിചാര ധാര പേജ് 174)
വിഷലിപ്തമായ ഈ സിദ്ധാന്തത്തെ ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കളും അപകടകരമാണെന്ന് കരുതുകയും അതിനെ തള്ളിക്കളയുകയുമാണ് ഉണ്ടായത്. മതേതരത്വ ചേരിയുടെ അധികാരമോഹവും അഴിമതിയും കെടുകാര്യസ്ഥതയുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘം പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്ത്യന്‍ ഭരണം കൈയാളാന്‍ അവസരം ലഭ്യമാക്കിയത്. ഈ സമയത്തും 35 ശതമാനത്തില്‍ താഴെ വോട്ട് മാത്രമേ എന്‍ ഡി എ മുന്നണിക്ക് ലഭിച്ചിട്ടുള്ളൂ എന്നത് മതേതരത്വ കാഴ്ചപ്പാടുള്ളവരെ ചിന്തിപ്പിക്കേണ്ട വിഷയമാണ്.
മതേതരവിരുദ്ധരെ നിലം തൊടീക്കാന്‍ കേരള ജനത ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുക്കം ഗ്രാമപഞ്ചായത്തില്‍ ഇരു മുന്നണിയും ഒപ്പത്തിനൊപ്പമായപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അംഗം പിന്തുണയുമായി സമീപിച്ചെങ്കിലും ഇരു മുന്നണികളും അത് നിരസിക്കുകയാണുണ്ടായത്. ഇതൊരു ഉദാഹരണം മാത്രം.
എന്നാല്‍, ഇതു വിരുദ്ധമായി വര്‍ഗീയ ശക്തികളുമായി ഒളിസൗഹൃദങ്ങള്‍ സ്ഥാപിച്ച ചരിത്രവും കേരളത്തിലുണ്ടായിട്ടുണ്ട്. ചില നേതാക്കളുടെ തോല്‍വിപ്പേടിയില്‍ നിന്നാണ് ഈ അവിശുദ്ധ കൂട്ടുകെട്ടുകള്‍ പിറക്കുന്നത്. താല്‍ക്കാലിക വിജയത്തിനു വേണ്ടി ആദര്‍ശം പണയപ്പെടുത്തുന്ന ഇത്തരം അവിശുദ്ധ ബന്ധങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും പരസ്യമായ ഒരു രഹസ്യമാണ്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട് രണ്ടില്‍ നിന്നുമൊക്കെ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. മതേതര പാര്‍ട്ടികള്‍ വര്‍ഗീയ കക്ഷികളെ ഒരു തരം ഉള്‍ഭയത്തോടെയാണ് കാണുന്നത് എന്നു തോന്നുന്നു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ജെ ജെ ആക്ട് അറിഞ്ഞപ്പോള്‍ തന്നെ തികച്ചും അപ്രായോഗികമായ വ്യവസ്ഥകള്‍ നടപ്പാക്കി അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം സൃഷ്ടിക്കാന്‍ വകുപ്പ് മന്ത്രിയും സംസ്ഥാന സര്‍ക്കാറും മുന്നോട്ട് വന്നതും അറബിക് യൂനിവേഴ്‌സിറ്റി എന്ന പദ്ധതി വെളിച്ചം കാണാത്തതും ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത വ്യവസ്ഥകള്‍ തിരുത്താന്‍ തയ്യാറാകാത്തതുമൊക്കെ ഈ ഭയത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. രേഖകളില്‍ പോരായ്മയുണ്ടെന്ന് പറഞ്ഞ് അറിവും അഭയവും തേടിയെത്തിയ കുട്ടികളെ ഉത്തരേന്ത്യന്‍ ദുരിതങ്ങളിലേക്ക് ആട്ടിവിടാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചതും ഇതുകൊണ്ടാകണം.
മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അതിന്റെ പേരിലെ മുസ്‌ലിം എന്നത് ഒരു ഭാരമായി മാറാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. കാരണം, വര്‍ഗീയ കക്ഷികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട എന്തെങ്കിലും നല്‍കുമ്പോള്‍ പോലും ഈ ‘മുസ്‌ലിം’ ഉയര്‍ത്തിക്കാട്ടി ലീഗിനെ വര്‍ഗീയ മുദ്ര കുത്താനാണ് ശ്രമിക്കുന്നത്. അതൊഴിവാക്കാന്‍ പരമാവധി ‘ഒതുങ്ങുക’ എന്ന നിലപാടിലേക്ക് ലീഗ് മാറുമ്പോള്‍ ആ പഴുത് ഉപയോഗിച്ച് ഇടം പിടിക്കാന്‍ കാത്തിരിക്കുന്നവര്‍ ഇവിടെ വേറെയുണ്ടെന്ന് ഓര്‍ക്കുക.
