എന്തുകൊണ്ട് ഒളിമ്പിക്‌സിന് പുറംകരാര്‍ അംബാസിഡര്‍മാര്‍?

കായികരംഗത്ത് മുദ്രപതിപ്പിച്ച ഒരാളെ കണ്ടെത്തുന്നതിനുപകരം കൊലപാതകക്കുറ്റമടക്കം നിരവധി കേസുകളിലകപ്പെട്ട ഒരാളെ അംബാസിഡര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടോ എന്നതാണ് കായികതാരങ്ങളുടെ ചോദ്യം. പ്രസക്തവും ഉത്തരം ലഭിക്കേണ്ടതുമായ ചോദ്യമാണ്. പക്ഷേ, ഇത്തരം ഒരു ചോദ്യത്തിലേക്ക് രാജ്യത്തെ എത്തിച്ചതില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മുതല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും അത്‌ലറ്റിക് ഫെഡറേഷനും, ഈ തീരുമാനത്തിനെതിരെ രംഗത്തുവന്ന താരങ്ങള്‍ വരെ ഉത്തരവാദികളല്ലേ? സല്‍മാന്‍ ഖാനെതിരെ രംഗത്തുവന്ന താരങ്ങള്‍ ആദ്യം പ്രതികരിക്കേണ്ടത് ഇത്തരം സംഘടനകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കായിക രംഗവുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കെതിരെയാണ്. ഇവരെയൊക്കെ പുറത്താക്കി പകരം കായികരംഗവുമായി ബന്ധമുള്ളവരെ പ്രതിഷ്ഠിച്ച് ഇത്തരം അസോസിയേഷനുകള്‍ സംശുദ്ധീകരിക്കാത്ത കാലത്തോളം നമുക്ക് 'അംബാസിഡര്‍'മാരെ തേടി നടക്കേണ്ടിവരും.
Posted on: May 6, 2016 6:00 am | Last updated: May 6, 2016 at 1:03 am

ആരായിരിക്കണം ‘അംബാസിഡര്‍’ എന്നതാണല്ലോ ഇപ്പോള്‍ ഇന്ത്യന്‍ കായികരംഗത്തെ ചര്‍ച്ച. മൂന്ന് മാസങ്ങള്‍ക്കപ്പുറം ബ്രസീലിലെ റിയോഡി ജനിറോയില്‍ നടക്കുന്ന കായിക മാമാങ്കമായ ഒളിമ്പിക്‌സിന്റെ ഗുഡ്‌വില്‍ അംബാസിഡറായി സിനിമാതാരം സല്‍മാന്‍ ഖാനെ നിയമിച്ചതാണ് ഇങ്ങനെയൊരു ചര്‍ച്ചക്ക് തുടക്കമിട്ടത്. ഏതായാലും ആദ്യമായി ഒളിമ്പിക്‌സിന് ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന പദ്ധതിയുമായി വന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ ഒ എ) വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. സല്‍മാന്‍ ഖാനെ ഗുഡ്‌വില്‍ അംബാസിഡറായി നിയമിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടിക്കെതിരെ കായികതാരങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്ന് ‘അംബാസിഡര്‍’മാരുടെ എണ്ണം കൂട്ടി ‘സ്‌പോര്‍ട്‌സ് ക്വാട്ട’ തികച്ച് ഒരുവിധം തടി രക്ഷപ്പെടുത്താനാണ് ഐ ഒ എ ശ്രമിക്കുന്നത്. ഇതുപ്രകാരം ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ അഭിനവ് ബിന്ദ്രയും ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഗുഡ്‌വില്‍ അംബാസിഡര്‍മാരായി നിയമിതരായിട്ടുണ്ട്. എ ആര്‍ റഹ്മാനെയും അംബാസിഡറാകാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ സ്വീകരിച്ചിട്ടില്ല.
