യു ഡി എഫിന് ഒമ്പത് വിമതര്‍; പിന്മാറാതെ അപരരും

Posted on: May 2, 2016 7:48 pm | Last updated: May 9, 2016 at 12:28 pm

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ തിരഞ്ഞെടുപ്പിന്റെ അവസാനചിത്രം തെളിഞ്ഞു. 140 മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ഇവരില്‍ 109 വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടും. 1,647 പത്രികകളാണ് ആകെ ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍- 145. കുറവ് വയനാട് ജില്ലയിലും- 29. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 971 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലം പൂഞ്ഞാറാണ്.

എല്‍ ഡി എഫിനും യു ഡി എഫിനും വെല്ലുവിളിയായി വിമതരും അപരന്മാരും മത്സരരംഗത്തുണ്ട്. വിമതരെയും അപരന്മാരെയും പിന്തിരിപ്പിക്കാനുള്ള മുന്നണി നേതാക്കളുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഒമ്പത് മണ്ഡലങ്ങളില്‍ യു ഡി എഫിന് വിമതഭീഷണിയുണ്ട്. സിറ്റിംഗ് സീറ്റുകളായ ചെങ്ങന്നൂര്‍, അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ എന്നിവിടങ്ങളിലാണ് യു ഡി എഫ് പ്രധാനമായും വിമതശല്യം നേരിടുന്നത്. ഇവയില്‍ അഴീക്കോട് ഒഴികെയുള്ളവ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ശോഭനാ ജോര്‍ജാണ് സ്വതന്ത്രയായി മത്സരിക്കുന്നത്. കെ പി സി സി നേതൃത്വം ഏറെ ശ്രമിച്ചിട്ടും ശോഭനയെ മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാനായില്ല. കഴിഞ്ഞ തവണയും ശോഭന സ്വതന്ത്രയായി പത്രിക നല്‍കിയെങ്കിലും നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഇത്തവണയും അവഗണന നേരിട്ടതോടെയാണ് സ്വതന്ത്രയായി ശോഭന രംഗത്തുവന്നത്.

കണ്ണൂരില്‍ പാര്‍ട്ടിയില്‍ നിന്ന് അടുത്തിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോര്‍പറേഷന്‍ കൗണ്‍സിലറായ പി കെ രാഗേഷാണ് അഴീക്കോട് കെ എം ഷാജിക്കെതിരെ വിമതനായി മത്സരിക്കുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചായിരുന്നു രാഗേഷ് വിജയം നേടിയത്. കണ്ണൂരില്‍ സതീശന്‍ പാച്ചേനിക്കെതിരെ സത്താറും ഇരിക്കൂരില്‍ കെ സി ജോസഫിനെതിരെ ബിനോയി തോമസും വിമതരായി മത്സരിക്കും. കൊച്ചിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന് വെല്ലുവിളിയായി മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ ജെ ലീനസും ദേവികുളത്ത് എ കെ മണിക്കെതിരെ സി കെ ഗോവിന്ദനും വിമതരുടെ റോളിലുണ്ട്. പേരാവൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിനെതിരെ വിമതനായി കര്‍ഷക കോണ്‍ഗ്രസ് നേതാവായ കെ ജെ ജോസഫാണ് മത്സരിക്കുക.

കുട്ടനാട്ടിലും ഏറ്റുമാനൂരിലും കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികള്‍ക്ക് വിമതര്‍ ഭീഷണിയായുണ്ട്.
അതേസമയം, കുന്നംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ്, യു ഡി എഫ് അപരന്മാര്‍ പത്രികകള്‍ പിന്‍വലിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി സി പി ജോണിനെതിരെ ജോണ്‍ എന്നയാളും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ സി മൊയ്തീനെതിരെ സി പി മൊയ്തീനുമാണ് പത്രിക നല്‍കിയിരുന്നത്. കഴിഞ്ഞ തവണ കുന്നംകുളത്ത് അപരന്‍ എണ്ണൂറിലേറെ വോട്ട് പിടിച്ചതിനെ തുടര്‍ന്നാണ് സി പി ജോണ്‍ 427 വോട്ടിന് തോറ്റത്. പത്തനാപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ജഗദീഷിന്റെ അപരന്‍ പത്രിക പിന്‍വലിച്ചു. മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമെ മറ്റു പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും അപരന്മാര്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ശക്തമായ മത്സസരം നടക്കുന്ന വടകരയില്‍ ആര്‍ എം പിയുടെ കെ കെ രമക്കെതിരെ അതേപേരില്‍ രണ്ട് അപരര്‍ രംഗത്തുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിനും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിനും അപര സ്ഥാനാര്‍ഥികളുണ്ട്. തിരുവനന്തപുരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആന്റണി രാജുവിനും യു ഡി എഫിലെ വി എസ് ശിവകുമാറിനും അപരന്മാര്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അരുവിക്കരയില്‍ യു ഡി എഫിലെ കെ എസ് ശബരിനാഥിനും എല്‍ ഡി എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റശീദിനും അപരന്മാരുണ്ട്.

നെടുമങ്ങാട് എല്‍ ഡി എഫ് നേതാവ് സി ദിവാകരന് ഇതേപേരില്‍ അപരനുണ്ട്. എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം അനില്‍കുമാറിന് രണ്ട് അപരന്മാരുണ്ട്. തവനൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ കെ ടി ജലീലിന് മൂന്ന് അപരന്മാരുണ്ട്. ഉദുമ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കുഞ്ഞിരാമന്‍, യു ഡി എഫിലെ കെ സുധാകരന്‍ എന്നിവര്‍ക്ക് ഇതേപേരില്‍ അപര സ്ഥാനാര്‍ഥികളുണ്ട്. അഴീക്കോട് യു ഡി എഫ് സ്ഥാനാര്‍ഥി കെ എം ഷാജിക്കും കൂത്തുപറമ്പില്‍ മന്ത്രി കെ പി മോഹനനും അപരനുണ്ട്.