മതേതരത്വ സംരക്ഷണത്തിനു പകരം മുന്നണികളെല്ലാം നിലനില്‍പ്പിനു വേണ്ടിയാണ് പോരാടുന്നത് എന്നാണ് മനസ്സിലാകുന്നത്. ബി ജെ പി കൂടുതല്‍ വോട്ടുകള്‍ പിടിച്ചാല്‍ അത് യു ഡി എഫിനാണ് ഫലം ചെയ്യുക എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അപകടകരമായ ഒരത്യാഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. മതനിരപേക്ഷതക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല തത്കാലം ജയിച്ചു കയറിയാല്‍ മാത്രം മതിയെന്ന നിലവാരത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ ആദര്‍ശബോധം തരം താഴ്ന്നാല്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ ഭാവി ആശങ്കാ ജനകമാകും. മത സംഘടനകള്‍ രാഷ്ട്രീയ പക്ഷം ചേരുന്നതും മതേതരത്വത്തിന് ഗുണം ചെയ്യില്ല. ഭൗതിക രാഷ്ട്രീയത്തിന്റെ ചാപല്യങ്ങള്‍ മതസംഘടനകളിലേക്ക് പടരാനും ഇത് കാരണമാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1926ല്‍ സ്ഥാപിതമായ ഘട്ടം മുതല്‍ സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നിലപാട് ഈ ആശയത്തില്‍ ഊന്നിയുള്ളതാണ്.
ജനാധിപത്യവും മതേതരത്വവുമാണ് ഇന്ത്യന്‍ രാഷ്ട്രീയാദര്‍ശത്തിന്റെ അന്തഃസത്ത. അതംഗീകരിക്കുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും, അതേസമയം തന്നെ ഒരു കക്ഷിരാഷ്ട്രീയത്തിന്റെയും ഭാഗമാകാതെ തന്നെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകാനുമുള്ള സ്വാതന്ത്ര്യം സമസ്ത അതിന്റെ അനുയായികള്‍ക്ക് നല്‍കുന്നു. മതകാര്യത്തില്‍ സുന്നീ ആദര്‍ശധാരയില്‍ അടിയുറച്ചു നിന്നുകൊണ്ട് ഏത് രാഷ്ട്രീയ കക്ഷിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍, ഒരു മത സംഘടന എന്ന നിലക്ക് സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ ഏതെങ്കിലുമൊരു പാര്‍ട്ടിയോട് പ്രത്യേക വിരോധമോ വിധേയത്വമോ ഇല്ല.
1989ന് ശേഷം ഈ നിലപാടിന് വിരുദ്ധമായി ഒരു വിഭാഗം രംഗത്ത് വരികയും ബാഹ്യ സ്വാധീനത്താല്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്നില്‍ സമസ്തയെ കൂട്ടിക്കെട്ടാന്‍ ശ്രമമാരംഭിക്കുകയും ചെയ്തതാണ് സമസ്തയിലെ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥ കാരണമെന്നത് ശ്രദ്ധേയമാണ്. ആ പാര്‍ട്ടി ആ വിഭാഗത്തെ ഏറ്റെടുക്കുകയും പാരമ്പര്യ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനിന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നത് ചരിത്ര വസ്തുതയാണ്.
സമസ്തയെ പോലുള്ള ഒരു മതനേതൃത്വം അനുയായികളെല്ലാം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ അപ്പുറത്തും മതസംഘടനകള്‍ ഉണ്ട്. അവരും അണികളെ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്നില്‍ അണി നിരത്തുമ്പോള്‍ സംഭവിക്കുന്നത് വര്‍ഗീയ ധ്രുവീകരണമായിരിക്കും. ഒപ്പം മതേതരത്വത്തിന്റെ തകര്‍ച്ചയും. അല്ലെങ്കിലും പ്രായോഗികമായി ചിന്തിച്ചാല്‍, ഏതെങ്കിലും ഒരു മതവിഭാഗം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒന്നിച്ചണിനിരക്കുന്നതു കൊണ്ട് കേരളീയ സാഹചര്യത്തില്‍ കൂടുതല്‍ നേട്ടങ്ങളല്ല കിട്ടുന്നത്; നഷ്ടങ്ങളാണ്.
കേരളത്തില്‍ ജനസംഖ്യയുടെ ഇരുപത് ശതമാനത്തില്‍ താഴെ വരുന്ന ക്രൈസ്തവര്‍ക്ക് ഏത് തിരഞ്ഞെടുപ്പിലും മന്ത്രിസഭാ രൂപവത്കരണത്തിലും മികച്ച പ്രാതിനിധ്യം ലഭിക്കുന്നതിന്റെ കാരണം എല്ലാ മുന്നണികളിലും പാര്‍ട്ടികളിലും അവര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും നേതൃസ്ഥാനം കൈയാളുകയും ചെയ്യുന്നതു കൊണ്ടാണ്. എന്നാല്‍, 27 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് മതിയായ പ്രാതിനിധ്യം എപ്പോഴെങ്കിലും ലഭിക്കാറുണ്ടോ? എല്ലാം മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നു എന്ന ആരോപണം മാത്രം മിച്ചം ലഭിക്കുന്നു.
ചുരുക്കത്തില്‍ മതേതരത്വം കനത്ത വെല്ലുവിളി നേരിടുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാഗ്രതയോടെ വേണം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍. ഇന്ന് നാമനുഭവിക്കുന്ന മതസ്വാതന്ത്ര്യം നിലനിന്നു കാണാനാഗ്രഹിക്കുന്ന എല്ലാ മതസ്തരും മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ ഒന്നിക്കണം.