എന്തുകൊണ്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഗുഡ്‌വില്‍ അംബാസിഡര്‍മാരെ തേടി കായികരംഗത്തിന് പുറത്തേക്ക് പോകേണ്ടിവരുന്നു എന്ന ചോദ്യത്തിനാണ് ഇവിടെ ഉത്തരം കണ്ടെത്തേണ്ടത്. എന്തുകൊണ്ട് നമുക്ക് ഉസൈന്‍ ബോള്‍ട്ടിനെ പോലെയോ അല്ലെങ്കില്‍ സെര്‍ജി ബൂബ്കയെ പോലുള്ള കായികതാരങ്ങളെയോ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നില്ല? രാജ്യം സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷമാകുമ്പോഴും ക്രിക്കറ്റ് താരങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ സാധാരണ ജനങ്ങളറിയുന്നവരായിട്ട് എത്ര പേരുണ്ട്? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അംബാസിഡറായി വരുമ്പോഴും പ്രസക്തമായ ഒരു വസ്തുത ബാക്കിയാകുന്നുണ്ട്. സച്ചിന്‍ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് എന്നത് ഒരു ഒളിമ്പിക് ഇനമായി ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നതാണത്. ഇന്ത്യയില്‍ ജനപ്രിയരായിട്ടുള്ളത് ക്രിക്കറ്റ് താരങ്ങള്‍ മാത്രമാണ്. ബാക്കി ഏത് മേഖല എടുത്തു പരിശോധിച്ചാലും നാലാള്‍ അറിയുന്നവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. അതുതന്നെ വ്യക്തിപരമായ പ്രയത്‌നത്തിന്റെയും അഭിരുചിയുടെയും പിന്‍ബലത്തില്‍ മാത്രം ഉയര്‍ന്നുവന്നവര്‍. അതുകൊണ്ടുതന്നെ ജനപ്രിയരായ ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും ഇന്ത്യന്‍ കായിക രംഗത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി രംഗത്തുവരുമ്പോള്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നതിനു പകരം യഥാര്‍ഥ്യബോധത്തോടുകൂടി അതിനെ സ്വീകരിക്കുകയല്ലേ വേണ്ടത്?
സല്‍മാനെതിരെ രംഗത്തുവന്ന താരങ്ങളിലൊരാളും അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ സ്‌പോര്‍ട്‌സിന് ദോഷമാകും എന്ന് പറഞ്ഞിട്ടില്ല. മറിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകും എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്. ഒളിമ്പിക് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളും തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഒളിമ്പിക്‌സ് ഇന്ത്യയില്‍ ശ്രദ്ധിക്കാനിടയാക്കും എന്ന നിലപാടിലാണുള്ളത്. പിന്നെയുള്ള ഒരു പ്രശ്‌നം അദ്ദേഹം കായികരംഗത്തുനിന്ന് പുറത്തുനിന്നായി എന്നതാണ്. ഇവിടെയാണ് നമ്മുടെ കാതലായ പ്രശ്‌നം എന്തുകൊണ്ട് 125 കോടി ജനസംഖ്യയുള്ള രാജ്യത്തുനിന്ന് കായികരംഗത്തേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ മാത്രം പ്രിയങ്കരായിട്ടുള്ളവര്‍ വളര്‍ന്നുവരുന്നില്ല എന്നതു തന്നെയാണ്. അതിനാണ് നാം ഉത്തരം കണ്ടെത്തേണ്ടത്.
