Connect with us

Palakkad

മണ്ണാര്‍ക്കാട് യു ഡി എഫ് വിയര്‍ക്കുന്നു കുന്നിന്‍ മുകളില്‍ പറയാനാരുമില്ല; കുന്നിറങ്ങിയാല്‍ രാഷ്ട്രീയം പറയാനും വയ്യ

Published

|

Last Updated

മണ്ണാര്‍ക്കാട് : നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലം യു ഡി എഫിന് പരീക്ഷണമാകുന്നു. അട്ടപ്പാടി മേഖലയില്‍ തീര്‍ത്തും നിശ്ചലമായ യു ഡി എഫ് സംവിധാനം മണ്ണാര്‍ക്കാട് മേഖലയില്‍ പ്രതിരോധത്തിലുമാണ്. മണ്ഡലത്തിലെ രണ്ട് മേഖലകളിലും തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അട്ടപ്പാടി മേഖലയില്‍ യു ഡി എഫ് തീര്‍ത്തും തകര്‍ന്ന അവസ്ഥയിലാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏഴായിരത്തിലധികം വോട്ടുകളാണ് ഈ മേഖലയില്‍ ഇടതുമുന്നണി അധികമായി നേടിയത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കേരള രക്ഷാ യാത്രയുമായി ബന്ധപ്പെട്ട് നടപടി നേരിട്ട കോണ്‍ഗ്രസിലെ ഐ വിഭാഗം ഈ പ്രദേശത്ത് യു ഡി എഫുമായി അകന്ന് നില്‍ക്കുകയാണ്. യാത്രയുമായി സഹകരിച്ചില്ലെന്ന കാരണത്താല്‍ ബ്ലോക്ക് കമ്മറ്റിയും മണ്ഡലം കമ്മറ്റിയും പിരിച്ചു വിട്ടിരുന്നു.
കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്റ് ആന്‍സന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേക്കേറി എല്‍ ഡി എഫിന്റെ ഭാഗമാവുകയും ചെയ്തു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ബി ജെ പിയിയും ചെറിയൊരു വിഭാഗം ജയലളിതയുടെ എ ഐ ഡി എം കെയിലും ചേര്‍ന്നു. മുസ്‌ലിം ലീഗ് ഈ മേഖലയില്‍ തീര്‍ത്തും ശൂന്യവുമാണ്. ഇതോടെ യു ഡി എഫ് സംവിധാനം അട്ടപ്പാടിയില്‍ നിശ്ചലമായ അവസ്ഥയാണ്. കഴിഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ തന്നെ യു ഡി എഫ് 122 വാര്‍ഡുകളില്‍ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. ഈ നിരാശ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്തും പ്രകടനമാണ്.
തമിഴ് കുടിയേറ്റക്കാരും, മലയാളി കുടിയേറ്റക്കാരും ആദിവാസികളും ഒരു പോലെയുള്ള അട്ടപ്പാടി മേഖലയില്‍ യു ഡി എഫ് ഇത്തവണ തീര്‍ത്തും നിറം മങ്ങും. ഇവിടെ പ്രചാരണം ഏറ്റെടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. എന്നാല്‍ കുന്നിറങ്ങി മണ്ണാര്‍ക്കാട് മേഖലയിലെത്തിയാല്‍ യു ഡി ഫ് പ്രചാരണത്തില്‍ പ്രതിരോധത്തിലുമാണ്. കല്ലാംകുഴി ഇരട്ടകൊലപാതക കേസ് സജീവമായി നിലനില്‍ക്കുന്ന മേഖലയില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കാനാവാതെ വിയര്‍ക്കുകയാണ് യു ഡി എഫ്.
കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുംഹംസുവിന്റെയും നൂറുദ്ദീന്റെയും കൊലയാളികളെ നിയമപരമായും രാഷ്ട്രീയമായും സഹായിച്ചുവെന്ന കാരണത്താല്‍ സ്ഥാനാര്‍ഥി ശംസുദ്ദീനെ പൂര്‍ണമായി പിന്തുണക്കാനും പ്രചാരണ രംഗത്ത് സജീവമാകാനും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ വിമുഖത കാണിക്കുന്നതാണ് യു ഡി എഫിനെ വലക്കുന്നത്.
ഇരട്ടകൊല സജീവ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങളോ വികസനമോ ഒന്നും പറയാതെ കൊലപാതക രാഷ്ട്രീയത്തിന് മറുപടി പറയേണ്ട അവസ്ഥയിലാണ് യു ഡി എഫ് നേതൃത്വം. കൊലപാതകികളെ സഹായിച്ച എം എല്‍ എയും ലീഗ് നേതൃത്വവും തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം പറയുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമാക്കാന്‍ പ്രമുഖ നേതാക്കളെ മണ്ഡലത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രവര്‍ത്തകരില്‍ നിന്നും തണുത്ത പ്രതികരണമാണുള്ളത്. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കോട്ടോപ്പാടം, കുമരംപൂത്തൂര്‍, അലനെല്ലൂര്‍ പഞ്ചായത്തുകളാണ് താഴെ പ്രദേശത്തുള്ളത്. ഇതില്‍ തെങ്കര, കോട്ടോപ്പാടം പഞ്ചായത്തുകള്‍ എല്‍ ഡി എഫാണ് ഭരിക്കുന്നത്. കുമരംപുത്തൂര്‍, അലനെല്ലൂര്‍ പഞ്ചായത്തുകള്‍ യു ഡി എഫും ഭരിക്കുന്നു.
മണ്ണാര്‍ക്കാട് നഗരസഭയില്‍ സീറ്റുനിലയില്‍ തുല്യതയായതിനാല്‍ നറുക്കെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം ലീഗിനും വൈസ് ചെയര്‍മാന്‍ സ്ഥാനം സി പി എമ്മിനും ലഭിച്ചു. പൊതുവെ എല്‍ ഡി എഫിന് അനൂകൂലമായ മണ്ഡലത്തില്‍ സീറ്റ് നിലനിര്‍ത്താന്‍ പ്രയാസപ്പെടുകയാണ് യു ഡി എഫ്.

 

Latest