ചികിത്സക്ക് പണമില്ല; മൂന്ന് മാസം പ്രായമുള്ള കൊച്ചുമകളെ സ്ത്രീ മുക്കിക്കൊന്നു

Posted on: May 5, 2016 2:39 am | Last updated: May 5, 2016 at 9:40 am

പൂനെ: ചികിത്സാ ചെലവ് താങ്ങാനാകാത്തതിനാല്‍ മൂന്ന് മാസം മാത്രം പ്രായമായ കൊച്ചുമകളെ സ്ത്രീ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. മഹാരാഷ്ട്രയില്‍ പൂനെക്കടുത്ത് ഉന്ദ്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. മാതാപിതാക്കള്‍ വീട്ടിലുണ്ടായിരിക്കെയാണ് മകളുടെ പെണ്‍കുഞ്ഞിനെ സുശീല സഞ്ജയ് തരു എന്ന സ്ത്രീ ബാരലിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായും കോന്ധ്വാ പോലീസ് സ്റ്റേഷന്‍ എസ് ഐ. വര്‍ഷാറാണീ പാട്ടീല്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബെഡ്‌റൂമിലെ തൊട്ടിലില്‍ കുഞ്ഞിനെ കിടത്തി മാതാപിതാക്കള്‍ വീട്ടില്‍ത്തന്നെ മറ്റൊരിടത്തുണ്ടായിരുന്നു. ഈ സമയം, കുറ്റാരോപിതയായ സ്ത്രീ പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു. അല്‍പ്പ നേരം കഴിഞ്ഞ് കുഞ്ഞിന്റെ മാതാവ് ബെഡ്‌റൂമില്‍ എത്തിയപ്പോള്‍ മകളെ തൊട്ടിലില്‍ കണ്ടില്ല. വീട് മുഴുവന്‍ തിരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്തിയില്ല. എന്നാല്‍, കുറച്ചു നേരത്തെ രണ്ട് സ്ത്രീകള്‍ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്നും അവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായിരിക്കാമെന്നുമായിരുന്നു സുശീലയുടെ വിശദീകരണം. പക്ഷേ, കുട്ടിയെ പിന്നീട് വീടിനകത്തുണ്ടായിരുന്ന ബാരലിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സംശത്തിന്റെ അടിസ്ഥാനത്തില്‍ സുശീലയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം ഏറ്റുപറയുകയും ചെയ്തു. ജന്മനാ അസുഖങ്ങളുടെ പിടിയിലായ കുഞ്ഞിന്റെ ചികിത്സക്ക് ഭീമമായ തുകയാണ് ചെലവാകുന്നതെന്നും ഇത് കുടുംബത്തിന്റെ കടബാധ്യത വര്‍ധിപ്പിച്ചുവെന്നും സുശീല പറഞ്ഞതായി എസ് ഐ പാട്ടീല്‍ പറഞ്ഞു.