ഫണം വിടര്‍ത്തുന്ന ലൈംഗിക ഫാസിസം

Posted on: May 4, 2016 4:52 am | Last updated: May 3, 2016 at 11:56 pm

JISHAക്രൂരമായ പുരുഷാവേശങ്ങളുടെ ഇരയായി ജിഷമോള്‍ക്ക് ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. ഒരാഴ്ച മുമ്പാണ് പെരുമ്പാവൂരിലെ സ്വന്തം കൂരയില്‍ ഈ എല്‍ എല്‍ ബി വിദ്യാര്‍ഥിനി മൃഗീയമായ ബലാത്സംഗത്തിന്റെയും ഒരു കാമാന്ധന്റെ പൈശാചികമായ പീഡനങ്ങളുടെയും ഫലമായി മരണമടഞ്ഞത്. പ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ പൊതുബോധം ഈ ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ ദിവസങ്ങളോളം മൗനം പാലിച്ചുവോ? നമ്മുടെ വരേണ്യപുരുഷാധിപത്യബോധത്തെ സുഖിപ്പിച്ചും ആവേശംകൊള്ളിച്ചും നിലനിന്നുപോരുന്ന കുത്തകമാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കേണ്ടെന്നും ഇക്കാര്യത്തില്‍ ഒരന്തിചര്‍ച്ച വേണ്ടെന്നും വെച്ചത് എന്തുകൊണ്ടാണാവോ?
ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തേക്കാള്‍ ‘ഭീകരമായ പീഡനങ്ങള്‍ക്കാണ് ജിഷ ഇരയായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന ബലാത്സംഗത്തിനു ശേഷം ആന്തരികാവയവങ്ങളില്‍ ആയുധം ഉപയോഗിച്ചുള്ള അതിക്രൂരമായ പീഡനത്തിന് ഈ 29 വയസ്സുകാരി ഇരയായെന്നാണ്. ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ആയുധം തള്ളിക്കയറ്റി ഗര്‍ഭപാത്രം പിളര്‍ത്തി. അതിലൂടെ കുടല്‍മാല പുറത്തുചാടി. ശരീരത്തില്‍ 30-ഓളം മുറിവുകളാണ്. കഴുത്തിലും നെഞ്ചിലും കടിയേറ്റതിന്റെ മാരകമായ പാടുകളാണ്…
അടികൊണ്ടാകണം മൂക്ക് പറിഞ്ഞുപോയത്. തലക്ക് പിന്നിലും നെഞ്ചിലും വയറിലും ആഴത്തിലുള്ള മുറിവുകളാണ്. മുറിയില്‍ നിന്ന് കിട്ടിയ കത്തിയും ആണി പറിച്ചെടുക്കുന്ന ലിവറും ഇരുമ്പ് കമ്പിയുമെല്ലാം ഇതൊരു ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നതിന്റെ സൂചനയാണ്. ബലാത്സംഗത്തെ ഈ പെണ്‍കുട്ടി ചെറുത്തതാകാം ഇത്രയും ക്രൂരമായ അക്രമണത്തിന് കുറ്റവാളിയെ പ്രേരിപ്പിച്ചത്.
സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് പ്രതിയെ കണ്ടെത്തുന്നതില്‍ കുറ്റകരമായ അലസത കാണിക്കുകയായിരുന്നു. മാത്രമല്ല ഇതരസംസ്ഥാന തൊഴിലാളികളാകാമെന്ന കിംവദന്തികളും ബോധപൂര്‍വം പ്രചരിപ്പിക്കപ്പെട്ടു. ഇപ്പോള്‍ സംശയിക്കപ്പെടുന്നവര്‍ കസ്റ്റഡിയിലാണെന്നാണ് പറയുന്നത്. സ്ത്രീകള്‍ക്കെതിരായി കൂടിവരുന്ന അക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജിഷമോള്‍. കഴിഞ്ഞ വര്‍ഷം മാത്രം ആറായിരത്തിലേറെ കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അക്രമണത്തിന്റെ പേരില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നാണ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന വിവരം.
