ഭരണ ഉദ്യോഗസ്ഥ തലങ്ങളില്‍ കാര്യപ്രാപ്തിയുള്ളവര്‍ കടന്നുവരണം: കാന്തപുരം

Posted on: May 10, 2016 7:11 pm | Last updated: May 10, 2016 at 7:11 pm

kanthapuramപൂനൂര്‍: ഭരണരംഗങ്ങളിലും ഉദ്യോഗസ്ഥതലങ്ങളിലും കാര്യപ്രാപ്തിയുള്ളവരും നീതിമാന്മാരും കുറഞ്ഞുപോയതാണ് സമൂഹം നേരിടുന്ന പ്രധാന രാഷ്ട്രീയ വെല്ലുവിളിയെന്നും ഇതിനു പരിഹാരമായി കൂടുതല്‍ കാര്യപ്രാപ്തിയുള്ളവരെയും സാമൂഹ്യബോധ്യമുള്ളവരെയും ഭരണരംഗത്തും ഉദ്യാഗസ്ഥതലങ്ങളിലുമെത്തിക്കാന്‍ ഫലപ്രദമായ ശ്രമങ്ങള്‍ അനിവാര്യമാണെന്നും മര്‍കസ് ചാന്‍സ്്‌ലര്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്്‌ലിയാര്‍ പ്രസ്താവിച്ചു. മര്‍കസിനു കീഴില്‍ പൂനൂരില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ പ്രഥമ കോണ്‍വൊക്കേഷനില്‍ ബിരുദം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗത്തെ പോലെയും ഭരണരംഗത്തും രാഷ്ട്രീയ പൊതുരംഗങ്ങളിലും അനാരോഗ്യകരമായ മത്സരങ്ങളാണ് നേതൃത്വത്തിലേക്ക് നടക്കുന്നത്. ഇത് കഴിവുള്ളവരെ തഴഞ്ഞ് കുറുക്കുവഴികളിലൂടെ കയറിപ്പറ്റുന്നവര്‍ കൂടി വരാനിടയാക്കുന്നുണ്ട്. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയ്യെടുക്കണം. മൂല്യബോധമുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭരണതലത്തില്‍ ശക്തമായ സംവിധാനം വേണം-അദ്ദേഹം പറഞ്ഞു.
കോണ്‍വൊക്കേഷന്‍ കോണ്‍ഫറന്‍സില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, കെ.കെ.അഹ്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, ഡോ.എ.പി.അബ്ദുല്‍ ഹകീം അസ്ഹരി, ഡോ.ഉമറുല്‍ ഫാറൂഖ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന ലീഡര്‍ഷിപ്പ് സെമിനാറില്‍ ബശീര്‍ ഫൈസി വെണ്ണക്കോട്, സി.മുഹമ്മദ് ഫൈസി, ഡോ.എ.പി.അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിച്ചു.