പാമൊലിന്‍ കേസ് : ആരെയും കുറ്റ വിമുക്തരാക്കാനാവില്ലെന്ന് സുപ്രീം കോടതി

Posted on: May 11, 2016 2:17 pm | Last updated: May 12, 2016 at 8:40 am

 

supreme court1ന്യൂഡല്‍ഹി: പാമൊലിന്‍ കേസില്‍ വിചാരണ തുടരുമെന്ന് സുപ്രീംകോടതി. കേസില്‍ ഇപ്പോള്‍ ആരെയും കുറ്റ വിമുക്തരാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ നിന്നും കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ, ജിജി തോംസണ്‍, പി.ജെ.തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി തള്ളി.കേസ് പിന്‍വലിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് 2007ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ എതിര്‍ത്താണ് ഹരജി.

കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകനെ സുപ്രീംകോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതായി ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. കേസ് അനന്തമായി നീട്ടുകൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.എസ്.അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കേസ് ഏത് ഘട്ടത്തിലാണെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. റിവ്യൂ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. എന്നാല്‍ രേഖകള്‍ പരിശോധിച്ച സുപ്രീം കോടതി സര്‍ക്കാര്‍ അഭിഭാഷകന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.