വിസ്മയക്കാഴ്ചയായി ബുധസംതരണം

Posted on: May 10, 2016 12:38 am | Last updated: May 10, 2016 at 12:38 am

mercury_2846510fന്യൂഡല്‍ഹി: സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നു പോകുന്ന അത്യപൂര്‍വ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. ബുധസംതരണം എന്ന് വിളിക്കുന്ന നൂറ് വര്‍ഷത്തില്‍ പതിമൂന്നോ പതിനാലോ തവണ മാത്രം നടക്കുന്ന ആകാശ വിസ്മയമാണ് ഇന്നലെ ദൃശ്യമായത്. മെയ്, നവംബര്‍ മാസങ്ങളിലാണ് ഇത് സംഭവിക്കുന്നത്. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് ഇന്ത്യയില്‍ ബുധസംതരണം ദൃശ്യമായത്. കടല്‍ത്തീരങ്ങളിലും പ്ലാനറ്റോറിയങ്ങളിലും ഈ ദൃശ്യവിസ്മയം കാണാനുള്ള സംവിധാനം ഒരുക്കിയിരുന്നു. നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ പ്രതിഭാസം വീക്ഷിക്കാന്‍ പാടില്ലാത്തതിനാല്‍ കോഴിക്കോട്ട് പ്ലാനറ്റോറിയത്തിന്റെ ആഭിമുഖ്യത്തില്‍ ഇതിനായി സോളാര്‍ ഫില്‍ട്ടര്‍ ഘടിപ്പിച്ച മൂന്ന് അത്യാധുനിക ദൂരദര്‍ശിനികള്‍ സജ്ജീകരിച്ചിരുന്നു.
അടുത്ത ബുധസംതരണം 2019 നവംബര്‍ 11നാണ്. പക്ഷേ ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല. ഇന്ത്യയില്‍ ദൃശ്യമാകുന്ന അടുത്ത ബുധസംതരണം നടക്കുക 2032 നവംബര്‍ 13നായിരിക്കുമെന്ന് ഡല്‍ഹി നെഹ്‌റു പ്ലാനറ്റേറിയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രത്‌നശ്രീ പറഞ്ഞു.