പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാകുമ്പോള്‍

Posted on: May 11, 2016 6:00 am | Last updated: May 11, 2016 at 12:33 am

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചു ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് അടുത്ത ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആശങ്കാജനകമാണ്. സംസ്ഥാനത്തെ 117 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണം വന്‍ നഷ്ടത്തിലാണെന്നും മൊത്തം നഷ്ടം മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014-15 വര്‍ഷത്തെ 716.58 കോടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നഷ്ടം 2030. 05 കോടിയായി കുത്തനെ ഉയര്‍ന്നു. ഒരൊറ്റ വര്‍ഷം കൊണ്ട് 1313.47 കോടിയുടെ വര്‍ധന. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനം ഇലക്ട്രിസിറ്റി ബോര്‍ഡിനും രണ്ടാം സ്ഥാനം കെ എസ് ആര്‍ ടി സിക്കുമാണ്. യഥാക്രമം 1,27,290 ലക്ഷവും 62,128 ലക്ഷവുമാണ് ഇവയുടെ നഷ്ടം. വാട്ടര്‍ അതോറിട്ടി 45,784.36 ലക്ഷവും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ 9833 ലക്ഷവും ട്രാന്‍സ്‌ഫോമേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് 3316 ലക്ഷം രൂപയും നഷ്ടമുണ്ടാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ഇത്തവണ. അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കി പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് കുതിക്കുകയാണെന്ന് പ്രചാരണ വേദികളില്‍ യു ഡി എഫ് അവകാശവാദം ഉന്നയിച്ചു കൊണ്ടിരിക്കെയാണ് പബ്ലിക് എന്റര്‍പ്രൈസസ് ബ്യൂറോയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.
തിരഞ്ഞെടുപ്പില്‍ കാര്യമായി ചര്‍ച്ചയാകേണ്ട പ്രശ്‌നമായിരുന്നിട്ടും ഇരു മുന്നണികളും ഈ ദുരവസ്ഥയെ അഭിസംബോധന ചെയ്യുന്നില്ല. സുസജ്ജമായ പൊതുമേഖലയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തി. സാമ്പത്തിക മാന്ദ്യത്തില്‍ ലോകമാകെ വിറച്ചപ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍ പിടിച്ചുനിന്നത് ശക്തമായ പൊതുമേഖലാ ശൃംഖലയുടെ കരുത്ത് കൊണ്ടാണ്. സ്വകാര്യ മേഖല തികച്ചും ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുകകയും അവരുടെ കരുനീക്കങ്ങള്‍ വിപണിയില്‍ വന്‍ വില വര്‍ധനവ് സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെട്ട് ആശ്വാസം പകരുന്നത് പൊതു മേഖലാ സംരംഭങ്ങളാണ്. മാത്രമല്ല കേരളത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സ്ഥാപനങ്ങളെ എടുത്ത് പരിശോധിച്ചാല്‍ ഒരു കാര്യം കൂടി വ്യക്തമാകും. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് മുങ്ങിത്താഴുന്നത്. സാധാരണക്കാര്‍ക്ക് കൈത്താങ്ങാകേണ്ടവ. ക്ഷേമ ഭരണകൂടമെന്ന തത്വം പ്രാവര്‍ത്തികമാകുന്നത് ഇത്തരം സ്ഥാപനങ്ങളിലൂടെയാണ്. കമ്പോള മൂലധനത്തിന്റെ വക്താക്കള്‍ സ്വകാര്യവത്കരണത്തിനായി മുറവിളി കൂട്ടുമ്പോഴാണ് ഈ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുന്നത്. ഗതാഗതമടക്കമുള്ള മേഖലകളില്‍ സ്വകാര്യ സംരംഭകര്‍ ലാഭം കുന്നുകൂട്ടുമ്പോഴാണ് പൊതുമേഖലക്ക് ഈ ദുരവസ്ഥയെന്നോര്‍ക്കണം. പൊതുജന സേവനവുമായി ബന്ധപ്പെട്ട കമ്പനികളും കോര്‍പറേഷനുകളും ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിച്ച് ജനങ്ങളെ പിഴിയണമെന്നല്ല; ജനക്ഷേമത്തിനായി ഇളവുകളും ചില നഷ്ടങ്ങളും ഇവ സഹിക്കേണ്ടി വന്നേക്കാം. ഉദാഹരണത്തിന് കെ എസ് ആര്‍ ടി സിക്ക് അത്ര ലാഭകരമല്ലാത്ത രാത്രികാല സര്‍വീസുകളും ഗ്രാമീണ സര്‍വീസുകളും നടത്തേണ്ടിവരും. പക്ഷേ, നിലനില്‍ക്കാനുള്ള കരുത്ത് ഇവ ആര്‍ജിക്കേണ്ടതുണ്ട്. ലാഭ-നഷ്ടരഹിത ബിന്ദുവിലേക്കെങ്കിലും ഈ സ്ഥാപനങ്ങളെ കൈപിടിച്ച് ഉയര്‍ത്തേണ്ടതുണ്ട്.
