മോദിയുടെ ബിരുദ സര്‍ട്ടിസര്‍ട്ടിഫിക്കറ്റുകള്‍ പുറത്തു വിട്ട് ബിജെപി

Posted on: May 9, 2016 3:30 pm | Last updated: May 10, 2016 at 9:08 am

AMITH ARUNന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തിന് മറുപടിയുമായി മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തു വിട്ടു കൊണ്ട് ബി.ജെ.പി രംഗത്ത്. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യമാക്കിയത്. മോദിയുടെ വിദ്യാഭ്യാസയോഗ്യതകളുടെ പേരില്‍ തെറ്റായ ആരോപണം ഉന്നയിച്ച് ആംആദ്മി പാര്‍ട്ടി രാജ്യത്തെ അപമാനിച്ചെന്നും അനാവശ്യ ആരോപണം ഉന്നയിച്ച കെജ്‌രിവാള്‍ മാപ്പു പറയണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.

മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദവും നേടിയതായി നേതാക്കള്‍ പറഞ്ഞു. സര്‍വകലാശാല നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച ഷാ, മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ച് വിശദീകരിക്കാന്‍ പത്രസമ്മേളനം വിളിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞു. മോദിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെജ്‌രിവാള്‍ വിഷയം ഉയര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

MODI CERTIFICATEതരംതാണ രാഷ്ട്രീയക്കളിയാണ് കെജ്‌രിവാളിന്റേതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കഠിനമായി പരിശ്രമിച്ചാണ് മോദി ബിരുദങ്ങള്‍ നേടിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണ്. അത്തരം നീക്കങ്ങളെ ശക്തമായി ചെറുത്ത് തോല്‍പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന സാഹചര്യത്തില്‍, 62.3 ശതമാനം മാര്‍ക്കോടെ എംഎ പാസായിട്ടുണെ്ടന്നു ഗുജറാത്ത് സര്‍വകലാശാല വെളിപ്പെടുത്തിയിരുന്നു. കേജരിവാളിന്റെ ആവശ്യപ്രകാരം കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചത് അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നും ഡല്‍ഹി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് കെജരിവാള്‍ കത്തയച്ചിരുന്നു. പക്ഷേ വിദ്യാഭ്യാസ രേഖകള്‍ ഡല്‍ഹി സര്‍വകലാശാല പുറത്തുവിട്ടിരുന്നില്ല.

മോദി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിഎ ബിരുദമെടുത്തിട്ടില്ലെന്നും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.