Connect with us

National

വേനലവധിയായി; കുട്ടികളെ കടത്തല്‍ വ്യാപകം

Published

|

Last Updated

ബെര്‍ഹാംപൂര്‍: തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലേക്ക് കടത്തുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത എട്ട് ആണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന അറിയിച്ചു. ഒഡീഷയിലെ ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
12നും 16നും ഇടയിലുള്ള, സ്‌കൂള്‍ പഠനം ഇടക്ക് വെച്ച് നിര്‍ത്തിയവരാണ് മോചിപ്പിക്കപ്പെട്ടതെന്ന് ചൈല്‍ഡ്‌ലൈല്‍ കോര്‍ഡിനേറ്റര്‍ പ്രഭു പ്രസാദ് പറഞ്ഞു. ഇവരില്‍ ആറ് പേര്‍ ദിഗാപഹാഡിയില്‍ നിന്നുള്ളവരാണ്. ഇവരെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് കടത്താനാണ് ഇടനിലക്കാര്‍ ഉദ്ദേശിച്ചിരുന്നത്. പൊലാസരയില്‍ നിന്നുള്ള മറ്റ് രണ്ട് കുട്ടികളെ കേരളത്തിലേക്ക് കടത്താന്‍ വേണ്ടി എത്തിച്ചതാണെന്നും പ്രഭു പറഞ്ഞു. കുട്ടികളില്‍ നിന്ന് ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ കണ്ടെത്തി. അതേസമയം, തങ്ങളെ ആരാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചതെന്നതിനക്കുറിച്ചുള്ള വിവരങ്ങളൊന്നും കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞിട്ടില്ല.
സ്‌കൂള്‍ അവധി തുടങ്ങിയതോടെ ഗ്രാമീണ മേഖലകളില്‍ നിന്ന് ഇത്തരത്തില്‍ കുട്ടികളെ ജോലികള്‍ക്കും ഭിക്ഷാടനത്തിനുമായി കടത്തിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണെന്ന് ചൈല്‍ഡ്‌ലൈന്‍ ഗഞ്ചം ജില്ലാ ഡയറക്ടര്‍ സുധീര്‍ സാബത്ത് പറഞ്ഞു. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് കുട്ടികളെ രക്ഷപ്പെടുത്തുന്നത്. കഴിഞ്ഞ മാസം 25ന് 14 പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും പുരി- തിരുപ്പതി എക്‌സ്പ്രസില്‍ നിന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു.

Latest