ഉത്തരാഖണ്ഡ്:വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു

Posted on: May 9, 2016 11:33 am | Last updated: May 9, 2016 at 7:01 pm

harish rawathനൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തിയ ഒന്‍പത് എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് യു.സി. ധ്യാനി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഹൈക്കോടതി വിധി. വിധി ബിജെപിയ്ക്ക് തിരിച്ചടിയാണ്.

എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിമത അംഗങ്ങള്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, വിമത എംഎല്‍എമാരെ പുറത്താക്കിയ സ്പീക്കറുടെ നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് ഹരീഷ് റാവത്ത് സര്‍ക്കാരിന് വിശ്വാസവോട്ട് തേടേണ്ട ഘട്ടം വന്നിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന്റെ തലേന്ന് നിയമസഭയെ പിരിച്ചുവിട്ട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പിന് അനുകൂല ഉത്തരവ് നേടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം 18ന് സുപ്രധാന ധനബില്‍ വോട്ടിനിട്ടപ്പോള്‍ ഒമ്പത് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായത്. 70 അംഗ നിയമസഭയില്‍ 36 എം.എല്‍.എ മാരുടെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രതിപക്ഷമായ ബിജെപിക്ക് നിയമസഭയില്‍ 28 എംഎല്‍എമാരുണ്ട്.