ലീഗ് നേതാവ് ഇടത് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് വേദിയില്‍

Posted on: May 7, 2016 11:06 am | Last updated: May 7, 2016 at 11:06 am

തിരൂരങ്ങാടി: തെന്നല സഹകരണ ബേങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തെ ചോദ്യം ചെയ്തതിന് മുസ്‌ലിം ലീഗുമായി വിട്ട് നില്‍ക്കുന്ന അശ്‌റഫ് തെന്നല തിരൂരങ്ങാടിയിലെ ഇടത് സ്ഥാനാര്‍ഥിയുടെ പ്രചാരണ വേദിയില്‍.
എം എസ് എഫ് മുന്‍ജില്ലാ സെക്രട്ടറിയും തെന്നല ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുകൂടിയായ അശ്‌റഫ് തെന്നലയെ ഏതാനും ദിവസം മുമ്പാണ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അദ്ദേഹത്തിന്റെ ഈ മനം മാറ്റം ലീഗ് നേതൃത്വത്തിന് ശക്തമായ തിരിച്ചടിയായി. തെന്നലയിലെ മുസ്‌ലിം ലീഗില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന അഴിമതി ആരോപണവും ഗ്രൂപ്പിസവുമാണ് അശ്‌റഫിന്റെ രാജിക്ക് പിന്നിലെന്ന് പറയപ്പെടുന്നു. മുസ്‌ലിം ലീഗിനെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തെന്നല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ലീഗിന് പിന്നില്‍ ആത്മാഭിമാനമുള്ളവര്‍ക്ക് നില്‍ക്കാനാകില്ലെന്ന് തുറന്ന് പറയാനും മടിച്ചില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തെന്നല പഞ്ചായത്തില്‍ ഏഴ് വാര്‍ഡുകള്‍ മുസ്‌ലിം ലീഗിന് നഷ്ടമായിട്ടും ഇതിനെ കുറിച്ച് വിലയിരുത്താന്‍ പോലും നേതൃത്വം തയ്യാറായില്ല. പാര്‍ട്ടിയില്‍ നിന്ന് പോയവരെ തിരിച്ച് കൊണ്ടുവരാനോ കാരണം അന്വേഷിക്കാനോ മുതിരാതെ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് മുസ്‌ലിം ലീഗ്.
അഴിമതിക്കാരെ തെന്നലയുടെ രാഷ്ട്രീയത്തില്‍ നിന്ന് പിഴുതെറിയണമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴിമതിക്കാരെ തോല്‍പിക്കണമെന്നും ഇതിന് വേണ്ടി രംഗത്തുണ്ടാകുമെന്നും അശ്‌റഫ് പറഞ്ഞു. ബേങ്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് അശ്‌റഫ് സീജവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തോടപ്പം നിരവധി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും നിയാസ് പുളിക്കലകത്തിന് വേണ്ടി ഇത്തവണ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതുവരെയും പ്രതിപക്ഷമില്ലാതെ മുസ്‌ലിം ലീഗ് തനിച്ച് ഭരിച്ചിരുന്ന തെന്നലയില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 സീറ്റില്‍ ഏഴ് സീറ്റുകളില്‍ ലീഗ് തോറ്റിരുന്നു. ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. എന്നാല്‍ ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതെല്ലാം തുഛമായ വോട്ടിനാണ്. അതേസമയം തിരഞ്ഞെടുപ്പ് മുന്നിലെത്തിയ ഈ സമയത്ത് അശ്‌റഫ് ഈ നിലപാട് എടുത്തതില്‍ വിഷമമുണ്ടെന്ന് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ നെഹ പറഞ്ഞു.