ബയേണിന്റെ വലയില്‍ അത്‌ലറ്റിക്കോയുടെ ‘മെസി’ ഗോള്‍

Posted on: April 29, 2016 5:27 am | Last updated: April 29, 2016 at 9:29 am
SHARE
അത്‌ലറ്റിക്കോയടെ വിജയഗോള്‍ നേടിയ സൗള്‍ നിഗ്വുസിന്റെ ആഹ്ലാദംഅത്‌ലറ്റിക്കോയടെ വിജയഗോള്‍ നേടിയ സൗള്‍ നിഗ്വുസിന്റെ ആഹ്ലാദം
അത്‌ലറ്റിക്കോയടെ വിജയഗോള്‍ നേടിയ സൗള്‍ നിഗ്വുസിന്റെ ആഹ്ലാദംഅത്‌ലറ്റിക്കോയടെ വിജയഗോള്‍ നേടിയ സൗള്‍ നിഗ്വുസിന്റെ ആഹ്ലാദം

മാഡ്രിഡ്: ലയണല്‍ മെസിയെ അനുസ്മരിപ്പിക്കും വിധം സൗള്‍ നിഗ്വുസ് നേടിയ മനോഹരമായ ഗോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി (1-0). അത്‌ലറ്റിക്കോയുടെ തട്ടകമായ വിസെന്റെ കാല്‍ഡെറോണ്‍ സ്റ്റേഡിയത്തില്‍ പതിനൊന്നാം മിനുട്ടിലായിരുന്നു ഇരുപത്തൊന്നുകാരന്റെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്.
മധ്യനിരയില്‍ നിന്ന് പന്തുമായി വെട്ടിത്തിരിഞ്ഞ നിഗ്വുസ് മൂന്ന് പ്രതിരോധ നിരക്കാരെ (തിയഗോ അല്‍കന്റാര -യുവാന്‍ ബെര്‍നറ്റ്- സാബി അലോണ്‍സോ) ഡ്രിബ്ലിള്‍ ചെയ്ത്, ബോക്‌സിനുള്ളില്‍ ഒട്ടും താമസിപ്പിക്കാതെ ഇടത് കാല്‍ കൊണ്ട് ദുര്‍ബലമായ അതേ സമയം അളന്ന് തൂക്കിയ ചെത്തിയിടലില്‍ പന്ത് വലക്കുള്ളില്‍ കയറി. പ്രത്യാക്രമണത്തില്‍ മാത്രം വിശ്വസിച്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബയേണ്‍ മ്യൂണിക്കിനായിരുന്നു ബോള്‍ പൊസഷന്‍.
രണ്ടാം പകുതിയിലാണ് ബയേണ്‍ കുറേക്കൂടി സുസംഘടിതമായി കളിച്ചത്. അലാബയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതുള്‍പ്പടെ ഏതാനും മികച്ച അവസരങ്ങളില്‍ ബയേണിന് ഗോള്‍ സാധ്യമായില്ല. അത്‌ലറ്റിക്കോക്കും ചെറിയ ദൗര്‍ഭാഗ്യമുണ്ടായിരുന്നു. എഴുപത്തഞ്ചാം മിനുട്ടില്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള ടോറസിന്റെ ശ്രമം പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.
2013 ല്‍ യുപ് ഹെയിന്‍കസിന്റെ പരിശീലക മികവില്‍ ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരായിരുന്നു. അതിന് ശേഷമാണ് ബയേണില്‍ പെപ് ഗോര്‍ഡിയോള യുഗം ആരംഭിച്ചത്.
ആഭ്യന്തര കിരീടങ്ങള്‍ നിലനിര്‍ത്തി ബയേണ്‍ കരുത്തറിയിച്ചെങ്കിലും ഗോര്‍ഡിയോളക്ക് കീഴില്‍ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തുവാന്‍ സാധിച്ചിട്ടില്ല. തുടരെ അഞ്ചാം സീസണിലും ബയേണ്‍ സെമിഫൈനലിലെത്തി. കഴിഞ്ഞ രണ്ട് സീസണിലും ബയേണിന്റെ ഫൈനല്‍ പ്രവേശം തടഞ്ഞത് സ്പാനിഷ് ക്ലബ്ബുകളാണ്. 2014 ല്‍ റയല്‍മാഡ്രിഡും 2015 ല്‍ ബാഴ്‌സലോണയും. 2016 ല്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ആകുമോ എന്ന ഭയാശങ്ക ജര്‍മന്‍ ക്ലബ്ബിനെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരാജയപ്പെട്ട അത്‌ലറ്റിക്കോ മാഡ്രിഡ് ഇത്തവണ ചരിത്രം തിരുത്താനുള്ള പുറപ്പാടിലാണ്.
സ്‌പെയിന്‍ അണ്ടര്‍ 21 മിഡ്ഫീല്‍ഡര്‍ സൗള്‍ നിഗ്വുസിനെ ആദ്യ ഇലവനില്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടു വന്ന കോച്ച് ഡിയഗോ സിമിയോണിയുടെ ദീര്‍ഘവീക്ഷണത്തിനുള്ള ഫലമായിരുന്നു ബയേണിനെതിരെയുള്ള വിജയഗോള്‍.
ഈ സീസണില്‍ അത്‌ലറ്റിക്കോയുടെ മധ്യനിര കളിക്കാരില്‍ ഒമ്പത് ഗോളുകള്‍ നേടിയ സൗള്‍ മറ്റാരെക്കാളും മുന്നില്‍ നില്‍ക്കുന്നു. സൗള്‍ അടുത്ത മെസിയാണെന്ന രീതിയില്‍ സംസാരം ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍, സൗളിനെ മെസിയോട് ഉപമിക്കരുതെന്ന് ബയേണ്‍ കോച്ച് പെപ് ഗോര്‍ഡിയോള പറഞ്ഞു. ലോകഫുട്‌ബോളില്‍ മെസിയുടെ സ്ഥാനം ഏറെ ഉയരങ്ങളിലാണ്.
സൗള്‍ ആരംഭിച്ചിട്ടേയുള്ളൂ – ഗോര്‍ഡിയോള പറഞ്ഞു. ഇതിനിടെ, ബയേണിന്റെ ആദ്യ ഇലവനില്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറെ ഉള്‍പ്പെടുത്താതിരുന്ന ഗോര്‍ഡിയോളയുടെ നടപടി വിമര്‍ശിക്കപ്പെട്ടു.
ജര്‍മന്‍ മാധ്യമങ്ങള്‍ ഇത് ഗോര്‍ഡിയോളക്ക് സംഭവിച്ച പിഴവായിട്ടാണ് വിലയിരുത്തിയത്. ബാഴ്‌സക്ക് മെസി എന്ന പോലെയാണ് ബയേണിന് മുള്ളര്‍ എന്ന് ബയേണിന്‍ മുന്‍ കോച്ച് ഓട്മര്‍ ഹിറ്റ്‌സ്ഫീല്‍ഡ് പറഞ്ഞു. എഴുപതാം മിനുട്ടിലായിരുന്നു മുള്ളര്‍ക്ക് അവസരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here