ജിഷയുടെ കൊലപാതകം;സഹോദരി ദീപയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

Posted on: May 10, 2016 7:54 pm | Last updated: May 11, 2016 at 11:45 am

jisha-and-deepaപെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ബിജോ അലക്‌സാണ്ടറാണ് ദീപയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി നാല് മണിക്കൂര്‍ ചോദ്യം ചെയ്തത്. ദീപയുടെ സുഹൃത്തിനെ സംഭവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ദീപയെ ചോദ്യം ചെയ്തത്. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ പറഞ്ഞു.

ഇതിനിടെ ജിഷ കൊല്ലപ്പെട്ടിട്ട് 13 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ സമീപവാസികളുടെ മുഴുവന്‍ വിരലടയാളവും പൊലീസ് ശേഖരിച്ചു. 800 പുരുഷന്‍മാരുടെ വിരലടയാളം ശേഖരിച്ച പൊലീസ് ഇതിലേതെങ്കിലും ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളവുമായി സാമ്യമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

അതേസമയം ദീപ ഹിന്ദി സംസാരിക്കുമെന്ന് നേരത്തെ ദീപ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയുടമ മൊഴി നല്‍കിയിരുന്നു. കടയില്‍ എത്തുന്ന ഇതര സംസ്ഥാനക്കാരുമായി ദീപ ഹിന്ദിയില്‍ ആശയ വിനിമയം നടത്താറുണ്ടായിരുന്നുവെന്നാണ് കടയുടമ മൊഴി നല്‍കിയിരിക്കുന്നത്. തനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്ന് നേരത്തെ ദീപ പറഞ്ഞിരുന്നു. ജിഷയുടെ കൊലപാതവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനക്കാരനായ സുഹൃത്തിനെ പൊലീസ് തിരഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു സുഹൃത്ത് തനിക്കില്ലെന്നും ദീപ പ്രതികരിച്ചിരുന്നു.