ഷീന ബോറയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തല്‍

Posted on: May 11, 2016 4:22 pm | Last updated: May 12, 2016 at 9:28 am

sheena-bora_650x488_81440579273മുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ വെളിപ്പെടുത്തല്‍. പ്രത്യേക സിബിഐ കോടതിയിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലപാതകത്തില്‍ തന്റെ പങ്കിനെക്കുറിച്ചും ഇയാള്‍ കോടതിയോട് വ്യക്തമാക്കി.

സത്യം വെളിപ്പെടുത്താന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ചെയ്ത പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതായും ശ്യാംവര്‍ കോടതിയോട് പറഞ്ഞു. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞാഴ്ച്ച രണ്ടുപേജുള്ള കത്ത് ശ്യാംവര്‍ റായ് കോടതിക്ക് എഴുതിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

2012 ഏപ്രില്‍ 24നാണ് ഷീന ബോറ കൊല്ലപ്പെട്ടത്. സ്റ്റാര്‍ ടിവിയുടെ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയായ ഇന്ദ്രാണി തന്റെ ആദ്യ ഭര്‍ത്താവായ സിദ്ധാര്‍ഥ് ദാസിലുള്ള മകളായ ഷീന ബോറയെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവര്‍ ശ്യാംറായിയുടേയും സഹായത്തോടെ കൊലപ്പെടുത്തി വനപ്രദേശത്ത് കത്തിച്ചശേഷം മറവ് ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍.