Connect with us

National

ലക്‌നോ സര്‍വകലാശാലയില്‍ മാംസാഹാരം നിരോധിച്ചു

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ലക്‌നോ അംബേദ്കര്‍ സര്‍വകലാശാലാ കാന്റീനില്‍ മാംസ ഭക്ഷണങ്ങള്‍ നിരോധിച്ചു. മാട്ടിറച്ചി കഴിച്ചത് ആരോഗ്യത്തിന് ഗുണകരമായി എന്ന് ദളിത് ചിന്തകന്‍ കാഞ്ച എലയ്യ ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലിയില്‍ നടത്തിയ പ്രസ്താവന സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് ലക്‌നോ സര്‍വകലാശാലയില്‍ മാംസാഹാരം നിരോധിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.
കാഞ്ച എലയ്യയുടെ പ്രസ്താവനക്ക് പിന്നാലെ കഴിഞ്ഞ മാസം 14 മുതല്‍ ലക്‌നോ സര്‍വകലാശാലയിലും പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു. ഇത് കണക്കിലെടുത്ത് സര്‍വകലാശാലാ കാന്റീനില്‍ സസ്യ ആഹാരം മാത്രം വിളമ്പിയാല്‍ മതിയെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ മാംസാഹാരം അനുവദിക്കുമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍വകലാശാലാ വക്താവ് കമല്‍ ജെയ്‌സ്‌വാള്‍ പറഞ്ഞു.

സര്‍വകലാശാല തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ദളിത്‌വിരുദ്ധ തീരുമാനം പിന്‍വലിച്ച് സര്‍വകലാശാലാ കാന്റീനില്‍ മാംസാഹാരം വിളമ്പണമെന്നാവശ്യപ്പെട്ട് ഇരുനൂറോളം വരുന്ന വിദ്യാര്‍ഥികള്‍ ഇന്നലെ ക്യാമ്പസില്‍ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികള്‍ എന്ത് ഭക്ഷിക്കണമെന്ന് സര്‍വകലാശാലയല്ല തീരുമാനിക്കേണ്ടതെന്നും തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നും കോണ്‍ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപാഠി പറഞ്ഞു. അതേസമയം, ക്യാമ്പസില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നീക്കങ്ങള്‍ തടയുക എന്നത് സര്‍വകലാശാലയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് മാംസാഹാര നിരോധത്തെ ബി ജെ പി വക്താവ് വിജയ് ബഹദൂര്‍ പഥക് ന്യായീകരിച്ചു.