അവശതയുള്ളവര്‍ക്ക് ബൂത്തില്‍ പ്രത്യേക സൗകര്യം

Posted on: May 12, 2016 5:23 am | Last updated: May 11, 2016 at 9:23 pm

കാസര്‍കോട്: അന്ധതയോ മറ്റ് ശാരീരിക അവശതകളോ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.
ഇലട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനും പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്തുന്നതിനും സാധിക്കാത്തവര്‍ക്ക് 18 ല്‍ കുറയാത്ത പ്രായമുള്ള രക്തബന്ധമുള്ള വ്യക്തിയെ വോട്ട് രേഖപ്പെടുത്താന്‍ കൂടെ കൊണ്ടുപോകാം.
സഹായിയായി പോകുന്നയാള്‍ മറ്റൊരു സമ്മതിദായകന്റെ സഹായിയായി ഒരു പോളിംഗ് സ്റ്റേഷനിലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും സമ്മതിദായകനുവേണ്ടി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ച് കൊള്ളാമെന്നും രേഖാമൂലം ഉറപ്പ് നല്‍കണം.
സ്ഥാനാര്‍ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനൊ ഏതെങ്കിലും ഒരു സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിക്കാം. എന്നാല്‍ പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ സമ്മതിദായകന്റെ സഹായിയാവാന്‍ പാടില്ല.
ശാരീരിക അവശത ഉള്ളവരെ ക്യുവില്‍ നിര്‍ത്താതെ പ്രത്യേകമായി പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു. അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി വീല്‍ചെയറും റാമ്പ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.