നീതിനിയമ വ്യവസ്ഥ പരിഷ്‌കരിക്കണം

Posted on: May 10, 2016 6:00 am | Last updated: May 10, 2016 at 12:10 am

നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ന്യൂനതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സംബന്ധിച്ച ഡല്‍ഹി ദേശീയ നിയമ സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്. വധശിക്ഷ കാത്ത് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന വരില്‍ 75 ശതമാനവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കക്കാരാണെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. വധശിക്ഷക്കു വിധിക്കപ്പെട്ടവരില്‍ 80 ശതമാനവും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തവരും പകുതിയോളം പേര്‍ 18 വയസ്സിനു മുമ്പു തന്നെ ജോലിചെയ്തു തുടങ്ങിയവരുമാണ്. സാമ്പത്തികമായി പ്രയാസകരമായ ചുറ്റുപാടുകളില്‍ ജീവിച്ച ഇവരില്‍ പലരും കുടുംബത്തിന്റെ ഏകവരുമാന സ്രോതസ്സുമായിരുന്നു. സര്‍വകലാശാലയിലെ സെന്റര്‍ ഓണ്‍ ദ ഡെത്ത് പെനാല്‍റ്റി 2013 ജൂലൈ മുതല്‍ കഴിഞ്ഞ വര്‍ഷം ജനുവരി വരെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. ഗവേഷണ കാലയളവില്‍ വധശിക്ഷ കാത്തുകഴിയുന്ന 385 പേരില്‍ 90 പേര്‍ ദലിത്ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരും 76 പേര്‍ മതന്യൂനപക്ഷങ്ങളില്‍ പെട്ടവരുമാണ്. ഭീകരവാദം ഉള്‍പ്പെടെയുള്ള കേസുകളിലാണ് പലരും പ്രതിചേര്‍ക്കപ്പെട്ടത്. മഹാരാഷ്ട്രയില്‍ ജനസംഖ്യാനുപാതികമായി ദലിത്, ആദിവാസി വിഭാഗങ്ങള്‍ 20 ശതമാനം മാത്രമാണെങ്കില്‍ അവിടെ വധശിക്ഷ വിധിക്കപ്പെട്ടവരില്‍ 93 ശതമാനവും ഈ വിഭാഗക്കാരാണ്. ന്യൂനപക്ഷങ്ങള്‍ വെറും 12 ശതമാനം മാത്രമുള്ള ഗുജറാത്തിലാകട്ടെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ 79 ശതമാനവും (15 പേര്‍) ഈ വിഭാഗത്തില്‍ പെടുന്നു. കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്നവരില്‍ 93 ശതമാനം(14 പേര്‍) ദരിദ്ര പശ്ചാത്തലമുള്ളവരാണ്.
ഭരണഘടന ഉറപ്പ് നല്‍കിയ സാമൂഹിക നീതി നീതിന്യായ രംഗത്ത് നടപ്പാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുന്നത്. റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേ സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോകൂറും ഇക്കാര്യം സമ്മതിക്കുകയുണ്ടായി. ദളിത്-ആദിവാസി വിഭാഗമോ, മതന്യൂനപക്ഷങ്ങളോ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോ മാത്രമല്ല രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍. മറ്റുള്ളവരും ഇക്കാര്യത്തില്‍ മോശക്കാരല്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും സാമ്പത്തിക ബലത്തിലും അവര്‍ രക്ഷപ്പെടുമ്പോള്‍, പിന്നാക്കക്കാര്‍ക്ക് അത് സാധിക്കുന്നില്ലെന്ന് മാത്രം. ജാതിയും സാമ്പത്തിക നിലയും നോക്കിയാണ് രാജ്യത്ത് പലപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പാവപ്പെട്ടവന്‍ പ്രതി ചേര്‍ക്കപ്പെടുന്ന