ജിഷ വധം: പ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ്

Posted on: May 5, 2016 5:09 pm | Last updated: May 6, 2016 at 10:44 am

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ്. വൈകുന്നേരത്തോടെ നല്ല വാര്‍ത്ത കേള്‍ക്കാനാവുമെന്ന് പ്രതീക്ഷിക്കാമെന്ന് ഡിവൈഎസ്പി യതീഷ് ചന്ദ്ര പറഞ്ഞു.

പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ല. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ ആഭ്യന്തര വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാറിനെ ഒഴിവാക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എബി ജിജിമോനെ സംഘത്തില്‍ ഉള്‍പ്പെടുത്തി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പി, അഞ്ച് സിഐ, ഏഴ് എസ്‌ഐ എന്നിവരടങ്ങുന്ന 28 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.

എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണച്ചുമതല. ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍, കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സദാനന്ദന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.