യഥാര്‍ഥത്തില്‍ ഒരു ബ്രാന്‍ഡ് അംബാസിഡറായി വരുന്നയാളുടെ ജനപ്രിയത ഉപയോഗിച്ച് തങ്ങളുടെ ഉത്പന്നത്തിന്റെയോ സ്ഥാപനത്തിന്റെയോ അല്ലെങ്കില്‍ സംരംഭത്തിന്റെയോ സ്വീകാര്യത വര്‍ധിപ്പിക്കുക, ഇനി കായികരംഗമാണെങ്കില്‍ അതിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുക, അത് കാണുന്നവരുടെയും ശ്രദ്ധിക്കുന്നവരുടെയും എണ്ണം വര്‍ധിപ്പിക്കുക എന്നതൊക്കെയാണല്ലോ ഈ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിക്ക് അതിന് കഴിയുമോ എന്നതു മാത്രമാണ് നാം നോക്കേണ്ടത്. പി ടി ഉഷ, അഞ്ജു ബോബി ജോര്‍ജ്, വിശ്വനാഥന്‍ ആനന്ദ് അങ്ങനെ തുടങ്ങിയുള്ളവരുടെ പേരുകള്‍ ചൂണ്ടിക്കാട്ടി ഇവരൊന്നും അംബാസിഡറാകാന്‍ അര്‍ഹരല്ലേ എന്നു ചോദിക്കുന്നവരോട് ഇവര്‍ക്കൊക്കെ ജനങ്ങളെ ആകര്‍ഷിക്കാന്‍ എത്രമാത്രം കഴിയും എന്നതുകൂടി ചിന്തിക്കേണ്ടതില്ലേ എന്നാണ് തിരിച്ച് ചോദിക്കാനുള്ളത്. മലയാളത്തിന്റെ പ്രിയതാരം പി ടി ഉഷ ഇന്ത്യന്‍ കായിക രംഗത്തിന് നല്‍കിയ സംഭാവനകള്‍ വിസ്മരിച്ചുകൊണ്ടല്ല ഈ ചോദ്യം. അസൗകര്യങ്ങളുടെ നടുവില്‍നിന്നുള്ള ഇവരുടെയൊക്കെ നേട്ടങ്ങള്‍ അംഗീകരിക്കേണ്ടതും മാതൃകയാക്കേണ്ടതുമൊക്കെയാണ്. പക്ഷേ, പുതുതലമറയെ കായികരംഗവുമായി അടുപ്പിക്കാനുള്ള ജനപ്രിയത ഇവര്‍ക്കൊക്കെയുണ്ടോ എന്നതാണ് ചോദ്യം. മുത്തശ്ശികഥകള്‍ പറയുന്നതുപോലെ പണ്ട് സെക്കന്‍ഡുകളുടെ വ്യത്യാസത്തിന് ഒളിമ്പിക് മെഡല്‍ നഷ്ടപ്പെട്ടവരേ പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയോ? ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍നിന്നും മെഡലുകള്‍ വാരുന്നവരെ വളര്‍ത്തിക്കൊണ്ടുവരേണ്ടതില്ലേ?
കായികരംഗത്ത് മുദ്രപതിപ്പിച്ച ഒരാളെ കണ്ടെത്തുന്നതിനുപകരം കൊലപാതക്കുറ്റം മുതല്‍ നിരവധി കേസുകളിലകപ്പെട്ട ഒരാളെ ഇത്തരം സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടോ എന്നതാണ് കായികതാരങ്ങളുടെ ചോദ്യം. വളരെ പ്രസക്തവും ഉത്തരം ലഭിക്കേണ്ടതുമായ ചോദ്യമാണ്. പക്ഷേ, ഇത്തരം ഒരു ചോദ്യത്തിലേക്ക് രാജ്യത്തെ എത്തിച്ചതില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മുതല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും അത്‌ലറ്റിക് ഫെഡറേഷനും അതുപോലെ തന്നെ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്ന താരങ്ങള്‍ വരെ ഉത്തരവാദികളല്ലേ? ഇന്ത്യന്‍ കായികരംഗം എടുത്തു പരിശോധിച്ചാല്‍ ഇത്തരം അസോസിയേഷനുകളുടെ തലപ്പത്തിരിക്കുന്നവരില്‍ എത്ര കായികതാരങ്ങളെ നമുക്ക് കണ്ടെത്താന്‍ കഴിയും. സല്‍മാന്‍ ഖാനെതിരെ രംഗത്തുവന്ന താരങ്ങള്‍ ആദ്യം പ്രതികരിക്കേണ്ടത് ഇത്തരം സംഘടനകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കായിക രംഗവുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കെതിരെയാണ്. ഇവരെയൊക്കെ ആട്ടിപ്പുറത്താക്കി അതിനുപകരം കായികരംഗവുമായി ബന്ധമുള്ളവരെ പ്രതിഷ്ഠിച്ച് ഇത്തരം അസോസിയേഷനുകള്‍ സംശുദ്ധീകരിക്കാത്ത കാലത്തോളം നമുക്ക് ‘അംബാസിഡര്‍’മാരെ തേടി നടക്കേണ്ടിവരും. ഇത്തരം സംശുദ്ധീകരണത്തിനായിരിക്കണം കായികതാരങ്ങളുടെ മുറവിളികള്‍.