ജിഷ കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ ക്രൂരമര്‍ദനമേറ്റ്

Posted on: May 2, 2016 12:14 pm | Last updated: May 3, 2016 at 10:15 am

 

JISHAപെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ ദളിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം ബലാത്സംഗ ശ്രമത്തിനിടെ ക്രൂരമായി മര്‍ദനമെമേറ്റാണെന്ന് പോലീസ്. യുവതിയുടെ ദേഹത്ത് മുപ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ജിഷയുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ട് മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞ വ്യഴാഴ്ച രാത്രി എട്ടോടെയാണ് കുറുപ്പംപടിയിലെ വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ (30) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെയാണ് പരുക്കുകളുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്. ജിഷയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

രണ്ട് സെന്റ് പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് ജിഷയും മാതാവ് രാജേശ്വരിയും താമസിക്കുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടുജോലികള്‍ക്കു പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പരിസരവാസികളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഇവര്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്.
ഡല്‍ഹി നിര്‍ഭയ മോഡലില്‍ അതിക്രൂരമായ കൊലപാതകം നടന്നിട്ടും സംഭവം നടന്ന അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് ഉണര്‍ന്നത്. സംഭവം നിസ്സാരവത്കരിക്കാന്‍ പോലീസ് ശ്രമിച്ചത് പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അന്വേഷണത്തിന് ഗൗരവമുണ്ടായത്.

JISHA HOME
ജിഷയുടെ ഒറ്റമുറി വീട്‌