ദൈവത്തിന്റെ സ്വന്തം നാടെന്ന് വെറുതെ അഹങ്കരിക്കുന്ന കേരളം സ്ത്രീകളുടെ നരകഭൂമിയായി മാറുകയാണ്. സ്വന്തം മാതാവിന്റെ ഗളഹസ്തം നടത്തിയ പരശുരാമന്‍ അമ്മയുടെ ചോരപുരണ്ട മഴുവെറിഞ്ഞാണ് പോലും കേരളക്കര ഉണ്ടാക്കിയത്. കേരളപ്പിറവിയുടെ ഐതിഹ്യകഥകളില്‍ അന്തര്‍ലീനമായി കിടക്കുന്ന സ്ത്രീഹത്യയുടെ നിഷ്ഠൂരത ഇന്നും മലയാളിയെ വേട്ടയാടുകയാണ്…
പുരുഷാധിപത്യപരമായ മൂല്യബോധവും സ്ത്രീയെ ഭോഗവസ്തുവായി കാണുന്ന മുതലാളിത്ത സംസ്‌കാരവും അക്രമോത്സുകമായ ലൈംഗികതയിലേക്കാണ് മലയാളികളെ എത്തിച്ചിരിക്കുന്നത്. നവ ലിബറല്‍ മൂലധനം സൃഷ്ടിക്കുന്ന കമ്പോള സംസ്‌കാരവും ഉപഭോഗതൃഷ്ണയും ആനന്ദമോഹങ്ങളും മാനുഷികവും സഹജവുമായ സ്ത്രീപുരുഷബന്ധങ്ങള്‍ അസാധ്യമാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
വിവരസാങ്കേതികതയുടെ ശൃംഖലകളിലൂടെ മണ്ണിനെയും മനുഷ്യമനസ്സിനെയും തങ്ങള്‍ക്കാവശ്യമായ രീതിയില്‍ നവ ലിബറല്‍ മൂലധനശക്തികള്‍ വരുതിയിലാക്കുകയാണല്ലോ. ഇന്റര്‍നെറ്റിലെ സെര്‍ച്ച് എന്‍ജിനുകള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്നത് സെക്‌സ് എന്ന വാക്കിനെതേടിയാണത്രെ! പോര്‍ണോസൈറ്റുകളില്‍ അഭിരമിക്കുകയാണ് പോലും നമ്മുടെ ഇന്റര്‍നെറ്റ് ജ്ഞാനാനേ്വഷണം. പഴയ മഞ്ഞ സാഹിത്യത്തിന് പകരം ഇലക്‌ട്രോണിക് വാര്‍ത്താ മാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും സ്ഥാപനവത്കരിക്കപ്പെടുന്ന അശ്ലീലത സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുന്ന സംസ്‌കാരമാണ് സൃഷ്ടിക്കുന്നത്.
സ്ത്രീകളെ ലൈംഗിക സുഖത്തിനുള്ള ഉപകരണവും ലൈംഗികതയെ കാമപൂരണത്തിനുള്ള മാര്‍ഗവുമായി കാണുന്ന ഭ്രാന്തമായ സംസ്‌കാരമാണ് നവ ഉദാരവത്കരണം അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. മുതലാളിത്തം സൃഷ്ടിക്കുന്ന ഭോഗാസക്തിയും പരമ്പരാഗതമായ പുരുഷാധിപത്യബോധവും ചേര്‍ന്ന മനുഷ്യത്വരഹിതമായ മനോഭാവമാണ് വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
മുതലാളിത്തം സൃഷ്ടിക്കുന്ന വികലമായ ലൈംഗിക അവബോധവും തൃഷ്ണകളുമാണ് ലൈംഗിക ഫാസിസത്തിന്റേതായ സംസ്‌കാരത്തിന്റെ ഭീതിദമായ വ്യാപനത്തിന് അഭൂതപൂര്‍വമായ സാമാന്യത ഇന്ന് വരുത്തിയിട്ടുള്ളത്. സ്ത്രീ ശരീരത്തിനു മുകളില്‍ ആധിപത്യമുറപ്പിക്കാനുള്ള പുരുഷ വര്‍ഗത്തിന്റെ തുറന്നപ്രഖ്യാപനമായിട്ടാണ് അശ്ലീല സാഹിത്യത്തെയും അത് നിര്‍മിച്ചെടുക്കുന്ന സ്ത്രീവിരുദ്ധ സംസ്‌കാരത്തെയും റോബിന്‍ മോര്‍ഗന്‍ വിശകലനം ചെയ്തിട്ടുള്ളത്. അങ്ങേയറ്റം യാഥാസ്ഥിതികവും സ്ത്രീവിരുദ്ധവുമായ മൂല്യബോധമാണ് പലപ്പോഴും ലൈംഗികമായ കുറ്റവാസനകളുടെയും അക്രമണപ്രവണതകളുടെയും അടിസ്ഥാനമായിരിക്കുന്നതെന്ന് പല മനഃശാസ്ത്ര പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. പുരുഷന്റെ കഴിവും അവകാശവുമായി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെയും ലൈംഗിക അധിനിവേശങ്ങളെയും ആഘോഷപൂര്‍വം കൊണ്ടാടുന്ന യുദ്ധോത്‌സുകമായൊരു സംസ്‌കാരമാണ് മുതലാളിത്തം ലോകത്തെല്ലായിടത്തും സൃഷ്ടിച്ചിട്ടുള്ളത്.
