Connect with us

National

നീറ്റ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ (നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ്) നടത്തണമെന്ന സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചില സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലെ മൂന്നംഗ ബഞ്ച് ഇന്ന് വാദം കേള്‍ക്കുക. ജമ്മു കശ്മീര്‍, ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളും കര്‍ണാടകയിലെ ചില സ്വകാര്യ മെഡിക്കല്‍ കോളജുകളുമാണ് ഹരജി നല്‍കിയത്. കേരളവും ഇക്കാര്യത്തില്‍ പുനഃപരിശോധനാ ഹരജി നല്‍കും. ഹരജികള്‍ ഇന്ന് ഉച്ചക്ക് സുപ്രിംകോടതി പരിഗണിക്കും.

അതേസമയം, സുപ്രീംകോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് പരിമിതികളുണ്ടെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു. ലോക്‌സഭയില്‍ ഇതുസംബന്ധിച്ച് കെ സി വേണുഗോപാല്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സമര്‍പ്പിച്ച ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബഞ്ചാണ് രണ്ട് ഘട്ടമായി നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് നടത്തി ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബഞ്ച് തന്നെയാണ് ഇന്ന് ഇതുസംബന്ധിച്ച ഹരജികളും പരിഗണിക്കുന്നത്. പ്രവേശനത്തിനും കൗണ്‍സിലിംഗിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിയമം പാര്‍ലിമെന്റ് പാസ്സാക്കുന്നതു വരെ ഇക്കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ കമ്മിറ്റിക്ക് സുപ്രീംകോടതി രൂപം നല്‍കിയിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, മുന്‍ സി എം ജി വിനോദ് റായി, ഡോക്ടര്‍ ശിവ സരിന്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നീറ്റിന്റെ ആദ്യഘട്ടം കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്.
രണ്ടാംഘട്ടം ജൂലൈ 24ന് നടക്കും. ജമ്മു കാശ്മീരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവും കര്‍ണാടകയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക്‌വേണ്ടി കെ കെ വേണുഗോപാലും ഇന്ന് സുപ്രിംകോടതിയില്‍ ഹാജരാകും. രാജ്യത്ത സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്ക് ഏകീകൃത പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി കഴിഞ്ഞ ഏപ്രില്‍ 29നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും, വിദ്യാര്‍ഥികളും നല്‍കിയ ഹരജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മെയ് ഒന്നിന് നീറ്റ് പരീക്ഷയുടെ ആദ്യഘട്ടം നടക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest