ജിഷയുടെ കൊലപാതകം: പ്രതിയെന്ന് കരുതുന്നയാള്‍ കണ്ണൂരില്‍ പിടിയില്‍

Posted on: May 3, 2016 10:00 pm | Last updated: May 4, 2016 at 9:24 am

JISHA

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് കരുതുന്നയാള്‍ കണ്ണൂരില്‍ പിടിയില്‍. ജിഷയുടെ അയല്‍വാസിയാണ് പിടിയിലായത്. സംഭവം നടന്നതിന് ശേഷം ഇയാളെ കാണാനില്ലായിരുന്നു. കണ്ണൂരിലെ ഒരു ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. എന്നാല്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കൃത്യം ചെയ്തത് ഒരാള്‍ മാത്രമാണെന്ന് ഐജി മഹിപാല്‍ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍മാത്രമേ വ്യക്തത ലഭിക്കൂവെന്നും ഐജി പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മുന്‍ നൃത്താധ്യാപകനും ജിഷ മുമ്പ് ജോലിചെയ്തിരുന്ന ആസ്പത്രിയിലെ ജീവനക്കാരനുമാണ് കസ്റ്റഡിയിലുള്ള രണ്ടുപേര്‍. അയല്‍വാസിയായ സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നകാര്യം വ്യക്തമല്ലെന്ന് ഐജി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ ഒറ്റമുറിവീട്ടില്‍ ജിഷ കൊലചെയ്യപ്പെട്ടത്. ജിഷ കൊല്ലപ്പെടുമ്പോള്‍ അമ്മ ജോലിക്ക് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജിഷയുടെ സഹോദരിയും സംശയിക്കുന്നു. ജിഷ കൊല്ലപ്പെട്ടതു ക്രൂരമായ പീഡനത്തിന് ഇരയായ ശേഷമെന്നു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവതിയുടെ മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിച്ചതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ഇരുമ്പുദണ്ഡുകൊണ്ടു തലക്ക് പിന്നിലും മുഖത്തും മാരകമായി അടിയേറ്റിട്ടുണ്ട്. അടിയുടെ ആഘാതത്തില്‍ മൂക്കു തകര്‍ന്നു. ഇരുമ്പുദണ്ഡ് പോലീസ് കണ്ടെടുത്തു. ഷാള്‍ ഉപയോഗിച്ചു മുറുക്കിയശേഷം കഴുത്തില്‍ കത്തി ഉപയോഗിച്ചു കുത്തിയിട്ടുണ്ട്. ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമം നടന്നതെന്നാണു പോലീസിന്റെ നിഗമനം.

ജിഷയും അമ്മ രാജേശ്വരിയുമാണു വീട്ടില്‍ താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടുജോലികള്‍ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. സംഭവ ദിവസം രാജേശ്വരി ജോലി കഴിഞ്ഞ് വൈകിയാണ് വീട്ടിലെത്തിയത്. പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ കഴിഞ്ഞിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടക്കാലി ചെറുകുന്നം ഭാഗത്ത് മാറിത്താമസിക്കുകയാണ്. അതേ സമയം സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കേസ് മധ്യമേഖല ഐജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.