യു ഡി എഫും ബി ജെ പിയും തമ്മില്‍, എന്നുവെച്ചാല്‍…

Posted on: May 11, 2016 6:00 am | Last updated: May 11, 2016 at 12:30 am

കേരള നിയമസഭയുടെ പതിനാലാം പതിപ്പിലെ ജനപ്രതിനിധികളെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ തന്നെ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടുപലകയാണെന്ന് അഭിപ്രായപ്പെട്ടവരുണ്ടായിരുന്നു. അരുവിക്കരയിലുണ്ടായത് കേരളത്തിലങ്ങോളമിങ്ങോളം ആവര്‍ത്തിക്കുമെന്നും ആയതിനാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരും ഉറച്ചുവിശ്വസിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തിലധികം വോട്ടിന് ശബരീനാഥന്‍ വിജയിച്ചത് യു ഡി എഫിന് പൊതുവെയും കോണ്‍ഗ്രസിന് പ്രത്യേകിച്ചും അമിത ആത്മവിശ്വാസമുണ്ടാക്കിയെന്നും അതില്‍ ചില്ലറ അപകടമുണ്ടെന്നുമാണ് എ കെ ആന്റണിയെപ്പോലുള്ളവര്‍ പറഞ്ഞത്. കോണ്‍ഗ്രസിലെയും യു ഡി എഫിലെയും കൂട്ടായ്മയുടെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭരണമികവിന്റെയും ഫലമായി അരുവിക്കരയെ വിശേഷിപ്പിച്ച കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ഈ വിജയം ആവര്‍ത്തിക്കാന്‍ പാകത്തില്‍ ഐക്യം നിലനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടു. തന്ത്രജ്ഞര്‍ അങ്ങനെയാണ്, എന്തും ഉപാധികളോടെ മാത്രമേ പറയൂ.
ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ഒട്ടും ചകിതരായില്ല. ബി ജെ പി ഏഴായിരത്തിലധികം വോട്ട് മാത്രം നേടിയ 2011ല്‍ ഇടത് മുന്നണിക്ക് കിട്ടിയ വോട്ടിനേക്കാള്‍ നൂറ് വോട്ടോളം 2015ല്‍ കൂടുതല്‍ കിട്ടിയെന്നും ആകയാല്‍ തങ്ങളുടെ വോട്ട് ബേങ്ക് ഇളക്കം കൂടാതെ നിലനില്‍ക്കുന്നുണ്ടെന്നും ആശ്വസിച്ചു. 2011ലെ അരുവിക്കരയെ 2015ലെ അരുവിക്കരയുമായി താരതമ്യം ചെയ്താല്‍ ഐക്യ ജനാധിപത്യ മുന്നണിക്കു വേണ്ടി മത്സരിച്ച കോണ്‍ഗ്രസിലെ ശബരീനാഥന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചതിലെ പ്രധാന ഘടകം പിതാവ് ജി കാര്‍ത്തികേയന്റെ മരണം അവിടുത്തെ വോട്ടര്‍മാരില്‍ സൃഷ്ടിച്ച വികാരമായിരുന്നു.
2011ല്‍ പോള്‍ ചെയ്തതിനേക്കാള്‍ 26,000 വോട്ട് അധികം ചെയ്തു, 2015ല്‍, അരുവിക്കരയില്‍. ബി ജെ പിയോട് അനുഭാവം പുലര്‍ത്തുകയും അവര്‍ക്ക് ജയ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞ് ബൂത്തിലേക്ക് ചെല്ലാന്‍ മെനക്കെടാതിരിക്കുകയും ചെയ്തിരുന്നവരില്‍ വലിയൊരു പങ്ക് 2015ലെ ഉപതെരഞ്ഞെടുപ്പില്‍ ബൂത്തിലെത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ പല വിധ ആരോപണങ്ങള്‍ ഉയരുന്നു, ആരോപണങ്ങള്‍ക്ക് ഊര്‍ജമേകാന്‍ പാകത്തില്‍ രേഖകളുണ്ടെന്ന് അവകാശപ്പെട്ട് ചില ബി ജെ പി നേതാക്കള്‍ രംഗത്തുവരുന്നു, നിയമസഭയില്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന സി പി എം ‘ഒത്തുതീര്‍പ്പ് സമര’ങ്ങള്‍ നടത്തുന്നതായി ആരോപണമുയരുന്നു, സര്‍വോപരി അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ ഒ രാജഗോപാല്‍ തന്നെ വരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘ചരിത്ര ജയം നേടി’യെന്ന് മാധ്യമങ്ങളോട് പറഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പതിനയ്യായിരം വോട്ടിന്റെ പരാജയമാണുണ്ടായതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ഒ രാജഗോപാല്‍. കേരളത്തില്‍ കെ ജി മാരാര്‍ കഴിഞ്ഞാല്‍ ബി ജെ പിക്ക് അവതരിപ്പിക്കാന്‍ സാധിക്കുന്ന ഏറ്റവും സ്വീകാര്യമായ മുഖം. യഥാര്‍ഥ പ്രതിപക്ഷം തങ്ങളാണെന്ന ബി ജെ പിയുടെ പ്രചാരണം, രാജഗോപാലെന്ന വ്യക്തി, തിരഞ്ഞെടുപ്പേതായാലും പരാജയപ്പെടാന്‍ രാജേട്ടനുണ്ടാകുമെന്ന തോന്നലുളവാക്കിയ സഹതാപം, ഇവയൊക്കെ ബി ജെ പിയുടെ വോട്ട് പലമടങ്ങ് വര്‍ധിക്കാന്‍ കാരണമായി.
