പെയ്ഡ് ന്യൂസിന്റെ വകഭേദങ്ങള്‍

Posted on: May 3, 2016 6:20 am | Last updated: May 2, 2016 at 11:26 pm

SIRAJ.......തിരഞ്ഞെടുപ്പിലെ ദുഷ്പ്രവണതകളിലൊന്നാണ് പണം നല്‍കി മാധ്യമങ്ങളില്‍ വാര്‍ത്തകല്‍ പ്രസിദ്ധീകരിപ്പിക്കുന്ന (പെയ്ഡ് ന്യൂസ്)രീതി. പരസ്യത്തിന് ലഭിക്കുന്നതിനേക്കാള്‍ വിശ്വാസ്യതയും സ്വീകാര്യതയും വാര്‍ത്തകള്‍ക്കുള്ളതിനാല്‍ മുഖ്യപ്രചാരണ മാര്‍ഗമായിക്കഴിഞ്ഞിട്ടുണ്ട് പെയ്ഡ് ന്യൂസുകള്‍. ഒരു പേജ് പരസ്യത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടിയ തുക ഒരു പേജ് വാര്‍ത്തക്ക് ലഭിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ക്കും ഇത് പഥ്യമായിട്ടുണ്ട്. 2010ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ സര്‍വകക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൊക്കൊള്ളാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. പെയ്ഡ് ന്യൂസ് നല്‍കിയതിന്റെ പേരില്‍ പലരുംനിയമ നടപടികള്‍ക്ക് വിധേയമായിട്ടുമുണ്ട്. രാഷ്ട്രീയക്കാര്‍ മാത്രമല്ല ഇവിടെ പ്രതികള്‍. അവരുടെ പണം വാങ്ങി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ ഉടമകളും കുറ്റവാളികളാണ്.
സ്വതന്ത്രവും നീതിപൂര്‍വകവുമായിരിക്കണം തിരഞ്ഞെടുപ്പുകള്‍. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ബാഹ്യപ്രേരണകളില്‍ നിന്ന് മുക്തമായി സ്വതന്ത്രമായി ചിന്തിച്ചു തീരുമാനമെടുക്കാനുള്ള അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷസ്വഭാവത്തിന് അനിവാര്യമാണ്. ഇതിനുള്ള അവസരം നിഷേധിക്കുകയാണ് പെയ്ഡ് ന്യൂസുകള്‍. തന്റെ വ്യക്തിത്വത്തെയും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചു യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറമുള്ളതും സത്യവിരുദ്ധവുമായ വാര്‍ത്തകളും വിശകലനങ്ങളുമാണ് ഇതിലൂടെ ജനങ്ങളുടെ മുമ്പിലെത്തിക്കുന്നത്. പൊതുജനത്തിന് മേല്‍ അനുചിതമായ ഇടപെടല്‍, സത്യം അറിയാനുള്ള അവകാശം നിഷേധിക്കല്‍, കൃത്യമായ അഭിപ്രായ രൂപവത്കരണത്തിന് സാധിക്കാതിരിക്കല്‍, തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ കവിഞ്ഞ പണമിറക്കല്‍, ജനാധിപത്യ മര്യാദകള്‍ ലംഘിച്ചുള്ള മത്സരങ്ങള്‍ക്ക് വഴിയൊരുക്കല്‍ തുടങ്ങി ഒട്ടേറെ ദോഷവശങ്ങള്‍ ഇതിനുണ്ട്.
നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയെങ്കിലും പെയ്ഡ് ന്യൂസ് പ്രവണതക്ക് ഇപ്പോഴും അറുതി വന്നിട്ടില്ല. നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ രൂപം മാറിയാണ് അത് പ്രത്യക്ഷപ്പെടുന്നതെന്ന് മാത്രം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചില പത്രങ്ങളുടെ പരസ്യ ചാര്‍ജില്‍ മാത്രം ഇതിനിടെ വരുത്തിയ ഭീമമായ വര്‍ധന ഈ ഗണത്തില്‍ പെട്ടതാണെന്നാണ് പ്രസ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസാരം പെയ്ഡ് ന്യൂസ് നിരീക്ഷിക്കാനായി പ്രസ് കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി അംഗങ്ങളായ ടി അമര്‍നാഥ്, സി കെ നായ്ക്ക് എന്നിവരാണ് ശനിയാഴ്ച ഈ സന്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെച്ചത്. പ്രചാരത്തില്‍ സംസ്ഥാനത്ത് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നതായി അവകാശപ്പെടുന്ന പത്രങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പരസ്യ നിരക്കില്‍ ഇരുനൂറും മുന്നൂറും ശതമാനം വര്‍ധന വരുത്തിയത്. ഭരണപക്ഷത്തെ അനുകൂലിക്കുന്ന ഈ രണ്ട് പത്രങ്ങള്‍ക്കല്ലാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതോ പ്രതിപക്ഷ ചായ്‌വുള്ളതോ സ്വതന്ത്ര നിലപാടുകളെടുക്കുന്നതോ ആയ മറ്റൊരു പത്രത്തിനും വര്‍ധന വരുത്തിയിട്ടില്ല. അനുകൂല വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള പ്രത്യുപകാരവും തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് വേണ്ടി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പ്രോത്സാഹനവുമായാണ് ഈ വര്‍ധനയെ വിലയിരുത്തുന്നത്. സാധാരണയില്‍ പത്രപ്രവര്‍ത്തകരെ സ്വാധീനിച്ചുള്ള പെയ്ഡ് ന്യൂസ് രീതിയാണ് കാണാറുള്ളത്. ഇതില്‍ നിന്ന് വ്യതിരിക്തമായി പത്രഉടമകളെ സ്വാധീനിക്കുന്ന രീതിയാണ് സര്‍ക്കാര്‍ ഇവിടെ പരീക്ഷിച്ചത്. മറ്റൊരു സംസ്ഥാനത്തും ഈ രീതി കണ്ടിട്ടില്ലെന്നും കേരളത്തിലാണ് ആദ്യമായി ഈ പ്രവണത അരങ്ങേറിയതെന്നും നിരീക്ഷക സംഘം പറയുകയുണ്ടായി. പെയ്ഡ് ന്യൂസിന് രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് പണം മുടക്കുന്നതെങ്കില്‍ പത്രങ്ങളുടെ പരസ്യ ചാര്‍ജിന് പൊതുഫണ്ടില്‍ നിന്നാണ് പണം നല്‍കുന്നതെന്നതിനാല്‍ സര്‍ക്കര്‍ നടപടി കൂടുതല്‍ അപകടകരമാണ്. നിരീക്ഷക സംഘം പ്രശ്‌നം അതീവ ഗൗരവത്തെടെ കാണുകയും പരസ്യ നിരക്ക് ഉയര്‍ത്തിയതിന് ശേഷം ഈ പത്രങ്ങളിലെ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ഭരണ അനുകൂല നിലപാട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
എന്ത് വേഷമണിഞ്ഞാലും പെയ്ഡ് ന്യൂസ് പ്രവണത അംഗീകരിക്കാനാകില്ല. അതിനെതിരെ ശക്തമായ നടപടി ആവശ്യമാണ്. വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന ഏര്‍പ്പാടാണിത്. മൂല്യങ്ങളില്‍ നിന്ന് അകന്ന ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ജനാധിപത്യ മര്യാദകളുടെയും സദാചാര സീമകളുടെയും ലംഘനം തങ്ങളുടേതായ ഒരു ശൈലി തന്നെയായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ അവരില്‍ നിന്ന് ഇത്തരം നെറികേടുകള്‍ മനസ്സിലാക്കാകുന്നതേയുള്ളു. എന്നാല്‍ ജനാധിപത്യ മൂല്യങ്ങളെയും ധാര്‍മികതയയെയും കുറിച്ചു നീട്ടിയെഴുതുകയും പ്രസംഗിക്കുകയും നിഷ്പക്ഷതയും സ്വതന്ത്ര വീക്ഷണവും അവകാശപ്പെടുകയും ചെയ്യുന്ന മാധ്യങ്ങളും പത്രപ്രവര്‍ത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാധീനത്തിന് വഴങ്ങി പെയ്ഡ്‌ന്യൂസിന് പിന്നാലെ പോകുന്നതാണ് വിരോധാഭാസം. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് അവകാശപ്പെടുന്ന മാധ്യമ ലോകത്തിന് തന്നെ അപമാനവും നാണക്കേടുമാണിത്.