ലൈവ് ടിവിയും വൈ ഫൈയുമായി ബജറ്റ് വിമാനങ്ങള്‍ രംഗത്തു വരുന്നു

Posted on: May 2, 2016 6:24 pm | Last updated: May 2, 2016 at 6:29 pm

live flightദോഹ: അത്യാധുനിക ഇന്‍ ഫ്‌ളൈറ്റ് സേവനങ്ങളൊരുക്കി വ്യോമയാന രംഗത്ത് കിടമത്സരമൊരുക്കാന്‍ ബജറ്റ് വിമാനങ്ങളും രംഗത്തു വരുന്നു. വിമാനത്തില്‍ വൈ ഫൈ, ലൈവ് ടി വി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഗള്‍ഫിലെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ ദുബൈ ആണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

ഫ്‌ളൈ ദുബൈ ഏതാനും വിമാനങ്ങളാലാണ് സീറ്റ് ബാക്ക് ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം സജ്ജമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നിലവില്‍ വന്ന സൗകര്യം വൈകാതെ എല്ലാ വിമാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്താക്കി. യാത്രക്കാര്‍ക്ക് നാലു ഡോളര്‍ നിരക്കിലാണ് സേവനം നല്‍കുക. സ്വന്തം ഡിവൈസില്‍ സേവനം ലഭിക്കാന്‍ എട്ടു ഡോളര്‍ നല്‍കണം. ഗ്ലോബല്‍ ഈഗിളുമായി സഹകരിച്ചാണ് വിമാനത്തിലെ വിനോദ പരിപാടികള്‍ ഫ്‌ളൈ ദുബൈ ഒരുക്കുന്നത്. 2,000 മണിക്കൂര്‍ പരിപാടികളാണ് വിമാനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ലൈവ് ടി വിയും ലഭിക്കും.

യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനു വേണ്ടിയാണ് സൗകര്യങ്ങള്‍ സജ്ജമാക്കുന്നതെന്ന് ഫ്‌ളൈ ദുബൈ മാനേജ്‌മെന്റ് പറയുന്നു. അതേസമയം, കൂടുതല്‍ സേവനങ്ങള്‍ നല്‍കി ഗള്‍ഫ് വിമാനങ്ങള്‍ക്കിടയില്‍ മത്സരം മുറുകുകയാണ്. ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രക്കാരെ എല്ലാ രാജ്യങ്ങളില്‍നിന്നും സ്വീകരിക്കുന്നതിനുള്ള ബിസിനസ് തന്ത്രങ്ങളാണ് കമ്പനികള്‍ പയറ്റുന്നത്. കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങിയ ബജറ്റ് വിമാനങ്ങളും ഇത്തിഹാദ്, എമിറേറ്റ്‌സ്, ഗള്‍ഫ് എയര്‍ തുടങ്ങിയ കൊമേഴ്‌സ്യല്‍ വിമാനങ്ങളും മത്സരിരിച്ചാണ് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് യാത്രക്കാരെ എടുക്കുന്നത്.

ഗള്‍ഫ് എയര്‍പോര്‍ട്ടുകളിലെ സൗകര്യങ്ങളും കണക്ഷന്‍ യാത്രക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടതില്ലാത്ത സമയക്രമീകരണവും ഇപ്പോള്‍ യാത്രക്കാരെ കണക്ഷന്‍ വിമാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. നിരക്കിലെ ഇളവാണ് യാത്രക്കാര്‍ പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും യാത്രക്കാര്‍ വിമാനം തിരഞ്ഞെടുക്കാന്‍ കാരണങ്ങളായി മാറുന്നു. ഖത്വര്‍ എയര്‍വേയ്‌സും നേരത്തേ മികച്ച ഇന്‍ഫ്‌ളൈറ്റ് സൗകര്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.