കെനിയയില്‍ 105 ടണ്‍ ആനക്കൊമ്പ് കത്തിച്ചു

Posted on: May 1, 2016 11:41 am | Last updated: May 2, 2016 at 9:52 am

elephantനെയ്‌റോബി: കെനിയയില്‍ വേട്ടക്കാരില്‍ നിന്ന് പിടിച്ചെടുത്ത 105 ടണ്‍ ആനക്കൊമ്പ് കത്തിച്ചു. ദേശീയപാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ 11 ചിതകളിലാണ് ഇവ കത്തിച്ചത്. കെനിയ പ്രസിഡണ്ട് ഉഹ്രു കെനിയാട്ട ആദ്യ ചിതക്ക് തീകൊളുത്തി. ആനയെ സംരക്ഷിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്ന് തെളിയിക്കുകയാണ് ഈ നടപടിയിലൂടെയെന്ന് ഉഹ്രു കെനിയാട്ട പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആനവേട്ടയും ആനക്കൊമ്പ് വില്‍പനയും പൂര്‍ണമായി നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആനകളില്ലാതെ ആഫ്രിക്കക്കാര്‍ ആഫ്രിക്കക്കാരാകില്ല. ആഫ്രിക്കയുടെ സംസ്‌കാരിക പൈതൃകമാണ് ആനകളെന്നും അവ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും കെനിയാട്ട പറഞ്ഞു.

കെനിയയിലെ ഏറ്റവും വലിയ ആനക്കൊമ്പ് നശീകരണമായിരുന്നു വെള്ളിയാഴ്ച നടന്നത്. 6,700 ആനകളുടെ കൊമ്പുകളും അലങ്കാര വസ്തുക്കളുമാണ് നശിപ്പിക്കപ്പെട്ടത്. ഇതോടൊപ്പം 1.35 ടണ്‍ കണ്ടാമൃഗക്കൊമ്പുകളും നശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

ആഫ്രിക്കയില്‍ വര്‍ഷംതോറും 30,000 ആനകളെ കൊമ്പിനായി വേട്ടയാടുന്നതായാണ് കണക്ക്. ഏഷ്യയിലെ ആനക്കൊമ്പ് ശില്‍പനിര്‍മാണ മേഖലയിലേക്കാണ് ഇവ എത്തുന്നത്.