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒളിമ്പിക്‌സ് യോഗ്യതാ നേടുന്നതിന് ലഭ്യമായ ആദ്യ ഗ്രാന്റ്പ്രീയില്‍ സംഘാടകരുടെ പിടിപ്പുകേട് മൂലം തങ്ങളുടെ മികച്ച സമയങ്ങള്‍ രേഖപ്പെടുത്താതെ പോയത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇപ്പോള്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് അടക്കം മൂന്ന് അവസരങ്ങള്‍ യോഗ്യത നേടുന്നതിനായിട്ടുണ്ടെങ്കിലും ഗ്രാന്റ്പ്രീയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയതിനാല്‍ യോഗ്യതക്കൊത്ത പ്രകടനം നടത്തിയ പലര്‍ക്കും ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടെയാണ് താരങ്ങളുടെയും സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്നവരുടെയും പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടത്. സല്‍മാന്‍ ഖാനെതിരെ പ്രതികരിച്ചവരാരും ഇതിനെതിരെ പ്രതികരണവുമായി വന്നത് കണ്ടില്ല. നമ്മുടെ രാജ്യത്ത് സിനിമാരംഗത്തുനിന്ന് സ്‌പോര്‍ട്‌സിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചുവരുന്നു എന്നത് യാഥാര്‍ഥ്യമാണ്. വിവിധ കായികയിനങ്ങളിലായി എട്ടോളം ലീഗുകള്‍ വളരെ വിജകരമായി രാജ്യത്ത് നടന്നുവരുന്നുണ്ട്. ഇതിലൊക്കെയും സിനിമാതാരങ്ങളുടെ സാന്നിധ്യം നമുക്ക് കാണാന്‍ കഴിയും. ഐ പി എല്ലായാലും ഐ എസ് എല്ലായും സിനിമാതാരങ്ങളാണ് മിക്ക ഫ്രാഞ്ചൈസികളുടെയും ഉടമകള്‍. ഇവിടെയൊക്കെ ചെയ്തിരിക്കുന്നത് ഇവരുടെ ജനപ്രിയത ഈ ലീഗുകളുടെ വളര്‍ച്ചക്ക് ഉപയോഗിക്കുക എന്നതാണ്. അതുപോലെ തന്നെ കണ്ടാല്‍പോരേ ഇത്തരം അംബാസിഡര്‍ നിയമനങ്ങള്‍. സിനിമാതാരങ്ങളുടെ സാന്നിധ്യത്തിന്റെ പേരില്‍ ഇത്തരം ടൂര്‍ണമെന്റുകളില്‍ നിന്ന് ഒരു കായികതാരവും വിട്ടുനില്‍ക്കുന്നില്ലല്ലോ.
സഹായഹസ്തങ്ങളുമായി വരുന്ന കുത്തകകള്‍ക്കും സെലിബ്രിറ്റികള്‍ക്കും അവരുടേതായ താത്പര്യങ്ങളുണ്ടാകുക സ്വാഭാവികം മാത്രമാണ്. കമ്പോളവത്കൃത സമൂഹത്തില്‍ തീര്‍ച്ചയായും. അപ്പോള്‍ പിന്നെ ഇത്തരം ‘താത്പര്യ’ങ്ങളെ ചൂഷണം ചെയ്ത് മുന്നേറാനുള്ള വഴികളാണ് നാം ആരായേണ്ടത്. ഇതിനര്‍ഥം ഇന്ത്യന്‍ കായികരംഗം മുഴുവന്‍ സിനിമക്കാരനും കുത്തകകള്‍ക്കും തീറെഴുതണമെന്നല്ല, മറിച്ച് സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചക്കുവേണ്ടി എല്ലാവരുടെയും സഹകരണം തേടുന്നതുപോലെ തന്നെ അവരുടെയും സഹായം തേടുക എന്നുമാത്രം. രാജ്യത്ത് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന കായികതാരങ്ങള്‍ വളര്‍ന്നുവരാതിരിക്കുകയും കായികരംഗം ‘നഷ്ടക്കച്ചവട’മായി തീരുകയും ചെയ്യുന്ന കാലത്തോളം ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും കായികഇന്ത്യയുടെ വളര്‍ച്ചക്ക് നല്ലത്.