കേസുകള്‍ പെട്ടെന്ന് റജിസ്റ്റര്‍ ചെയ്യുമ്പോള്‍, രാഷ്ട്രീയ സ്വാധീനമുള്ളവന്റെയും പണക്കാരന്റെയും കേസുകള്‍ ഫയല്‍ ചെയ്യുന്നത് വളരെ താമസിച്ചും വിവാദമാകുമ്പോഴുമെല്ലാമാണ്; നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടയുമ്പോഴാണ്. സ്വാധീനമുള്ളവര്‍ക്ക് കോടതി ശിക്ഷ വിധിച്ചാല്‍ തന്നെ മേല്‍ക്കോടതികളെ സമീപിച്ചു അവര്‍ രക്ഷപ്പെടുകയും ചെയ്യും. കീഴ്‌ക്കോടതികള്‍ വിധിച്ച വധശിക്ഷകള്‍ ബഹുഭൂരിഭാഗവും മേല്‍ക്കോടതികള്‍ റദ്ദാക്കിയതായി ഡല്‍ഹി ദേശീയ നിയമ സര്‍വകലാശാല റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2000ന് ശേഷമുള്ള 15 വര്‍ഷങ്ങള്‍ക്കിടയില്‍ കീഴ്‌ക്കോടതികള്‍ വിധിച്ച 95 ശതമാനത്തിലേറെ വധശിക്ഷയും പിന്നീട് റദ്ദു ചെയ്യപ്പെട്ടു. ഇക്കാലയളവില്‍ 1486 പേര്‍ക്കു വധശിക്ഷ വിധിച്ചപ്പോള്‍ മേല്‍ക്കോടതികളില്‍ സ്ഥിരീകരിണം ലഭിച്ചത് 73 പേര്‍ക്ക് മാത്രമായിരുന്നു. അപ്പീലിന് പോകാനുള്ള ശേഷിയുള്ളവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇത് നല്‍കുന്ന സൂചന. കീഴ്ജാതിക്കാരിലെയും ചില മതന്യൂനപക്ഷങ്ങളിലെയും ബഹുഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കമായതിനാല്‍ അവര്‍ അപ്പീലിന് പോകാതെ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.
മതന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ക്കും ഈ സ്ഥിതിവിശേഷത്തില്‍ പങ്കുണ്ട്. മുസ്‌ലിംകളെല്ലാം ഭീകരരല്ലെങ്കിലും ഭീകരരെല്ലാം മുസ്‌ലിംകളാണെന്ന മുസ്‌ലിം വിരുദ്ധരുടെ പ്രചാരണം പൊതുസമൂഹത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്ത് ഒരു സ്‌ഫോടനമോ വിധ്വംസക പ്രവര്‍ത്തനമോ നടക്കുമ്പോഴേക്കും പ്രാഥമികാന്വേഷണം പോലും നടക്കുന്നതിന് മുമ്പ് ‘മുസ്‌ലിം സംഘടന’കളുടെ മേല്‍ വെച്ചുകെട്ടുന്നതിന്റെ കാരണമിതാണ്. തുടര്‍ന്ന് ഇതിന് സ്ഥിരീകരണം നല്‍കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ തെളിവുകള്‍ ചമയ്ക്കുക്കുകയും കുറേ മുസ്‌ലിം യുവാക്കളെ ജയിലില്‍ അടക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രശ്‌നവും വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും കാരണം അവര്‍ക്ക് മോചിതമാകാന്‍ സാധിക്കാറുമില്ല. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും തടവ് പുള്ളികളില്‍ ഭൂരിഭാഗവും മുസ്‌ലിംകളായതിന്റെ പശ്ചാത്തലമിതാണ്.
സര്‍വകലാശാലാ റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചക്ക് വിധേയമാക്കുകയും പാവപ്പെട്ടവനും പിന്നാക്കക്കാരനും ഒരു നീതിയും അല്ലാത്തവന് മറ്റൊരു നീതിയുമെന്ന സ്ഥിതിവിശേഷം ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ നിയമ വ്യവസ്ഥ സമഗ്ര പരിഷ്‌കരണത്തിന് വിധേമാക്കേണ്ട കാലം വൈകി. കോടതി ചെലവുകള്‍ കുറക്കുന്നതിനും മുസ്‌ലിംകളെ സംബന്ധിച്ച സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാട് തിരുത്തുന്നതിനുമുള്ള നടപടികളും ആശാവഹമായ ഫലങ്ങള്‍ ഉളവാക്കും.