സോഷ്യല്‍ മീഡിയ സ്വാധീനത്തില്‍ ഫേസ്ബുക്കും ട്വിറ്ററും പിറകിലേക്ക്

Posted on: May 6, 2016 5:54 pm | Last updated: May 6, 2016 at 5:54 pm

facebookദോഹ: രാജ്യത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ പോപ്പുലര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ കുറയുന്നതായി കണ്ടെത്തല്‍. ഉപഭോക്താക്കള്‍ പുതിയ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമിലേക്കും സ്‌നാപ്പ് ചാറ്റിലേക്കും മാറുന്നതായാണ് പഠനം. സുരക്ഷാ പ്രശ്‌നങ്ങളാമ് ഈ മാറ്റത്തിന്റെ പ്രധാന കാരണം. വിശാലമായ ഓഡിയന്‍സില്‍ നിന്ന് ചുരുങ്ങിയ വൃത്തത്തിലേക്ക് നേരിട്ട് സന്ദേശം കൈമാറുന്ന വാട്ട്‌സ് ആപ്പ്, ഫേയ്‌സ്ബുക്ക് മെസഞ്ചര്‍, സ്‌നാപ്പ് ചാറ്റ് തുടങ്ങിയവയിലേക്ക് മാറുന്ന മേഖലയിലെ പ്രവണതയെക്കുറിച്ച് നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റി ഖത്വറും ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകള്‍.
പ്രവാസികള്‍ക്കും ഖത്വരികള്‍ക്കും ഇടയില്‍ നടത്തിയ സര്‍വേയില്‍ ട്വിറ്ററിന്റെ ഉപയോഗം 2014ല്‍ 79 ശതമാനം ഉണ്ടായിരുന്നത് ഈ വര്‍ഷം 44 ശതമാനമായും ഫേസ്ബുക്ക് ഉപയോഗം 69ല്‍ നിന്ന് 52 ശതമാനമായും കുറഞ്ഞു. അഞ്ചിലൊന്ന് ഖത്വരികള്‍ മാത്രമാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ആറു രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സ്വകാര്യതയെക്കുറിച്ചുള്ള ആശങ്ക വര്‍ധിച്ചു വരുന്നതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. ഖത്വറിലെ 58 ശതമാനം പേരും ഈ അഭിപ്രായം പ്രകടിപ്പിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള കമ്പനികളെക്കുറിച്ചുള്ള ആശങ്കയും ഇവര്‍ പങ്കുവെക്കുന്നതായി എന്‍യു-ക്യു അസിസ്റ്റന്റ് പ്രൊഫസര്‍ ജസ്റ്റിന്‍ പറഞ്ഞു. യൂസര്‍മാരെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ശേഖരിക്കുന്നവയാണ് ഇവ രണ്ടും.
അതേ സമയം, പൊതുവായ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്ന ഇന്‍സ്റ്റഗ്രാമിന്റെ ഉപയോഗം കഴിഞ്ഞ വര്‍ഷം രാജ്യത്ത് വന്‍തോതില്‍ ഉയര്‍ന്നു. 2014ല്‍ 22 ശതമാനമുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം ഉപയോഗം 41 ശതമാനമായി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ രാഷ്ട്രീയ സ്വഭാവവും സ്വകാര്യ സ്വഭാവവും കുറഞ്ഞവയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
കൂടുതല്‍ ജനപ്രിയമായ സോഷ്യല്‍ മീഡിയയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുക എന്നത് സ്വാഭാവികമാണ്. വീഡിയോ കേന്ദ്രീകൃത ആപ്പായ സ്‌നാപ്പ് ചാറ്റില്‍ ആളുകള്‍ കൂടാനുള്ള കാരണം ഇതാണെന്നും മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.