സൂര്യാതപമേറ്റ് രണ്ട് മരണം

Posted on: May 3, 2016 11:29 pm | Last updated: May 4, 2016 at 11:38 am

sun-drinking-waterകോലഞ്ചേരി/ കൊച്ചി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് രണ്ട് പേര്‍ കൂടി മരിച്ചു. ആലപ്പുഴ കായംകുളം കറ്റാനം സ്വദേശി സന്തോഷ് (42), എറണാകുളം കോലഞ്ചേരി പാങ്കോട് കരട്ടേകുഴിവേലില്‍ കെ പി കുര്യാക്കോസിന്റെ ഭാര്യ മേരി (61) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സന്തോഷിന് സൂര്യാതപമേറ്റത്. ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തുള്ള പാടശേഖരത്തില്‍ പയര്‍ പറിക്കുന്നതിനായി പോയ മേരിയെ ദേഹമാസകലം പൊള്ളലേറ്റ് പാടശേഖരത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചെത്തിയപ്പോഴാണ് സൂര്യാതപമേറ്റ നിലയില്‍ കണ്ടത്. ഉടനടി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാങ്കോട് എല്‍ പി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപികയാണ്. മക്കള്‍: മഞ്ജു (അയര്‍ലന്‍ഡ്), റിഞ്ജു (അധ്യാപിക, മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) മരുമക്കള്‍: അനില്‍ (അയര്‍ലന്‍ഡ്), ഏലിയാസ് (ബ്രൂണൈ).
അതിനിടെ തളിപ്പറമ്പില്‍ സൂര്യാതപമേറ്റ് ബാലികയുടെ ദേഹമാസകലം പൊള്ളലേറ്റു. കൊട്ടയാട് നരിയന്‍ പാറയിലെ കൂലോത്തുവളപ്പില്‍ വിനോദ്- ലീജ ദമ്പതികളുടെ മകള്‍ നിവേദ്യക്കാണ് (നാല്) പൊള്ളലേറ്റത്. വീട്ടുപറമ്പില്‍ കളിക്കുന്നതിനിടെ സൂര്യാതപമേല്‍ക്കുകയായിരുന്നു. നിവേദ്യയുടെ മുഖത്തും കഴുത്തിലുമായി പൊള്ളലേറ്റ നിലയിലാണ്. സൂര്യാതപമേറ്റതാണ് പൊള്ളലിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.