ഐ ജിയുടെ വസതിയില്‍ മാതാ അമൃതാനന്ദമയിയെത്തിയത് വിവാദമാകുന്നു

Posted on: May 9, 2016 9:22 am | Last updated: May 9, 2016 at 9:22 am

suresh raj purohithതൃശൂര്‍: പോലീസ് അക്കാദമി ഐ ജി സുരേഷ് രാജ് പുരോഹിതിന്റെ ഔദ്യോഗിക വസതിയില്‍ മാതാ അമൃതാനന്ദമയിയെത്തിയത് വിവാദമാകുന്നു. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് രാമവര്‍മപുരം പോലീസ് അക്കാദമിയിലെ ഐ ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അമൃതാനന്ദമയിയെത്തിയത്. പുറത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് അക്കാദമിയിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ്, അമൃതാനന്ദമയിയുടെയും ഭക്തരുടെയും സന്ദര്‍ശനം.
സുരേഷ് രാജ് പുരോഹിത് ചുമതലയേറ്റതിന് ശേഷം പോലീസ് അക്കാദമിയില്‍ നടപ്പിലാക്കിയ പല പരിഷ്‌കാരങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഏറെ വിവാദമായിരുന്നു. ഇതോടെ മാധ്യമങ്ങള്‍ക്ക് പോലും അക്കാദമിയിലേക്ക് പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. അക്കാദമയിലെ മെസില്‍ മാംസാഹാരം നിരോധിച്ചതും ട്രെയിനികളെ പീഡിപ്പിക്കുന്നതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനിടെ ഐ ജി നാളുകള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് ഔദ്യോഗിക വാഹനമോടിപ്പിച്ച സംഭവം ദൃശ്യങ്ങളോടെ മാധ്യമങ്ങള്‍ പുറത്തു വിട്ടതും വിവാദമായിരുന്നു.