ഉത്തരാഖണ്ഡില്‍ വിമതര്‍ക്ക് വോട്ടില്ല: വിശ്വാസ വോട്ട് തേടാം

Posted on: May 6, 2016 3:05 pm | Last updated: May 7, 2016 at 9:59 am

harish-rawat.jpg.image.784.410ന്യൂഡല്‍ഹി: വിമത നീക്കത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാറിന് വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ സുപ്രീം കോടതി അനുമതി. സ്പീക്കര്‍ അയോഗ്യരാക്കിയ ഒമ്പത് വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും വോട്ടെടുപ്പ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും കോടതി ഉത്തരവിട്ടു.
ഈ മാസം പത്തിന് ഭൂരിപക്ഷം തെളിയിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. അതോടൊപ്പം വോട്ടെടുപ്പ് നടപടികള്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാകണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയോ മുന്‍ ജഡ്ജിയുടെയോ നിരീക്ഷണം ഉണ്ടാകണമെന്നാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ആവശ്യപ്പെട്ടത്.
വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന രണ്ട് മണിക്കൂര്‍ സമയത്തേക്ക് രാഷ്ട്രപതിഭരണം എടുത്തുമാറ്റും. രാവിലെ 11 മുതല്‍ ഒന്ന് വരെയാണ് രാഷ്ട്രപതിഭരണത്തില്‍ ഇളവ് നല്‍കുന്നത്. വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ രേഖകള്‍ പിറ്റേ ദിവസം സുപ്രീം കോടതിയില്‍ സീല്‍ ചെയ്ത കവറില്‍ ഹാജരാക്കണം. കോടതി നിയോഗിച്ച നിരീക്ഷകനും സഭയിലുണ്ടാകും. അതേസമയം, വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എം എല്‍ എമാര്‍ നല്‍കിയ ഹരജി ഇന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ്. ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. ഇത് നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കും.
ഹരീഷ് റാവത്ത് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ഒമ്പത് കോണ്‍ഗ്രസ് വിമത എം എല്‍ എമാര്‍ രംഗത്ത് വന്നതോടെയാണ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായത്. തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുമ്പാണ് ധൃതിപിടിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത് നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എം എല്‍ എമാര്‍ക്ക് സഭയിലെത്തുന്നതിനുവേണ്ട സൗകര്യം ചെയ്തുകൊടുക്കാനും സുരക്ഷയൊരുക്കാനും ഉത്തരാഖണ്ഡ് പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസ് ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നിര്‍ദേശം നല്‍കി. ഹരീഷ് റാവത്ത് സര്‍ക്കാറിനെ അനുകൂലിക്കുന്നവര്‍ സഭയുടെ ഒരു വശത്തും എതിര്‍ക്കുന്നവര്‍ മറുവശത്തും ഇരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്പീക്കര്‍ ആവശ്യപ്പെടുന്ന വേളയില്‍ പിന്തുണക്കുന്നവര്‍ കൈപൊക്കി വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണം.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്തഗി കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ലജിസ്ലേറ്റീവ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരീക്ഷകനായി നിയോഗിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഉത്തരവുണ്ടായത്. നേരത്തെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എഴുപതംഗ നിയമസഭയില്‍ ഒമ്പത് വിമതരുള്‍പ്പെടെ 36 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബി ജെ പിക്ക് 28 അംഗങ്ങളുണ്ട്. ആറ് സ്വതന്ത്രരും സഭയിലുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ 32 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നിലനിര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.