അറബ് ലോകത്തെ ഇന്ത്യക്കാര്‍: മലയാളി വ്യവസായികള്‍ മുന്നില്‍

Posted on: May 5, 2016 7:12 pm | Last updated: May 6, 2016 at 4:55 pm

ദോഹ: ഫോര്‍ബ്‌സ് മാഗസിന്റെ അറബ് ലോകത്തെ മുന്‍നിര ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ മലയാളികള്‍ മുന്നില്‍. സ്റ്റാലിയോന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനി ഒന്നാമതെത്തിയ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മലയാളികളില്‍ ഒന്നാമനായി. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനി രണ്ടാമതും എന്‍ എം സി ഗ്രൂപ്പ് ചെയര്‍മാന്‍ ബി ആര്‍ ഷെട്ടി നാലാമതുമാണ്. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി അഞ്ചാമതായുണ്ട്.
പി എന്‍ സി മേനോന്‍ (6), ആസാദ് മൂപ്പന്‍ (7), രവിപിള്ള (9), ഡോ. ശംഷീര്‍ വി പി(10), സിദ്ദീഖ് അഹ്മദ് (14), തുമ്പെ മൊയ്തീന്‍ (16), ജോയ് ആലുക്കാസ് (18), അദീബ് അഹമദ് (24) എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളികള്‍. ഡോഡ്‌സല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രാജന്‍ കിലാചന്ദ് (8), ഇഫ്‌കോ ഗ്രൂപ്പ് ഡയറക്ടര്‍ ഫിറോസ് അല്ലാന (13), അല്‍ ഫറാ ഗ്രൂപ്പ് പ്രസിഡന്റ് ജെ ഗംഗാരമണി (15), ജഷന്‍മാള്‍ ഗ്രൂപ്പ് ഡയറക്ടര്‍ ടോണി ജഷന്‍മാള്‍ (19) തുടങ്ങിയ പ്രമുഖരും പട്ടികയില്‍ ഇടം പിടിച്ചു. അറബ് ലോകത്തെ സമുന്നതരായ ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ ഇടം പിടിച്ച മുകേഷ് ജംഗ്തിയാനി (440 കോടി ഡോളര്‍), എം എ യൂസുഫലി (420 കോടി ഡോളര്‍), സുനില്‍ വാസ് വാനി (200 കോടി ഡോളര്‍) എന്നിവരുള്‍പ്പെടെ ഒമ്പതു പേര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഫോര്‍ബ്‌സ് പുറത്തിറക്കിയ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു.
അറബ്‌രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ എക്‌സിക്യുട്ടീവ് പദവിയില്‍ പ്രവര്‍ത്തിക്കുന്ന അമ്പതു പേരുടെ പട്ടികയും ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ചു. ദോഹ ബേങ്ക് സി ഇ ഒ. ആര്‍ സീതാരാമന്‍ പട്ടികയിലുണ്ട്.