Connect with us

Gulf

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വ്യവസായം ഖത്വര്‍ പൗരന്മാര്‍ക്ക് മാത്രം

Published

|

Last Updated

ദോഹ: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വ്യവസായം ഖത്വര്‍ പൗരന്മാര്‍ക്ക് മാത്രമാക്കുന്ന നിയമം വരുന്നു. പുതിയ കരട് നിയമമനുസരിച്ച് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടിയവര്‍ക്ക് മാത്രമെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ ആകാന്‍ സാധിക്കൂ.
സമൂഹത്തില്‍ മാന്യനും റിയല്‍ എസ്റ്റേറ്റ് സംബന്ധിയായ എല്ലാ പരീക്ഷകളും പരിശീലന കോഴ്‌സുകളും ജയിച്ചയാളുമാകണം. ബ്രോക്കര്‍ ബിസിനസ്സിന് ലൈസന്‍സ് ഉള്ള ഓഫീസ് വേണം. കൊമേഴ്‌സ്യല്‍ കമ്പനി നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ആയിരിക്കണം. ഖത്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാകണം. മുമ്പ് പാപ്പര്‍ ആയതാകരുത്. കമ്പനിയുടെ ഡയറക്ടര്‍ ഖത്വര്‍ പൗരന്‍ ആയിരിക്കണം. ലൈസന്‍സ് പുതുക്കാന്‍ ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചാല്‍ 30 ദിവസത്തിനകമാണ് പുതുക്കുന്നതില്‍ തീരുമാനമുണ്ടാകുക. അപേക്ഷ തള്ളാനുള്ള അധികാരം വകുപ്പിന് ഉണ്ടാകും. ശേഷം 60 ദിവസത്തിനകം മന്ത്രിക്ക് അപേക്ഷ നല്‍കാം. തുടര്‍ന്ന് 30 ദിവസത്തിനകമാണ് തീരുമാനമുണ്ടാകുക. ലൈസന്‍സ് ലഭിച്ച ബ്രോക്കര്‍മാര്‍ക്ക് പ്രത്യേകം രജിസ്റ്റര്‍ ഉണ്ടാകും.
എഴുതിയ ബ്രോക്കറേജ് കരാര്‍, വസ്തുവിന്റെ ഉടമസ്ഥാവകാശത്തിന്റെ കോപ്പി, രേഖാചിത്രം, റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പാലിറ്റി മന്ത്രാലയത്തില്‍ നിന്നുള്ള ബില്‍ഡിംഗ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സമര്‍പ്പിക്കാതെ ഇടപാടോ വസ്തുവിന്റെ പരസ്യം നല്‍കുകയോ ചെയ്യരുത്. ബ്രോക്കറുടെ പ്രതിനിധകളെയോ ബന്ധുക്കളെയോ കരാറുകളില്‍ കക്ഷികളാക്കരുത്. മറ്റ് തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കും ഓഫീസ് മറ്റ് ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്കും ബ്രോക്കര്‍ ആകാന്‍ സാധിക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഒരു വര്‍ഷം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും അധികാരമുണ്ട്. ലൈസന്‍സില്ലാത്തവര്‍ക്കും സസ്‌പെന്‍ഷന്‍ കാലയളവില്‍ ബ്രോക്കര്‍ ഇടപാട് നടത്തിയവര്‍ക്ക് മൂന്ന് മാസത്തേക്കാള്‍ കൂടുതലല്ലാത്ത തടവോ ഒരു ലക്ഷം ഖത്വര്‍ റിയാല്‍ വരെ പിഴയോ ഇതു രണ്ടുമോ ശിക്ഷ ലഭിക്കും. ഇടപാട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയോ ഉടമസ്ഥര്‍ക്ക് രേഖകളും കരാറുകളും നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ ഇരുപതിനായിരം റിയാലില്‍ കൂടാത്ത പിഴ ഈടാക്കും. നിയമം നിലവില്‍ വന്നാല്‍ പുതിയ രീതിയിലേക്ക് മാറാന്‍ ആറ് മാസം സമയം നല്‍കും.

Latest