Connect with us

Gulf

വസ്തു ഇടപാടിന് ദുബൈയില്‍ സ്റ്റാര്‍ റേറ്റിംഗ് സംവിധാനം

Published

|

Last Updated

ദുബൈ: കെട്ടിടങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് സമ്പ്രദായം ഏര്‍പെടുത്തുമെന്ന് ദുബൈ ലാന്റ് വിഭാഗം വ്യക്തമാക്കി. ദുബൈയിലെ കെട്ടിടങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു പരിഷ്‌ക്കാരത്തിന് ദുബൈ ലാന്റ് ഡിപ്പാര്‍ട്‌മെന്റ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ലാന്റ് വകുപ്പിന് കീഴിലുള്ള സാങ്കേതിക കാര്യ വിഭാഗത്തില്‍ പുരോഗമിക്കുകയാണ്.
20,000 പ്ലോട്ടുകളുടെ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. അപാര്‍ട്ട്‌മെന്റുകള്‍, ഓഫീസുകള്‍, റീട്ടെയില്‍ യൂണിറ്റുകള്‍, വിദ്യാലയങ്ങള്‍ പൊതു ഇടങ്ങളില്‍ സ്ഥിതി ചെയ്യുന്ന മറ്റ് കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം റേറ്റിംഗിന് കീഴില്‍ കൊണ്ടുവരും. ഇത് പൂര്‍ണമാവുന്നതോടെ ദുബൈയിലുള്ള മുഴുവന്‍ കെട്ടിടങ്ങളും പദ്ധതിക്ക് കീഴില്‍ വരും. എല്ലാ കെട്ടിടത്തെയും കുറിച്ചും പ്രത്യേകം പ്രത്യേകം വിവരം ഇതില്‍ ലഭ്യമായിരിക്കും. ലാന്റ് വിഭാഗത്തിന് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വിവരങ്ങളുമായി ഒത്തുനോക്കിയാവും കുറ്റമറ്റ രീതിയില്‍ സ്റ്റാര്‍ റേറ്റിംഗ് നടപ്പാക്കുക. ഇതിനായുള്ള പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാവും വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുക.
ഫോര്‍ ജി സംവിധാനത്തിന്റെ സഹായത്തോടെയുള്ള പദ്ധതിയില്‍ വിവരങ്ങള്‍ ടാബ് ലെറ്റിലേക്കാവും ശേഖരിക്കുക. നൂറു ശതമാനം കടലാസ് രഹിതമായ പദ്ധതിയാണിത്. വാടകയും സേവന നികുതിയും കണക്കുകൂട്ടുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ സ്റ്റാര്‍ റേറ്റിംഗിന്റെ ഭാഗമാവുമെന്നതിനാല്‍ കെട്ടിട ഉമക്കും വാടകക്കാര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും സര്‍ക്കാരിനുമെല്ലാം ഏറെ സൗകര്യപ്രദമായിരിക്കും സംവിധാനം. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് സ്റ്റാര്‍ റേറ്റിംഗ് സംവിധാനം പ്രവര്‍ത്തിക്കുക. ദുബൈ 2021 പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ പദ്ധതി.

 

Latest