പ്ലേ സ്‌റ്റോര്‍: ഇനി മൊബൈല്‍ ബാലന്‍സ് ഉപയോഗിച്ച് ആപ്പുകള്‍ പര്‍ച്ചേസ് ചെയ്യാം

Posted on: May 3, 2016 8:26 pm | Last updated: May 3, 2016 at 8:26 pm

Play Store 5.5.12 02ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഇനി മൊബൈല്‍ ഫോണ്‍ ബാലന്‍സ് ഉപയോഗിച്ച് പെയ്ഡ് ആപ്പുകള്‍ സ്വന്തമാം. ഇന്ത്യയില്‍ ഐഡിയയുമായി സഹകരിച്ച് ക്യാരിയര്‍ ബില്ലിംഗ് സംവിധാനം ഗൂഗിള്‍ ഉടന്‍ ആരംഭിക്കും. അടുത്തയാഴ്ച ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ടെക് വൃത്തങ്ങള്‍ പറയുന്നു.

നിലവില്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ പെയ്ഡ് ആപ്പുകള്‍ സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പുതിയ പേമന്റ് രീതി വരുന്നതോടെ മൊബൈല്‍ ഫോണിലെ അക്കൗണ്ട് ബാലന്‍സ് ഉപയോഗിച്ച് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. പ്രീപെയ്ഡ് / പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. ഇത് നിലവില്‍ വരുന്നതോടെ 40 കോടിയിലേറെ വരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അനായാസം ആപ്പുകള്‍ പര്‍ച്ചെയ്‌സ് ചെയ്യാനാകും. ഇന്ത്യയില്‍ നിലവില്‍ രണ്ടര കോടി ആളുകള്‍ക്ക് മാത്രമേ ക്രഡിറ്റ് കാര്‍ഡ് സൗകര്യം ഉള്ളൂ.

ആദ്യ ഘട്ടത്തില്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് മാത്രമാകും ഈ സൗകര്യം ലഭ്യമാകുക. വൈകാതെ മറ്റു സെല്ലുലാര്‍ കമ്പനികളുമായും ഗൂഗിള്‍ ധാരണയിലെത്തും.