പണമൊഴുക്കി കാലുറപ്പിക്കാന്‍ എ ഐ എ ഡി എം കെ

Posted on: May 3, 2016 9:29 am | Last updated: May 3, 2016 at 9:29 am

തൊടുപുഴ: കേരളത്തില്‍ കാലുറപ്പിക്കാന്‍ അണ്ണാ ഡി എം കെ പയറ്റുന്നത് ദിവസക്കൂലി അടക്കമുളള തന്ത്രങ്ങള്‍. കുമളി റോസാപ്പൂകണ്ടം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മുല്ലപ്പെരിയാര്‍ മുഖ്യവിഷയമാക്കിയും കേരളത്തില്‍ താമസിച്ച് തമിഴ്‌നാടിന്റെ ആനുകൂല്യം പറ്റിയവരും വിദ്യാഭ്യാസം നേടിയവരും അണ്ണാ ഡി എം കെ സ്ഥാനാര്‍ഥി വിജയിക്കാതെ വന്നാല്‍ തിരികെ നല്‍കേണ്ടി വരും എന്ന ഭീഷണി മുഴക്കിയുമാണ് തമിഴരെ വിരട്ടുന്നത്. റോസാപ്പൂകണ്ടം കേന്ദ്രീകരിച്ച് നടക്കുന്ന അണ്ണാ ഡി എം കെയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് 200 മുതല്‍ 500 രൂപ വരെ കൂലി നല്‍കിയതായി പറയപ്പെടുന്നു. അംഗത്വത്തിനൊപ്പം പണവും നല്‍കിയതായും ആരോപണമുണ്ട്.
തമിഴ്‌നാട്ടില്‍ കുറഞ്ഞ വിലക്ക് വിതരണം ചെയുന്ന അരി യാതൊരു തടസ്സവും കൂടാതെയാണ് റോസാപ്പൂകണ്ടം ഊട് വഴിയിലൂടെ എത്തിച്ച് വിതരണം ചെയുന്നതെന്ന് ആരോപണമുണ്ട്. കുമളി ചെക്ക് പോസ്റ്റില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി തമിഴ്‌നാടിന്റെ അരിചെക്ക് പോസ്റ്റ് എന്ന് അറിയപ്പെടുന്ന പരിശോധന കേന്ദ്രത്തിന് സമീപത്ത് നിന്നും ആരംഭിക്കുന്ന ഊട് വഴിയിലൂടെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേരളത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിക്കപ്പെടുന്നു.
കുമളിയിലെ മറ്റ് പാര്‍ട്ടികളുടെ പ്രാദേശികനേതാക്കന്മാരെ വന്‍ തുക വാഗ്ദാനവും വാഹനവും സര്‍വ്വ ചെലവുകളും നല്‍കി കൂടെ കൂട്ടിയതായും പറയപ്പെടുന്നു. ഒരോ ദിവസവും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചിത തുകയും നല്‍കുന്നുണ്ട്.