ഹരിപ്പാട്: കയറിന്റെ മുറുക്കമോ കരിമണലിന്റെ ഇളക്കമോ..?

Posted on: May 3, 2016 2:49 pm | Last updated: May 3, 2016 at 2:49 pm

HARIPPADഹരിപ്പാട്ട് ഇത്തവണ പോരാട്ടം തീപാറുകയാണ്. വോട്ടര്‍മാരുടെ മനസ്സകത്തിന് കയറിന്റെ മുറുക്കമാണോ കരിമണലിന്റെ ഇളക്കമാണോയെന്ന് തിരിച്ചറിയാനാകാതെ അങ്കം കടുപ്പിച്ചിരിക്കുകയാണ് മുന്നണി സ്ഥാനാര്‍ഥികള്‍. സിറ്റിംഗ് എം എല്‍ എയും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ സാന്നിധ്യം മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. 1982ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച ചെന്നിത്തല ഇത് നാലാം തവണയാണ് ഹരിപ്പാട് ജനവിധി തേടുന്നത്. 1982ലും 1987ലും തുടര്‍ച്ചയായി മത്സരിച്ച് ജയിച്ച ചെന്നിത്തല 2011ലെ തിരഞ്ഞെടുപ്പിലാണ് വീണ്ടും ഹരിപ്പാടിന്റെ മനം കവരാനെത്തിയത്. ലോക്‌സഭയിലേക്ക് മണ്ഡലങ്ങള്‍ മാറി മാറി മത്സരിക്കുകയും വിജയത്തോടൊപ്പം പരാജയവും ഏറ്റുവാങ്ങിയിട്ടുള്ള ചെന്നിത്തല പക്ഷെ, നിയമസഭയിലെ പോരാട്ട ഭൂമിയായി ഹരിപ്പാടല്ലാതെ മറ്റൊരു മണ്ഡലത്തെയും പുല്‍കിയിട്ടില്ല.