ഇതിനൊപ്പം പ്രധാനമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബി ജെ പിക്കു വേണ്ടി അരുവിക്കരയില്‍ നടത്തിയ പ്രചാരണം. മുന്നണി സ്ഥാനാര്‍ഥിയുടെ ജയവും അതുവഴി സര്‍ക്കാറിനുള്ള ജനപിന്തുണ തെളിയിക്കലും ലക്ഷ്യമിട്ടാണ് അരുവിക്കരയില്‍ പോരാട്ടം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്. പ്രതിപക്ഷമായ ഇടതു ജനാധിപത്യ മുന്നണിയും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മും അപ്രസക്തമാകുകയാണെന്ന രാഷ്ട്രീയ ദൂത് ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. ബി ജെ പിയോട് അനുഭാവം പുലര്‍ത്തുന്ന, ജയസാധ്യതയില്ലെന്ന വിലയിരുത്തലില്‍ പോളിംഗ് ബൂത്തിലേക്ക് എത്താതിരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തെ രാജഗോപാലിന്റെ ഉറച്ച വോട്ടായി പരിവര്‍ത്തിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസ്താവനക്ക് സാധിച്ചു. പലകാരണങ്ങളാല്‍ സി പി എമ്മില്‍ നിന്ന് അകന്നവര്‍, ഇടത് അനുഭാവികളായിരിക്കെ തന്നെ ബി ജെ പിക്ക് ഒരവസരം നല്‍കേണ്ടതല്ലേ എന്ന ചിന്ത പേറുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ രാജഗോപാലിന് വോട്ടുചെയ്യാനൊരു ഉത്തേജനമായി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ അതി ഗംഭീരമായി പോരടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടത് മുന്നണി, അതിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ചുക്കാന്‍ പിടിച്ച് പിണറായി വിജയന്‍, പ്രത്യക്ഷ പ്രചാരണത്തിന് നായകനായി വി എസ് അച്യുതാനന്ദന്‍ – എന്നിട്ടും പ്രധാന മത്സരം ബി ജെ പിയുമായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയണമെങ്കില്‍ സ്ഥിതി അവ്വിധമായിട്ടുണ്ടെന്ന തോന്നല്‍ ഹൈന്ദവ വോട്ടര്‍മാരുടെ പഴമനസ്സില്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. പ്രധാന എതിരാളി ബി ജെ പിയായെന്ന് ഉമ്മന്‍ ചാണ്ടി പറയുമ്പോള്‍ യു ഡി എഫിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അരുവിക്കരയിലെ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കും തോന്നിയിട്ടുണ്ടാകണം.
പതിനാലാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള പ്രധാന പോര് നടക്കുന്ന ഈ ഘട്ടത്തിലും യു ഡി എഫിന്റെ പ്രധാന എതിരാളി ബി ജെ പിയും അവര്‍ നേതൃത്വം നല്‍കുന്ന എന്‍ ഡി എയുമാണെന്ന തരത്തില്‍ ഉമ്മന്‍ ചാണ്ടി പ്രസ്താവന നടത്തിയിട്ടുണ്ട്. സംഗതി വളച്ചൊടുച്ചിതാണെന്ന് അദ്ദേഹം പറയുമെങ്കിലും അദ്ദേഹത്തിന്റേതായി പുറത്തുവന്ന വാക്കുകള്‍ അരുവിക്കരയിലേതിന് ഏറെക്കുറെ സമാനമാണ്. സംഘ്പരിവാര്‍ സംഘടനകള്‍ ആസൂത്രിതമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജന്‍ഡകളെയോ അതിനുള്ള ശ്രമത്തില്‍ അവരുത്പാദിപ്പിക്കുന്ന അസഹിഷ്ണുതയെയോ നമ്മുടെ മുഖ്യമന്ത്രി ശക്തമായി എതിര്‍ത്തതായി തിരുവിതാംകൂറിന്റെ സമീപകാല രേഖകളിലൊന്നും കാണാനില്ല. വര്‍ഗീയ ഫാസിസ്റ്റുകളെ എതിര്‍ക്കലാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നൊക്കെ കൃത്രിമമായി സൃഷ്ടിക്കുന്ന വിക്കലിന്റെ സഹായത്തോടെ പറഞ്ഞിട്ടുണ്ടാകാമെന്ന് മാത്രം. ഹിന്ദുത്വ അജന്‍ഡകളെ അത്രത്തോളം ശക്തമായി എതിര്‍ത്ത പാരമ്പര്യമല്ല കോണ്‍ഗ്രസിന്റേത്. മൃദു ഹിന്ദുത്വത്തെ സ്വീകരിക്കലോ തീവ്ര ഹിന്ദുത്വയുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കലോ ഒക്കെ മുന്‍കാലത്ത് കോണ്‍ഗ്രസിന്റെ ശീലമായിരുന്നു. ഇപ്പോള്‍ വേരില്ലാതായിപ്പോകുമെന്ന ഘട്ടത്തില്‍ സംഘ്പരിവാറിനും അവരുടെ രാഷ്ട്രീയ രൂപമായ ബി ജെ പിക്കും അതിന് നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദിക്കുമൊക്കെ എതിരെ ശക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായിരിക്കുന്നു. എന്നിട്ടും കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് വീറ് പോര, സംഘ്പരിവാരത്തെ എതിര്‍ക്കാന്‍. രമേശ് ചെന്നിത്തലയോ വി എം സുധീരനോ വി എസ് അച്യുതാനന്ദനെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ആയിരത്തിലൊരംശം മോദിക്കു നേര്‍ക്ക് ചെലവിടാറില്ല. കോപ്റ്റര്‍ അഴിമതിയില്‍ തന്റെ പേര് വലിച്ചിഴച്ചില്ലായിരുന്നുവെങ്കില്‍ എ കെ ആന്റണി പോലും ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ, സംഘ്പരിവാര ഫാസിസത്തിനെതിരെ എന്തെങ്കിലും പറയുമായിരുന്നോ എന്ന് സംശയം.
അരുവിക്കരക്ക് ശേഷം നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഫലം സൂക്ഷ്മമായി പരിശോധിച്ചാല്‍ ബി ജെ പി വളരുമ്പോള്‍ ഇടതുപക്ഷത്തിന്റെ വോട്ടുകളില്‍ വലിയ വിള്ളലുണ്ടാകുമെന്ന വിലയിരുത്തലില്‍ വലിയ പാളിച്ചയുണ്ടെന്ന് കാണാം. എല്‍ ഡി എഫിന്റെ വോട്ടിലേക്ക് കടന്നുകയറിയ അവര്‍ പലേടത്തും യു ഡി എഫിന്റെ വോട്ടുബേങ്ക് തകര്‍ത്തുകളഞ്ഞു. കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങള്‍ ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസിനും യു ഡി എഫിനും ഹൈന്ദവ സമുദായത്തില്‍ നിന്ന് ലഭിച്ചിരുന്ന വോട്ടുകള്‍ ഇക്കുറി കുറയുമെന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ഫലത്തില്‍ നിന്ന് വ്യക്തം. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ന്യൂനപക്ഷം ഇടതിനൊപ്പം നിന്നിരുന്നു. ക്രൈസ്തവരുടെ അകമഴിഞ്ഞ പിന്തുണ യു ഡി എഫിന് ലഭിച്ചുവെന്ന് കരുതാനും വയ്യ. ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് തീര്‍ത്തും പ്രധാനമാണ് ഈ അവസ്ഥ. ഹിന്ദു വോട്ടുകളില്‍ വലിയൊരു ഭാഗം അടരുകയും മുസ്‌ലിം ന്യൂനപക്ഷം ഇടത് ആഭിമുഖ്യം തുടരുകയും ക്രൈസ്തവര്‍ പതിവ് ആഭിമുഖ്യം കാട്ടാതിരിക്കുകയും ചെയ്താല്‍ പരാജയം ഉറപ്പാകും. അതിനൊരു തടയിടലാണ് മത്സരം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്ന പ്രസ്താവന. ബി ജെ പിയെ പരാജയപ്പെടുത്തണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ യു ഡി എഫിനൊപ്പം നില്‍ക്കണമെന്നാണ് പ്രസ്താവനയുടെ ഒരു വ്യംഗ്യം. അതുണ്ടാകുകയും അരുവിക്കരയിലേത് പോലെ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുകയും ചെയ്താല്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് മാത്രം ജയിക്കുന്ന മുപ്പതോളം മണ്ഡലങ്ങളില്‍ സ്ഥിതി യു ഡി എഫിന് അനുകൂലമാകുമെന്ന് ഉറപ്പ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇത്രകാലം പയറ്റിത്തെളിഞ്ഞ ഉമ്മന്‍ ചാണ്ടിക്ക് ഇത് മാനത്ത് എഴുതിയത് പോലെ വ്യക്തം. സ്വന്തം പക്ഷത്തിന്റെ വിജയമുറപ്പാക്കാനുള്ള തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കുള്ള സ്വാതന്ത്ര്യം ആര്‍ക്കും ചോദ്യംചെയ്യാനും സാധിക്കില്ല. തന്ത്രങ്ങളുടെ പൊള്ളത്തരം ജനങ്ങളിലെത്തിക്കാന്‍ പാകത്തിലുള്ള പ്രചാരണം നടത്തുക എന്നതേ എതിരാളികള്‍ക്ക് മാര്‍ഗമുള്ളൂ.
യു ഡി എഫും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്യവും ചില മണ്ഡലങ്ങളിലെങ്കിലും ഇങ്ങനെയാണ് മത്സരമെന്ന എ കെ ആന്റണിയുടെ പാഠഭേദവും കുമ്മനം രാജശേഖരനും കൂട്ടര്‍ക്കും വലിയ അവസരം തുറന്നുനല്‍കുന്നുവെന്നത് കാണാതിരുന്നു കൂട. ബി ജെ പിയെ പരാജയപ്പെടുത്താനുള്ള വോട്ടുകളില്‍ വിള്ളല്‍ വീഴാനുള്ള സാധ്യതയാണത്. അങ്ങനെ വിള്ളലുണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിന് പാകത്തിലുള്ള പ്രചാരണം ഉമ്മന്‍ ചാണ്ടി നടത്തുകയും ചെയ്യുന്നുവെങ്കില്‍ കേരളത്തില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം അദ്ദേഹം ഒരുക്കിക്കൊടുത്തിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. തിരികെ ചിലത് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട് എന്നും.
അരുവിക്കരയിലേതു പോലൊരു ഒറ്റപ്പെട്ട കച്ചവടമല്ല നിയമസഭാ തിരഞ്ഞെടുപ്പെന്ന് മനസ്സിലാക്കേണ്ട ആവശ്യം ഉമ്മന്‍ ചാണ്ടിക്ക് തത്കാലമില്ല. ഏതുവിധേനയും അധികാരത്തില്‍ തിരിച്ചെത്തുക എന്നതേ നോക്കേണ്ടതുള്ളൂ. ഇടതുപക്ഷത്തെ ഇലകൊഴിയുന്നതാണ് തങ്ങള്‍ക്ക് വളമാകുക എന്ന് കരുതുന്ന സംഘ്പരിവാരത്തിനും പ്രിയംകരമാകുക ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളാകും. കോണ്‍ഗ്രസും യു ഡി എഫും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും കുനിഞ്ഞ ശിരസ്സുമായി ജനങ്ങളുടെ മുന്നില്‍ നില്‍ക്കരുതെന്ന് കരുതുകയും ചെയ്യുന്നവര്‍ പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ താത്കാലിക ലാഭത്തിന് അപ്പുറത്തേക്ക് ചിന്തിക്കേണ്ടിവരും.