സുഭിക്ഷ ഡയാലിസിസ് സെന്ററിനെതിരായ പരാതികള്‍ ലോകായുക്ത തള്ളി

Posted on: May 7, 2016 9:26 am | Last updated: May 7, 2016 at 9:26 am

പേരാമ്പ്ര: നാളീകേരാധിഷ്ടിത പദ്ധതിയായ സുഭിക്ഷ, ജനകീയ സഹകരണത്തോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയുമായി നടപ്പാക്കിയ ഡയാലിസിസ് സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ലോകായുക്ത തള്ളി. 2015 സെപ്തംബറില്‍ ആര്‍ എം പി പേരാമ്പ്ര ഏരിയാ സെക്രട്ടറി എം കെ മുരളീധരന്‍ നല്‍കിയ പരാതിയാണ് ലോകായുക്ത തള്ളിയത്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം കുഞ്ഞമ്മദ്, തദ്ദേശഭരണ വകുപ്പ് മുന്‍ സെക്രട്ടറി ടി കെ ജോസ് എന്നിവരെ യഥാക്രമം ഒന്നും രണ്ടും എതിര്‍കക്ഷികളാക്കിയാണ് പരാതി ബോധിപ്പിച്ചിരുന്നത്. സുഭിക്ഷ പദ്ധതിയുടെ ഭാഗമായ ആസ്തികള്‍, സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരിച്ച് ഒന്നാംകക്ഷി സ്വന്തമാക്കിയെന്നും അന്നത്തെ തദ്ദേശഭരണ വകുപ്പ് സെക്രട്ടറി ടി കെ ജോസ് ഐ എ എസ് ഇതിനായി തെറ്റായ ഉത്തരവിറക്കിയെന്നുമായിരുന്നു പരാതി. സര്‍ക്കാറിനെ കബളിപ്പിച്ച് കമ്പനിയുടെ മാനേജര്‍ തസ്തികയിലേക്ക് അനധികൃതമായി ഡെപ്യൂട്ടേഷന്‍’ സംഘടിപ്പിച്ചെന്നും ഭരണ സമിതി യോഗത്തിന്റെ മിനുട്‌സ് തിരുത്തി കമ്പനി രൂപവത്കരിക്കാന്‍ സാഹചര്യമൊരുക്കിയെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി എം കുഞ്ഞമ്മദ് അടക്കമുള്ള പത്ത് പേരുടെ സ്വകാര്യ സ്വത്താക്കി മാറ്റിയെന്ന ആക്ഷേപവും പരാതിയില്‍ ഉന്നയിക്കുകയുണ്ടായി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവും അതുവഴി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയു തമ്മിലുണ്ടാക്കിയ എഗ്രിമെന്റും റദ്ദാക്കണമെന്നും കമ്പനിക്ക് പകരം സൊസൈറ്റി രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജനകീയ കൂട്ടായ്മയിലൂടെ ആരംഭിച്ച ഡയാലിസിസ് സെന്ററും ആസ്തികളും എം കുഞ്ഞമ്മദ് ചെയര്‍മാനായ സ്വകാര്യ ട്രസ്റ്റ് കൈവശപ്പെടുത്തിയെന്നും, ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. അഴിമതി. നിരോധന നിയമപ്രകാരം കേസെടുത്ത് സമഗ്രാന്വേഷണം നടത്തി യുക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നും പരാതിയുണ്ടായി. സുഭിക്ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്ട്, വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍, പത്ര വാര്‍ത്തകള്‍, യു ഡി എഫ് നേതാക്കളുടെ മൊഴികള്‍ എന്നിവയാണ് തെളിവായി ഹാജരാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റൈഞ്ച് ഐജി ദിനേന്ദ്ര കശ്യപിന് അന്വേഷണ ചുമതല നല്‍കി ലോകായുക്ത ഉത്തരവിടുകയായിരുന്നു. ഐ ജി യുടെ നേതൃത്വത്തില്‍ ഡി വൈ എസ് പി ജയ്‌സണ്‍ കെ എബ്രഹാം, സി ഐ ഉണ്ണികൃഷ്ണന്‍, എസ് ഐ വേണു എന്നിവരാണ് അന്വേഷണം നടത്തിയത്. കോഴിക്കോട് പോവര്‍ട്ടി അലിവിയേഷന്‍ യൂനിറ്റ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, സുഭിക്ഷ ഓഫീസ്, പേരാമ്പ്ര താലൂക്ക് ആശുപത്രി, ഡയാലിസിസ് സെന്റര്‍, വടകര ബി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഡി ഇ ഇ ഓഫീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസ് എന്നിവിടങ്ങളില്‍ അന്വേഷണസംഘം പരിശോധിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്‌തെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് തെളിവുകളൊ സൂചനകളൊ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. തുടര്‍ന്ന്, പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന നിഗമനത്തിലെത്തി അന്വേഷണ സംഘം ലോകായുക്തക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളുകയുമായിരുന്നു.