ഫാസിസവും രണ്ടാം ലോകമഹാ യുദ്ധകാലത്തെ നാസി തടങ്കല്‍പാളയങ്ങളില്‍ അരങ്ങേറിയ കൊടുംക്രൂരതകളും 20-ാം നൂറ്റാണ്ടിലെ പുരുഷന്റെ ലൈംഗികാഭീഷ്ടങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആന്‍ഡ്രിയ ദൗര്‍കിനെ പോലുള്ള ചിന്തകന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. പുരുഷന്റെ ലൈംഗികാതിക്രമങ്ങള്‍ നീതീകരിക്കപ്പെടുന്ന മധ്യകാല മൂല്യബോധങ്ങളെ ആന്തരവത്കരിച്ചുകൊണ്ടാണ് ഫാസിസം അതിന്റെ പ്രത്യയശാസ്ത്ര നിര്‍മിതി വികസിപ്പിച്ചിട്ടുള്ളത്.
സ്ത്രീയെ മുതലാളിത്തത്തിന്റെ സാഹിത്യബിംബകല്‍പനകളില്‍ പുരുഷന്റെ ലൈംഗിക അക്രമണങ്ങള്‍ക്ക് കാത്തിരിക്കുന്നവരെ പോലെ ചിത്രീകരിക്കുന്നത് ഇത്തരമൊരു പ്രത്യയശാസ്ത്ര നിര്‍മിതിയുടെ ‘ഭാഗമാണെന്ന് ദൗര്‍കിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏത് നിഷ്ഠൂരതയുടെയും ഉത്തരവാദി അതിന് ഇരയാക്കപ്പെടുന്ന വ്യക്തിയാണ് എന്നതാണല്ലോ നാസി സിദ്ധാന്തം. ജൂതരുടെയും മുസ്‌ലിംകളുടെയും വംശഹത്യകള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദികളാണെന്നാണല്ലോ നാസികളും സയണിസ്റ്റുകളും ഹിന്ദുത്വവാദികളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇരകളെ തന്നെ അവര്‍ക്കെതിരായ മഹാപാതകങ്ങളുടെ ഉത്തരവാദികളായി ചിത്രീകരിക്കുന്ന ഫാസിസ്റ്റ് സിദ്ധാന്തം തന്നെയാണ് ബലാത്സംഗങ്ങളില്‍ ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ക്കെതിരായും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
സൂര്യനെല്ലി ഉള്‍പ്പെടെയുള്ള കേസുകളില്‍ നമ്മുടെ നീതിപീഠം പോലും ഈവിധ നിരീക്ഷണം നടത്തുകയുണ്ടായല്ലോ. കുപ്രസിദ്ധമായ മഥുര ബലാത്സംഗക്കേസിലും പോലീസുകാരെ കുറ്റവിമുക്തരാക്കാന്‍ കോടതി ഇതേ ന്യായമാണ് വിധിന്യായത്തില്‍ ആവര്‍ത്തിച്ചത്.