ഫൈബര്‍ഗ്ലാസ് ഫാക്ടറിയില്‍ തീപിടുത്തം

Posted on: May 8, 2016 3:12 pm | Last updated: May 8, 2016 at 3:12 pm

fireഅജ്മാന്‍: വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫൈബര്‍ഗ്ലാസ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ഇന്നലെ രാവിലെ 11.15നാണ് തീപിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ നാസര്‍ റാശിദ് അല്‍ സിരി വെളിപ്പെടുത്തി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഫാക്ടറിയുടെ മൂലയില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നിടത്തുനിന്നാണ് തീ പടര്‍ന്നത്. ഫാക്ടറി പാതിയോളം കത്തിയമര്‍ന്നു. മറ്റ് ഭാഗങ്ങളിലേക്ക് തീപടരുന്നത് ഫലപ്രദമായി തടയാന്‍ സാധിച്ചതിനാലാണ് തീപിടുത്തത്തിന്റെ ആഘാതം കുറക്കാനായത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇതോടനുബന്ധിച്ചുള്ള കെട്ടിടത്തിലുള്ളവരെയും ഒഴിപ്പിച്ചിരുന്നു.
ഫാക്ടറിയിലേക്ക് എത്തിച്ചേരാനുള്ള മുഴുവന്‍ റോഡുകളും അജ്മാന്‍ പോലീസ് അടച്ചിരുന്നു. ആംബുലന്‍സിനും അഗ്നിശമന വാഹനങ്ങള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാനായിരുന്നു നടപടി. അധികം വൈകാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പെടെയുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
തീ പിടുത്തത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറി ഉടമകള്‍ സ്ഥാപനങ്ങളിലെ തീ അണയ്ക്കാനുള്ള ഉപകരണങ്ങള്‍ കുറ്റമറ്റതാക്കണമെന്നും വസ്തുക്കള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കണമെന്നും അല്‍ സിരി ആവശ്യപ്പെട്ടു.