ഉത്തരാഖണ്ഡിലെ വിമത എം എല്‍ എമാര്‍ക്ക് കോഴ നല്‍കിയെന്ന് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

Posted on: May 9, 2016 12:29 am | Last updated: May 8, 2016 at 11:45 pm

ന്യൂഡല്‍ഹി:ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് വഴിതെളിച്ച കോണ്‍ഗ്രസിലെ വിമത എം എല്‍ എമാരെ കോഴ നല്‍കി സ്വാധീനിക്കുന്ന വീഡിയോ പുറത്തായി. വിമത നീക്കത്തിന് പിന്നാലെ ധൃതിപിടിച്ചുള്ള കേന്ദ്ര നീക്കത്തെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം തുടരുന്ന ഉത്തരാഖണ്ഡില്‍ 12 വിമത എം എല്‍ എമാര്‍ക്ക് 25ലക്ഷം രൂപ വീതം കോഴപ്പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. പ്രാദേശിക വാര്‍ത്താ ചാനലായ സമാചാര്‍ പ്ലസ് ആണ് വീഡിയോ പുറത്തുവിട്ടത്.

രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയതിന് പിന്നാലെ കോടതി ഇടപെടല്‍ മൂലം ഈ മാസം പത്തിന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി വീഡിയോ പുറത്തായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്തില്‍ നിന്ന് 12 വിമത എം എല്‍ എമാര്‍ 25 ലക്ഷം വീതം കൈപ്പറ്റി കുതിരക്കച്ചവടം നടത്തിയെന്ന് വെളിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങളില്‍ കോണ്‍ഗ്രസ് എം എല്‍ എ മദന്‍ സിംഗാണ് പ്രത്യക്ഷപ്പെടുന്നത്. 12 എം എല്‍ എമാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ഹരീഷ് റാവത്തിന്റെ വിശ്വസ്തനായ ഈ എം എല്‍ എ വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്. 12 എം എല്‍ എമാര്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കിയെന്നും അവരുടെ ചെലവുകള്‍ക്കു വേണ്ടിയാണ് താന്‍ പണം നല്‍കിയെന്നുമാണ് ഹരീഷ് റാവത്തിന്റെ വിശ്വസ്തന്‍ വീഡിയോയില്‍ സമ്മതിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും ഹരീഷ് റാവത്തുമായി അടുത്ത് നില്‍ക്കുന്ന മറ്റു പാര്‍ട്ടികളിലെ എം എല്‍ എമാര്‍ക്കും താന്‍ പണം കൊടുത്തുവെന്ന് ഇദ്ദേഹം പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിമത എം എല്‍ എ ഹരക് സിംഗ് റാവത്താണ് ഹിന്ദി ചാനലിന് കൈമാറിയത്. താന്‍ അഹമ്മദ് പട്ടേല്‍, അംബികാ സോണി എന്നീ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് എം എല്‍ എ പറയുന്നതും വീഡിയോയിലുണ്ട്. സംസ്ഥാനത്ത് അനധികൃതമായി ക്വാറി ഖനനത്തിന് അനുമി നല്‍കിയതിലൂടെ ഹരീഷ് റാവത്ത് 27 കോടി രൂപ സമ്പാദിച്ചതായും വീഡിയോയില്‍ പറയുന്നു. അതേസമയം. വിവാദ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ബി ജെ പി നേതാക്കള്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയതായി ഒരു കോണ്‍ഗ്രസ് എം എല്‍ എ പോലീസില്‍ പരാതി നല്‍കി. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതികൂലമായി വോട്ട് ചെയ്യാന്‍ തന്നെ നിര്‍ബന്ധിക്കുന്നെന്നാണ് എം എല്‍ എയുടെ പരാതി.
രാഷ്ട്രപതി ഭരണം തുടരുന്നതിനാല്‍ ഉത്തരാഖണ്ഡിന്റെ ബജറ്റ് നാളെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. അതേസമയം, വിമത എം എല്‍ എമാര്‍ വിശ്വാസ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള ഇവരുടെ പരാതിയില്‍ ഡെറാഡൂണ്‍ ഹൈക്കോടതി ഇന്ന് വിധി പറയും.