Connect with us

Malappuram

സ്‌കൂള്‍ വിപണി ഉണര്‍ന്നു: വില വര്‍ധനവ് സാധാരണക്കാരെ കുഴക്കുന്നു

Published

|

Last Updated

കൊളത്തൂര്‍: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കേ സ്‌കൂള്‍ വിപണി ഉണര്‍ന്നു. ബാഗ്, കുട, നോട്ട് ബുക്കുകള്‍, ചെരുപ്പ്, യൂനിഫോം, ചോറു പാത്രം, വെള്ളകുപ്പികള്‍ എന്നിവയെല്ലാം വിപണിയില്‍ എത്തിക്കഴിഞ്ഞു.
എന്നാല്‍ ഉത്പന്നങ്ങളുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചത് രക്ഷിതാക്കളെ കുഴക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കാനുള്ള കച്ചവട തന്ത്രങ്ങളുമായാണ് വിപണി ഒരുക്കിയിരിക്കുന്നത്. സ്‌പൈഡര്‍മാന്‍, ഡോറ, ആംഗ്രി ബേര്‍ഡ്, ബെന്‍ 10 തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് കുട്ടികള്‍ക്ക് പ്രിയം. ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകളും തദ്ദേശിയമായി നിര്‍മിക്കുന്ന ബാഗുകളും വിപണിയിലുണ്ട്. 300 മുതല്‍ 1000 രൂപ വരെ വിലവരുന്ന ബാഗുകളും വിപണിയിലുണ്ട്.
ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന കുട്ടികളുടെ തിരക്ക് തുടങ്ങിയിട്ടുണ്ട് വ്യാപാര സ്ഥാപനങ്ങളില്‍.
പ്രധാന ബ്രാന്‍ഡുകള്‍ക്കൊപ്പം അവയുടെ വ്യാജനും വില്‍പനക്കുണ്ട്. വര്‍ണ കുടകളും വിപണിയില്‍ എത്തുന്നുണ്ട്. ഇവക്ക് കറുത്ത കുടയേക്കാള്‍ മുകളിലാണ് വില. വൈവിധ്യമാര്‍ന്ന കുടകള്‍ക്കാണ് ഡിമാന്റ്.
വാട്ടര്‍ ബോട്ടിലുകളും ടിഫിന്‍ ബോക്‌സുകളുമെല്ലാം കൂടുതല്‍ ആകര്‍ഷണീയമാക്കിയാണ് വിപണിയിലെത്തിയിട്ടുള്ളത്. യൂനിഫോമുകളുടെ വിപണനവും വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ സജീവമായിട്ടുണ്ട്. ചില സ്വകാര്യ സ്‌കൂളുകളില്‍ യൂനിഫോം നേരിട്ട് വിതരണം ചെയ്യുന്നുണ്ട്. വിവിധയിനം ഷൂസുകളും ചെരുപ്പുകളുമായി പ്രമുഖ ചെരുപ്പ് നിര്‍മാണ കമ്പനികളും വിപണിയില്‍ സജീവമാണ്.
സ്‌കൂള്‍ വിപണി പ്രയാസകരമാകുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, സോഷ്യല്‍ മീഡിയ കൂട്ടയ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും ആരംഭിച്ചിട്ടുണ്ട്.