ഇവ എന്തുകൊണ്ട് ഇങ്ങനെ നഷ്ടം വരുത്തുന്നു? അവക്കുള്ള പരിഹാരമെന്ത്? കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം ശതകോടികള്‍ വരുമെന്നത് പേടിപ്പെടുത്തുന്നാണ്. സംസ്ഥാനത്തെ ഓരോരുത്തരുടെയും സമ്പത്താണ് ഇങ്ങനെ നശിച്ചു പോകുന്നത്. വര്‍ഷങ്ങളായി തുടരുന്ന അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും നയമില്ലായ്മയുടെയും ഫലമാണ് ഇത്. കാലങ്ങളായി നഷ്ടത്തില്‍ തുടരുന്നവയാണ് ഇതില്‍ പലതും. അവയെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പര്യാപ്തമായ പദ്ധതികളൊന്നും രൂപവത്കരിക്കാത്തതുകൊണ്ടാണ് നഷ്ടം കുമിഞ്ഞുകൂടുന്നത്. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് ചില നീക്കങ്ങള്‍ നടന്നിരുന്നു. അവ ഫലം കാണുകയും ചെയ്തു. കെ എം എം എല്ലും മലബാര്‍ സിമന്റ്‌സ് ലിമിറ്റഡും ഇതിന് ഉദാഹരണമാണ്.
മനുഷ്യവിഭവ ശേഷി കാര്യക്ഷമമായി ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പല താത്പര്യങ്ങളുടെ പുറത്ത് തിരുകിക്കയറ്റിയവരാണ് ഉള്ളത്. പല തസ്തികകളും അനാവശ്യമാണ്. ഇവരെയൊക്കെ പിരിച്ചു വിടണമെന്നല്ല പറയുന്നത്. പക്ഷേ സമൂലമായ അഴിച്ചു പണിക്ക് വിധേയമാക്കണം. എല്ലാവരുടെയും കഴിവുകള്‍ ചൂഷണം ചെയ്യുന്ന തരത്തിലാകണം അത്. പാഴ്‌ച്ചെലവ് കുറക്കുക തന്നെ വേണം. അനിവാര്യമായ നവീകരണത്തിന് പണം കണ്ടെത്തുകയും വേണം. കേരളാ സോപ്‌സില്‍ സംഭവിച്ചത് പോലെ സ്വകാര്യ മേഖലയുമായി രഹസ്യ ബാന്ധവം ഉണ്ടാക്കി സ്ഥാപനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. മത്സര സജ്ജമാകണം പൊതുമേഖലാ സ്ഥാപനങ്ങള്‍. അതിന് നമ്മുടെ വ്യവസായ, തൊഴില്‍ അന്തരീക്ഷത്തില്‍ തന്നെ മാറ്റം വരണം. സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കാനുള്ള ബാധ്യത തങ്ങള്‍ക്കു കൂടിയുണ്ടെന്ന് തൊഴിലാളി യൂനിയനുകള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങിയെന്നത് പ്രതീക്ഷ പകരുന്ന കാര്യമാണ്. കാട്ടിലെ തടി, തേവരുടെ ആന എന്ന സമീപനം മാറുക തന്നെ വേണം.