വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്ന ജെഡിയു നേതാവിന്റെ മകന്‍ അറസ്റ്റില്‍

Posted on: May 10, 2016 9:53 am | Last updated: May 10, 2016 at 7:26 pm

rocky yadavഗയ: ബീഹാറില്‍ കാര്‍ മറികടന്നതിന് വിദ്യാര്‍ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ബീഹാറിലെ ജനതാദള്‍ യുണൈറ്റഡ് നേതാവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എം.എല്‍.സി) അംഗവുമായ മനോരമ ദേവിയുടെ മകന്‍ റോക്കി കുമാര്‍ യാദവിനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രിയാണ് പ്രമുഖ ബിസിനസുകാരന്റെ മകനായ ആദിത്യ സച്ച്‌ദേവ് എന്ന യുവാവിനെ (19) റോക്കി വെടിവച്ചു കൊന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

പൊലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി പിറന്നാള്‍ ആഘോഷത്തിന് ശേഷം സ്വിഫ്ട് കാറില്‍ മടങ്ങുകയായിരുന്നു ആദിത്യയും നാലു കൂട്ടുകാരും. ഇടയ്ക്ക് റോക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ എസ്.യു.വിയെ ആദിത്യയുടെ കാര്‍ ഓവര്‍ടേക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായ റോക്കി തന്റെ കാര്‍ അതിവേഗത്തില്‍ ഓടിച്ച് ആദിത്യയുടെ കാര്‍ തടഞ്ഞുനിറുത്തി. ഇരുപക്ഷവും തമ്മില്‍ വാക്കേറ്റവും പിടിവലിയും ഉണ്ടായി. തുടര്‍ന്ന് ആദിത്യയും കൂട്ടുകാരും കാറില്‍ കയറി പിന്തിരിഞ്ഞു പോകാനൊരുങ്ങിയപ്പോള്‍ റോക്കി പിന്നില്‍ നിന്ന് വെടിവയക്കുകയായിരുന്നു. സ്വിഫ്ട് കാറിന്റെ പിന്നിലെ ചില്ല് തകര്‍ത്ത വെടിയുണ്ട ആദിത്യയുടെ ദേഹത്ത് തുളച്ചുകയറി. കൂട്ടുകാര്‍ ഉടനേ ആദിത്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോക്കിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് പിതാവ് ബിന്ദി യാദവിനെയും കാറിലുണ്ടായിരുന്ന അംഗരക്ഷകന്‍ രാജേഷ് കുമാറിനെയും പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇരുവരേയും 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റോക്കിയുടെ തോക്കില്‍ നിന്നാണ് ആദിത്യയ്ക്ക് വെടിയേറ്റതെന്ന് അംഗരക്ഷകന്‍ മൊഴിയും നല്‍കിയിരുന്നു.

എന്നാല്‍ തന്റെ കാറിനെ മറികടന്ന സ്വിഫ്റ്റിന്റെ ടയറിനാണ് വെടിവെച്ചതെന്നും ലക്ഷ്യം തെറ്റി കാറിലിരിക്കുകയായിരുന്ന ആദിത്യക്ക് വെടിയേല്‍ക്കുകയായിരുന്നെന്നും റോക്കി പൊലീസിനോട് പറഞ്ഞു. കൃത്യത്തിനായി റോക്കി ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെത്തിട്ടിയിട്ടുണ്ട്.അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ചതിന് ജയിലില്‍ കഴിഞ്ഞയാളാണ് മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദേശ്വരി പ്രസാദ് യാദവ്.