പെട്രോളിയം ഉത്പന്നങ്ങളുടെ അനധികൃത വിപണനം നിയന്ത്രിക്കും

Posted on: May 10, 2016 6:36 pm | Last updated: May 10, 2016 at 6:36 pm

ദോഹ: പെട്രോള്‍ ഉത്പന്നങ്ങളുടെ നിയമവിരുദ്ധ വിപണനവും കള്ളക്കടത്തും തടയുന്നതിനായുള്ള കരട് നിയമം ഉപദേശക കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ശൂറാകൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വിഷയം ചര്‍ച്ച ചെയ്തത്.
ഖത്വര്‍ പെട്രോളിയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യത്തേക്കും പുറത്തേക്കും പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കം നിരോധിച്ച് കൊണ്ടുള്ളതാണ് കരട് നിയമം. പെട്രോളിയം ഉത്പന്നങ്ങളുടെ അനധികൃത കച്ചവടം നിരോധിക്കാനും പുതിയ നിയമത്തില്‍ വകുപ്പുകളുണ്ട്. അനുമതി പത്രം വാങ്ങാതെ മറിച്ച് വില്‍ക്കുന്നവര്‍ക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൈമാറുന്നത് തടയാനും വ്യവസ്ഥയുണ്ട്. മറിച്ച് വില്‍ക്കാനുള്ള ലക്ഷ്യത്തോടെ പെട്രോളിയം ഉത്പന്നങ്ങള്‍ അനുമതി പത്രം ഇല്ലാതെ വാങ്ങിച്ച് കൂട്ടുന്നതും പുതിയ നിയമം നടപ്പാകുന്നതോടെ നിരോധിക്കപ്പെടും.
നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടി ശക്തമാക്കാനും പുതിയ നിയമം മൂലം കഴിയും. അനുവദിക്കപ്പെട്ട പെട്രോളിയം ക്വാട്ട നിശ്ചിത ആവശ്യങ്ങള്‍ക്ക് ശേഷം കൈവശം വെക്കുന്നതും രേഖപ്പെടുത്താത്ത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നിയമവിരുദ്ധമാകുമെന്ന് കരട് വ്യക്തമാക്കുന്നു. നിയമ വിധേയമല്ലാത്ത പെട്രോളിയം കച്ചവടത്തിന് പിഴ ഈടാക്കുമെന്നും കച്ചവടത്തിന് ഉപയോഗിച്ച സാധന സാമഗ്രികള്‍ പിടിച്ചെടുക്കുമെന്നും കരട് നിയമം വ്യക്തമാക്കുന്നു.
ഇക്കാര്യത്തില്‍ കൗണ്‍സിലിന്റെ ശിപാര്‍ശകള്‍ മന്ത്രിസഭക്ക് കൈമാറാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയും ചെയ്തു.