Connect with us

Kerala

വേനലവധിയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സ്‌കൂളും മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
എയ്ഡഡ്, അണ്‍ എയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം ബാധകമാണ്.
എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവരും ഇക്കാര്യം വ്യക്തിപരമായി ഉറപ്പുവരുത്തണമെന്നും മധ്യവേനലവധിക്ക് ശേഷം സാധാരണ തുറക്കുന്ന സമയത്തിന് മുമ്പായി ഒരുതരത്തിലുള്ള ക്ലാസുകളും സ്‌കൂളുകളില്‍ നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍ദേശം ലംഘിക്കപ്പെടുതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദികളായിരിക്കുമെന്നും കൂടാതെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നിയമ നടപടികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി, അംഗം കെ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടറും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറും സി ബി എസ് ഇ റീജ്യനല്‍ ഓഫീസര്‍ക്കും ഐ സി എസ് ഇ സ്ഥാപനങ്ങള്‍ക്കും മേല്‍ നടപടിക്കായി അയച്ചുകൊടുക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ ഈ മാസം ഒമ്പതിന് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

Latest