തിരഞ്ഞെടുക്കുമ്പോള്‍

Posted on: May 9, 2016 6:23 am | Last updated: May 8, 2016 at 11:12 pm

SIRAJതിരഞ്ഞെടുപ്പിന് ദിവസങ്ങളുടെ അകലം മാത്രമേയുള്ളൂ. ഒരു കാലത്തും ഇല്ലാത്ത വിധം മത്സരച്ചൂട് കൂടുകയാണ്. ഇത്തരം മത്സരങ്ങളില്‍ ശാന്തവും പക്വവും വിവേകപൂര്‍ണവുമായ പ്രചാരണ പ്രവര്‍ത്തനങ്ങളേക്കാള്‍ തന്ത്രങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കുമാണ് പ്രാമുഖ്യം ലഭിക്കാറുള്ളത്. ഏറ്റവും ഉത്കൃഷ്ടമായ ഭരണ സംവിധാനമെന്ന് വിലയിരുത്തപ്പെടുന്ന ജനാധിപത്യത്തിലെ ഏറ്റവും നിര്‍ണായകമായ പ്രക്രിയയാണ് തിരഞ്ഞെടുപ്പുകള്‍. അവിടെ പ്രതിഫലിക്കേണ്ടത് പൗരന്‍മാരുടെ യഥാര്‍ഥ ആശങ്കകളും പ്രതീക്ഷകളുമാണ്. മനുഷ്യരെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പ്രചാരണ വിഷയങ്ങളാകേണ്ടത്. ഫലപ്രദമായ വിശകലനങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും ആരോഗ്യകരമായ വാദപ്രതിവാദങ്ങളിലൂടെയും പ്രചാരണം മുന്നേറുമ്പോള്‍ അത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന, തിരുത്തുന്ന പ്രക്രിയയായി മാറും. ഈയടുത്തായി തിരഞ്ഞെടുപ്പുകളില്‍ ഇത്തരമൊരു പ്രചാരണ പ്രവര്‍ത്തനമല്ല കണ്ടുവരുന്നത്. പെട്ടെന്ന് പൊട്ടിമുളക്കുന്ന അതിവൈകാരികമായ ഏതെങ്കിലും പ്രശ്‌നത്തിലേക്കോ നേതാവിന്റെ ഒട്ടും അവധാനതയില്ലാത്ത ഒരു പ്രസ്താവനയിലേക്കോ അവകാശവാദങ്ങളിലേക്കോ പ്രചാരണം മൊത്തം ചുരുങ്ങുകയാണ് ചെയ്യാറുള്ളത്.
ഫാസിസം ജ്വലിച്ച് നില്‍ക്കുമ്പോഴും ഈ തിരഞ്ഞെടുപ്പില്‍ അത് കാര്യമായ ചര്‍ച്ചയാകുന്നില്ല. മറിച്ച് ഫാസിസ്റ്റുകളുമായി രഹസ്യബാന്ധവമുണ്ടാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പരാമര്‍ശം ഇത്തരം നീക്കു പോക്കുകളുടെ ഭാഗമായി മാത്രമേ കാണാനാകൂ. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബി ജെ പിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്‍ ഡി എഫ് മൂന്നാം സ്ഥാനത്താണത്രേ. അരുവിക്കരയില്‍ ഈ തന്ത്രം പയറ്റിയയാളാണ് ഉമ്മന്‍ ചാണ്ടി. ബി ജെ പിക്ക് സ്വീകാര്യതയും ആത്മവിശ്വാസവും ഉണ്ടാക്കി കൊടുക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഏത് തന്ത്രത്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ല.
തിരഞ്ഞെടുപ്പ് ദോഗയില്‍ തന്ത്രങ്ങള്‍ക്കാണ് പ്രാമുഖ്യം. സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് തൊട്ട് തന്നെ തന്ത്രങ്ങളുടെ വിളയാട്ടമാണ്. ഒരു തത്വദീക്ഷയുമില്ലാത്ത പ്രവണതകളാണ് അരങ്ങുവാഴുന്നത്. അപരന്‍മാരെ നിര്‍ത്തുന്നത് ഇതില്‍ ഏറ്റവും അപലപനീയമായ പ്രവണതയാണ്. പ്രധാന സ്ഥാനാര്‍ഥികളുടെ പേരിനോട് സാമ്യമുളളതോ അതേ പേര് തന്നെയോ ഉള്ളയാളെ കണ്ടെത്തി പത്രിക നല്‍കിക്കുകയാണ് ചെയ്യുന്നത്. ഏത് പൗരനും മത്സരിക്കാനുള്ള അവകാശമുണ്ട് എന്ന പൗരാവകാശത്തിന്റെ മറവിലാണ് ഈ അത്യാചാരം.140 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി 1203 പേര്‍ ഗോദയലിറങ്ങുന്ന സ്ഥിതിയുണ്ടാകുന്നത് അപരന്‍മാരുടെ സാന്നിധ്യം ഒന്നു കൊണ്ട് മാത്രമാണ്. കൂടുതല്‍ ഗ്രൂപ്പുകളും വിഭാഗങ്ങളും തിരഞ്ഞടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. എല്ലാവരും മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകള്‍ ചര്‍ച്ചയാകുകയാണല്ലോ ചെയ്യുക. എന്നാല്‍ ഈ അപരന്‍മാരുടെ കാര്യം അതൊന്നുമല്ല. എതിരാളിയെ തറപറ്റിക്കാനുള്ള ഒട്ടും മാന്യമല്ലാത്ത ഏര്‍പ്പാട് മാത്രമാണ് അത്. നിരവധി പ്രമുഖരായ സ്ഥാനാര്‍ഥികള്‍ അപരന്‍മാരുടെ സാന്നിധ്യം കൊണ്ട് മാത്രം തോല്‍വിയുടെ രുചിയറിഞ്ഞിട്ടുണ്ട്. ഇത്തവണ സ്ഥാനാര്‍ഥികളുടെ ഫോട്ടോ കൂടി ബാലറ്റ് യൂനിറ്റില്‍ ഉണ്ടാകുമെന്നത് ഈ അപര വിളയാട്ടത്തിന് ശമനമുണ്ടാക്കിയേക്കാം. പക്ഷേ ഈ പ്രവണത അവസാനിപ്പിക്കേണ്ടത് തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകില്ല. അതെങ്ങനെയെന്നതാണ് ചോദ്യം. മറ്റ് നിരവധി ദുഷ്പ്രവണതകള്‍ക്ക് തടയിടാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്മീഷനും നിസ്സാഹായമാണ്. നിയമപരമായ പരിഹാരം അസാധ്യമാണ് എന്നതാണ് കാരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമാവായത്തിലെത്തുക മാത്രമാണ് പോംവഴി.
ഇത്തവണ മിക്ക മണ്ഡലങ്ങളിലും ഫലം തികച്ചും പ്രവചനനാതീതമാണെന്നത് നല്ല കാര്യമാണ്. ഒരു മണ്ഡലവും ഒരു പാര്‍ട്ടിയുടെയും കുത്തക അല്ലാതാകുകയാണ്. കുറ്റിച്ചൂല് നിര്‍ത്തിയാലും ജയിച്ചു കയറുമെന്ന സമുദായപാര്‍ട്ടി അടക്കമുള്ളവരുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞടിയുകയാണ്. ഈ സാഹചര്യം മത്സരത്തിന്റെ തീവ്രത വല്ലാതെ കൂട്ടിയിട്ടുണ്ട്. അതോടെ പണമൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. അതിസമ്പന്നര്‍ക്ക് മാത്രം സാധ്യമായ ഒന്നായി തിരഞ്ഞെടുപ്പ് മാറുന്നു. നിരീക്ഷകര്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടെങ്കിലും അതെല്ലാം മറികടക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശബ്ദ കോലാഹലത്തിന് ഒരു കുറവുമില്ല. കലാശക്കൊട്ട് പോലുള്ള വിഡ്ഢിത്തങ്ങള്‍ ഇത്തവണയും അരങ്ങേറും. മനുഷ്യരെ അധിക്ഷേപിക്കുന്ന പണി ഇത്തവണ വെള്ളാപ്പള്ളി നടേശനാണ് ഏറ്റെടുത്തിരിക്കുന്നത്. ഉടുമ്പന്‍ചോലയിലെ സി പി എം സ്ഥാനാര്‍ഥിയെ കരിങ്കുരങ്ങ് എന്ന് വിളിച്ചത് ക്രൂരമായ വംശീയ അധിക്ഷേപമാണ്. എന്തും വിളിച്ചു കൂവുന്ന ഇത്തരം അഹങ്കാരികള്‍ക്ക് ചുട്ട മറുപടി നല്‍കണം. ചെപ്പടിവിദ്യകള്‍ കൊണ്ടും പണക്കൊഴുപ്പു കൊണ്ടും വിദ്വേഷ രാഷ്ട്രീയം കൊണ്ടും ജയിച്ചു കയറാമെന്ന വ്യാമോഹത്തിന് കനത്ത തിരിച്ചടി നല്‍കുന്നതാകണം ജനവിധി. അഴിമതിയും സ്വജനപക്ഷപാതവും അക്രമവും അവകാശവാദങ്ങള്‍ കൊണ്ട് മൂടിവെക്കാനാകില്ലെന്ന താക്കീത് നല്‍കാന്‍ ജനാധിപത്യ കേരളത്തിന് സാധിക്കണം.