ഹരിപ്പാട് മണ്ഡലത്തിലേക്ക് കോണ്‍ഗ്രസോ യു ഡി എഫോ മറ്റൊരു പേരും പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു തന്നെയാണ് ചെന്നിത്തല വോട്ടര്‍മാരെ സമീപിക്കുന്നത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഇടക്ക് വെച്ച് അംഗമായ ചെന്നിത്തലയുടെ മണ്ഡലത്തിലേക്ക് പക്ഷെ, ആദ്യമന്ത്രിസഭാ യോഗത്തിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് എത്തിച്ചേര്‍ന്നത് യാദൃച്ഛികം മാത്രമല്ല. 35 കോടിയുടെ ലക്ഷ്മിത്തോപ്പ് പാലം നിര്‍മാണം ഞൊടിയിടയില്‍ പൂര്‍ത്തിയാകുകയും ചെയ്തുവെന്നതാണ് എടുത്ത് പറയേണ്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് 150 കോടിയുടെ വലിയഴീക്കല്‍-ചെറിയഴീക്കല്‍ പാലത്തിന്റെ തറക്കല്ലിടലും നിര്‍വഹിക്കാന്‍ ചെന്നിത്തലക്ക് സാധിച്ചു.
എന്നാല്‍, വികസനങ്ങളുടെ പ്രത്യാഘാതം എങ്ങിനെ വോട്ടാക്കി മാറ്റാമെന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി പി ഐയിലെ പി പ്രസാദിന്റെ നോട്ടം. പരിസ്ഥിതിക്ക് നേരെയുള്ള കൈയേറ്റത്തിന്റെ തിക്തഫലം കൊടും ചൂടായി അനുഭവിച്ചു പോരുന്ന മണ്ഡലത്തിലെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ പ്രസാദിന് അധികം വിഷമിക്കേണ്ടിവരുന്നില്ലെന്നതും യാഥാര്‍ഥ്യമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രസാദിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയവും വഴങ്ങുമെന്ന് കുറഞ്ഞനാള്‍ കൊണ്ട് തന്നെ ഹരിപ്പാട് മണ്ഡലത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ പലപ്പോഴും പരിസ്ഥിതി ബോധവത്കരണ സമ്മേളനങ്ങളായി മാറുകയാണ്. ഇതിന് സമൂഹത്തിനിടയില്‍ ഏറെ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. കരിമണല്‍ ഖനനത്തിനെതിരായ പോരാട്ട വേദികളില്‍ സ്ഥിരസാന്നിധ്യമായ പ്രസാദ് മണ്ഡലത്തിലെ തീരദേശ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ്.
തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ നിന്നകന്നു നിന്ന പ്രസാദിനെ പാര്‍ട്ടി നേതൃത്വം ഹരിപ്പാട് മണ്ഡലത്തിലേക്ക് നിയോഗിച്ചത് യു ഡി എഫിന്റെ കുത്തക തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഹരിപ്പാട്ടെ സ്വകാര്യ മെഡിക്കല്‍കോളജ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വോട്ടാക്കി മാറ്റാന്‍ ചെന്നിത്തല ശ്രമിക്കുമ്പോള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് പ്രസാദ്. പാലങ്ങളുടെയും റോഡുകളുടെയും കാര്യത്തിലും ഇതു തന്നെ സ്ഥിതി. വികസനത്തിലുള്ള കാഴ്ചപ്പാട് പരിസ്ഥിതിക്ക് അനുയോജ്യമാക്കി മാറ്റണമെന്ന് പ്രസാദ് വോട്ടര്‍മാരെ ബോധവത്കരിക്കുകയാണ്.
മുന്നണി സംവിധാനം നിലവില്‍ വന്ന ശേഷം നടന്ന ഏഴ് തിരഞ്ഞെടുപ്പുകളില്‍ 1996ലും 2001ലും മാത്രമാണ് ഹരിപ്പാട് എല്‍ ഡി എഫിനൊപ്പം നിന്നത്. അഞ്ച് തവണ യു ഡി എഫിനെ തുണച്ചതില്‍ മൂന്ന് തവണയും ചെന്നിത്തല തന്നെയായിരുന്ന ജയിച്ചു കയറിയത്. 1982, 1987, 2011 തിരഞ്ഞെടുപ്പുകളില്‍ ചെന്നിത്തലയെ വിജയിപ്പിച്ച ഹരിപ്പാട് മണ്ഡലം 1991ല്‍ കെ കെ ശ്രീനിവാസനെ(കോണ്‍. ഐ)യും 2006ല്‍ ബാബുപ്രസാദി(കോണ്‍. ഐ)നെയും ഒപ്പം നിര്‍ത്തി. 1996ല്‍ ആര്‍ എസ് പി യുടെ പ്രൊഫ. എ വി താമരാക്ഷനിലൂടെയാണ് മണ്ഡലം ഇടതുചേരിയിലെത്തുന്നത്.എന്നാല്‍ 2001ല്‍ താമരാക്ഷന്‍ മുന്നണി മാറി യു ഡി എഫിലെത്തിയെങ്കിലും മണ്ഡലം എല്‍ ഡി എഫിനൊപ്പം നിന്നു. സി പി എമ്മിലെ ടി കെ ദേവകുമാര്‍ ആയിരുന്നു അന്നത്തെ വിജയി. 2011ലെ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ വിജയിപ്പിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വെള്ളാപ്പള്ളിയുമായി അനുരഞ്ജനത്തിലെത്താനായെങ്കിലും ബി ജെ പി ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. എങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പാരയായേക്കുമോയെന്ന ആശങ്ക ചെന്നിത്തലക്കൊപ്പം നില്‍ക്കുന്നവര്‍ക്കുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ അടിയൊഴുക്കുകള്‍ തന്നെയാണ് ഇക്കുറിയും ചെന്നിത്തലയെ ആശങ്കയിലാക്കുന്നത്.ഇതിനും പുറമെ ശക്തനായ എതിരാളിയെന്ന അഭിപ്രായം വോട്ടര്‍മാര്‍ക്കിടയില്‍ പി പ്രസാദിനെക്കുറിച്ച് പ്രചരിക്കുന്നതും ആശങ്കക്ക് കാരണമായിട്ടുണ്ട്.
ബി ജെ പി യുടെ അശ്വിനിദേവ് ആണ് ഇവിടെ എന്‍ ഡി എ സ്ഥാനാര്‍ഥി. താരതമ്യേന ദുര്‍ബലമായൊരു സ്ഥാനാര്‍ഥിയെയാണ് പാര്‍ട്ടി ഹരിപ്പാട് രംഗത്തിറക്കിയിരിക്കുന്നതെന്ന് പൊതുവേ അഭിപ്രായമുണ്ടെങ്കിലും ശക്തമായ മത്സരം കാഴ്ചവെക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നിത്തലക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം യു ഡി എഫിലെ കെ സി വേണുഗോപാലിന് ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച വിജയം കാഴ്ചവെക്കാന്‍ യു ഡി എഫിനായി.പുതുതായി രൂപവത്കരിക്കപ്പെട്ട ഹരിപ്പാട് നഗരസഭയുടെ ആദ്യ ഭരണം കൈപ്പിടിയിലൊതുക്കിയ യു ഡി എഫ് മണ്ഡലത്തിലെ കുമാരപുരം ഒഴികെയുള്ള മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും സ്വന്തമാക്കി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തും യു ഡി എഫ് ഭരണത്തിലാണ്. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മുതുകുളം യു ഡി എഫും കരുവാറ്റ എല്‍ ഡി എഫിനുമൊപ്പമാണ്.ഹരിപ്പാട് വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ യു ഡി എഫും തിരിച്ചുപിടിക്കുമെന്ന വാശിയുമായി എല്‍ ഡി എഫും ശക്തമായ പോരാട്ടമാണ് മണ്ഡലത്തില്‍ കാഴ്ചവെക്കുന്നത്. മുമ്പൊരിക്കിലുമില്ലാത്ത പ്രചാരണ പരിപാടികളാണ് മണ്ഡലത്തിലുടനീളം അരങ്ങേറുന്നത്.