Connect with us

National

അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്ര റിപ്പോര്‍ട്ട്‌

Published

|

Last Updated

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ചപറ്റിയെന്ന് കേന്ദ്രം. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം പെരുമ്പാവൂരിലെത്തി തെളിവെടുപ്പ് നടത്തിയ കേന്ദ്ര സാമൂഹികക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പാര്‍ലിമെന്റില്‍ വെച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിപക്ഷം ബി ജെ പിയെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പ്രശ്‌നം കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആറ് പേജുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിനെയും അന്വേഷണ സംഘത്തെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ജിഷയുടെ മൃതദേഹം വീട്ടിനകത്ത് കിടക്കുമ്പോള്‍ മാതാവ് വീട്ടിലുണ്ടായിരുന്നിട്ടും മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നുള്ള ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. മൊഴിയെടുത്ത് അന്വേഷിക്കുന്നതിന് പകരം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് പോലീസ് തിടുക്കം കാണിച്ചത്. ഇത് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പോലീസ് എത്തുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മാതാവിന്റെ പരാതി പ്രകാരമാണ് കേസെടുക്കേണ്ടത്. അതിനുപകരം പഞ്ചായത്ത് അംഗത്തിന്റെ പരാതി പ്രകാരമാണ് കേസെടുക്കാന്‍ തയ്യാറായത്. കൊല്ലപ്പെട്ട ജിഷ ദളിത് പെണ്‍കുട്ടി ആയതിനാല്‍ സംഭവം ജില്ലാ കലക്ടറുടെയോ ജില്ലാ മജിസ്‌ട്രേറ്റിന്റെയോ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു. ബലാത്സംഗശ്രമം നടന്നെങ്കിലും ആദ്യം കേസെടുത്തപ്പോള്‍ പോലീസ് ഇക്കാര്യം രേഖപ്പെടുത്തിയില്ല. കേവലം കൊലപാതകം മാത്രമായാണ് കേസെടുത്തത്. പിന്നീട് ബലാത്സംഗം നടന്നതായി എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇതെല്ലാം കേസിനെ ബാധിച്ച ഘടകങ്ങളായി.
ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട വകപ്പുകളൊന്നും ജിഷയുടെ മരണവുമായി പോലീസ് രജിസ്റ്റര്‍ ചെയ്തില്ല. ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കേണ്ടിയിരുന്നതെങ്കിലും ആദ്യ ഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെയൊന്നും ഇടപെടലുണ്ടായില്ല. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും തുടക്കത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കാതിരുന്നത് വന്‍ വീഴ്ചയാണ്. ഇത് കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കി. മാത്രമല്ല, പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചത് തന്നെ നാല് ദിവസത്തിനു ശേഷമാണ്. ഇതെല്ലാം അന്വേഷണത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോട്ടില്‍ വ്യക്തമാക്കുന്നു.
അന്വേഷണം കാര്യക്ഷമമല്ലെന്നും ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സി ബി ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും തവര്‍ചന്ദ് ഗെഹ്‌ലോട്ട് സഭക്ക് പുറത്ത് പറഞ്ഞു. കഴിഞ്ഞ അഞ്ചിനാണ് തവര്‍ ചന്ദ് ഗെഹ്‌ലോട്ട് പെരുമ്പാവൂരിലെത്തി തെളിവെടുപ്പ് നടത്തിയത്. ഈ സമയം ജിഷയുടെ സഹോദരിയെയും പിതാവിനെയും കണ്ട് മൊഴിയെടുക്കാന്‍ പോലീസ് തന്നെ അനുവദിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.
ലോക്‌സഭയില്‍ ബി ജെ പിയും സി പി എമ്മും ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മൗനം പാലിക്കുകയായിരുന്നു. സംസ്ഥാനത്ത് നടന്ന ഒരു കൊലപാതകത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും നേരിട്ട് ഇടപെടുന്നത് ആദ്യ സംഭവമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി ജെ പിയുടെ ഈ നീക്കമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest