കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം: കാനം

Posted on: May 7, 2016 11:03 am | Last updated: May 7, 2016 at 11:03 am

പാലക്കാട്: കേരളം കടുത്ത വരള്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കാതെ മുഖ്യമന്ത്രിയും സംഘവും ഇരുട്ടില്‍ തപ്പുകയാണെന്ന് സി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കുടിവെള്ളമില്ലാതെ ഒരുമാസമായ്ട്ട് പലമേഖലകളും ദുരിതമനുഭവിച്ചിട്ടും അതു പരിഹരിക്കുന്നതിന് ഒരു നടപടിയും എടുക്കാത്ത മുഖ്യമന്ത്രി ഇനിയെങ്കിലും സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ ഡി എഫ് ഭരണത്തില്‍ വന്നാല്‍ സംസ്ഥാനത്തെ വരള്‍ച്ച നേരിടുന്നതിനും, തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളാവും ആദ്യം ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ വരുത്തിയ കുറവ് പിന്‍വലിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിന് ഇനി വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും കൃഷി മോനിട്ടറിംഗ് സംവിധാനം നടപ്പാക്കുന്നതിന് പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും എല്‍ ഡി എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും സന്ദേശമാണ് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മരണം നമ്മുക്കു നല്‍കുന്ന സൂചനയെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം അഭിപ്രായപ്പെട്ടു.
നിര്‍ഭയ വിഷയത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമഭേദഗതികള്‍ ഉണ്ടായെങ്കിലും പിന്നീട് അതില്‍ വന്ന മോണിട്ടറിംഗ് സംവിധാനങ്ങളുടെ പിഴവാണ് ഇത്തരം ക്രൂരതകള്‍ വീണ്ടും അരങ്ങേറാന്‍ ഇടയാക്കിയതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ കഴില്‍ കിണറുകളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്നും പാലക്കാട്ടെ പെപ്‌സി മാത്രമല്ല വന്‍കിട ജലചൂഷണ കമ്പനികളുടെ അമിതജലദുരൂപയോഗത്തിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. നിയമം അനുസരിക്കുന്നതിനാണെന്നും ഇന്ന് നിയമലംഘനങ്ങളാണ് സാര്‍വ്വത്രികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ പെപ്‌സി മാത്രമല്ല കേരളത്തില്‍ അങ്ങോളമിങ്ങോളമുളള വന്‍കിട ജലചൂഷണ കമ്പനികള്‍ക്കെതിരെ നിയമനിര്‍മ്മാണം കൊണ്ടുവന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംസ്ഥാന എക്‌സി.അംഗം വി ചാമുണ്ണി, ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയന്‍ കുനിശ്ശേരി എന്നിവരും പങ്കെടുത്തു. പാലക്കാട് ജില്ലയില്‍ പാത്തിക്കലില്‍ എന്‍ എന്‍ കൃഷ്ണദാസിന്റെ തിരഞ്ഞെടുപ്പു യോഗത്തിലും മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെയും, മണ്ണാര്‍ക്കാട്ട് കെ പി സുരേഷ് രാജിന്റെയും തെരഞ്ഞടുപ്പു പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുന്നതിനാണ് കാനം രാജേന്ദ്രന്‍ പാലക്കാടെത്തിയത്.